
പാണ്ഡ്യ റിട്ടേണ്‍സ്
പരിക്ക് ഭേദമായി ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ ടീമില്‍ തിരിച്ചെത്തിയത് മൂന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ഏഷ്യാ കപ്പിനിടെ പരിക്കേറ്റു വിശ്രമത്തിലായിരുന്ന പാണ്ഡ്യ ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച് ഫിറ്റ്‌നസ് തെളിയിച്ച ശേഷമാണ് ഓസീസിനെതിരായ അവസാന രണ്ടു ടെസ്റ്റുകള്‍ക്കുള്ള ടീമില്‍ പാണ്ഡ്യയെ ഉള്‍പ്പെടുത്തിയത്.
ഹനുമാ വിഹാരിക്കു പകരം മൂന്നാം ടെസ്റ്റില്‍ പാണ്ഡ്യ ഇന്ത്യയുടെ പ്ലെയിങ് ഇലവനിലെത്തുമെന്നാണ് വിവരം. മികച്ച ഫോമില്‍ പന്തെറിയുന്ന ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ എന്നിവര്‍ക്കൊപ്പം പാണ്ഡ്യ കൂടി ചേരുന്നതോടെ മെല്‍ബണില്‍ ഇന്ത്യന്‍ ബൗളിങിന്റെ മൂര്‍ച്ച കൂടും. കൂടാതെ ബാറ്റിങിലും നിര്‍ണായക സംഭാവന നല്‍കാന്‍ ശേഷിയുള്ള താരമാണ് പാണ്ഡ്യ.

അശ്വിന്റെ തിരിച്ചുവരവ്
പരിക്കിനെ തുടര്‍ന്ന് പരിചയസമ്പന്നനായ സ്പിന്നര്‍ ആര്‍ അശ്വിനില്ലാതെയാണ് ഇന്ത്യ രണ്ടാം ടെസ്റ്റില്‍ കളിച്ചത്. ഇത് ഇന്ത്യക്കു തിരിച്ചടിയാവുകയും ചെയ്തു. സ്പിന്നറില്ലാതെ നാലു പേസര്‍മാരെ ഉള്‍പ്പെടുത്തിയുള്ള ഇന്ത്യയുടെ ബൗളിങ് ആക്രമണം പ്രതീക്ഷിച്ചതു പോലെ ക്ലിക്കായതുമില്ല. പരിക്ക് ഭേദമായി മെല്‍ബണ്‍ ടെസ്റ്റില്‍ അശ്വിന്‍ തിരിച്ചുവരുന്നത് ഇന്ത്യയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. ബൗളിങില്‍ മാത്രമല്ല ബാറ്റിങിലും തിളങ്ങാന്‍ മിടുക്കനായ താരമാണ് അദ്ദേഹം.
പെര്‍ത്ത് ടെസ്റ്റില്‍ ഇന്ത്യന്‍ വാലറ്റനിരയുടെ പ്രകടനം ദയനീയമായിരുന്നു. മറുഭാഗത്ത് ഓസീസ് വാലറ്റനിര രണ്ടിന്നിങ്‌സിലും നല്ല പോരാട്ടവീര്യമാണ് നടത്തിയത്. വാലറ്റത്തിലെ ഈ പോരായ്മ അശ്വിന്റെ വരവോടെ മെല്‍ബണില്‍ ഇന്ത്യക്കു കഴിയുകയും ചെയ്യും.

കോലിയുടെ വിജയദാഹം
ക്യാപ്റ്റന്‍ വിരാട് കോലിയുടെ അടങ്ങാത്ത വിജയതൃഷ്ണയാണ് മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്കു മുതല്‍ക്കൂട്ടാവുന്ന മറ്റൊരു ഘടകം. രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ഗംഭീര പ്രകടനമാണ് അദ്ദേഹം നടത്തിയത്. ഒരു ഘട്ടത്തില്‍ ടീം തകര്‍ച്ചയിലേക്കു വീഴുമെന്ന് തോന്നിച്ചെങ്കിലും ഉജ്ജ്വല സെഞ്ച്വറിയിലൂടെ കോലി ഓസീസുമായുള്ള ഇന്ത്യയുടെ അകലം കുറയ്ക്കുകയായിരുന്നു.
മെല്‍ബണ്‍ ടെസ്റ്റിലും കോലിയില്‍ നിന്നും സമാനമായ പ്രകടനങ്ങള്‍ തന്നെ ഉണ്ടാവുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ഇന്ത്യ. മറുഭാഗത്ത് ബാറ്റിങില്‍ ഓസീസിന് വിശ്വസിക്കാവുന്ന ഒരു താരം പോലുമില്ല. വ്യത്യസ്ത താരങ്ങളാണ് ഓരോ ഇന്നിങ്‌സിലും ഓസീസിന് തുണയായത്.


Click it and Unblock the Notifications












