റാഞ്ചി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ ജയിച്ചതിന് പിന്നാലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയെ പുകഴ്ത്തി മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ നയന്‍ മോംഗിയ. ധോണി നിലവില്‍ ലോകത്തെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പറാണെന്നും അടുത്ത ടി20 ലോകകപ്പുവരെ ഇന്ത്യയെ ധോണി നയിക്കണമെന്നും മോംഗിയ വ്യക്തമാക്കി.
ആദ്യ ഏകദിന മത്സരത്തില്‍ മെല്ലെപ്പോക്ക് ബാറ്റിങ്ങിലൂടെ ഇന്ത്യയെ തോല്‍വിയിലേക്ക് തള്ളിവിട്ട ധോണിക്കെതിരെ ക്രിക്കറ്റ് ലോകത്തുനിന്നും രൂക്ഷ വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവന്നത്. എന്നാല്‍, തൊട്ടടുത്ത മത്സരത്തില്‍ നിര്‍ണായക സമയത്ത് 92 റണ്‍സെടുക്കുകയും വിക്കറ്റിന് പിന്നില്‍ നാല് ഇരകളെ കണ്ടെത്തുകയും ചെയ്താണ് ധോണി വിമര്‍ശകര്‍ക്ക് മറുപടി നല്‍കിയത്.

ധോണി മികച്ച ക്രിക്കറ്റ് താരമാണെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചതായി മോംഗിയ പറഞ്ഞു. ടീം മോശം പ്രകടനം കാഴ്ചവെക്കുമ്പോള്‍ മുന്നില്‍ നിന്ന് നയിച്ച് ടീമിനെ വിജയത്തിലേക്ക് എത്തിക്കുന്നയാളാണ് യഥാര്‍ഥ ക്യാപ്റ്റന്‍. ധോണി അതിന് പ്രാപ്തനാണ്. 50ന് മേലെയാണ് ധോണിയുടെ ബാറ്റിങ് ആവറേജ് എന്നും മോംഗിയ ചൂണ്ടിക്കാട്ടുന്നു.
ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ മികച്ച ഉത്തരവാദിത്വത്തോടെയാണ് ധോണി കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ബാറ്റ് ചെയ്യുന്നത്. ധോണിയെ എന്തിനാണ് വിമര്‍ശിക്കുന്നതെന്ന് തനിക്ക് മനസിലാകുന്നില്ല. ആദം ഗില്‍ക്രിസ്റ്റിന്റെ വിടവാങ്ങലിനുശേഷം ലോകം കണ്ട മികച്ച വിക്കറ്റ് കീപ്പര്‍ ആണ് ധോണി. ധോണിയേക്കാള്‍ മികച്ച ഒരാളെ തനിക്ക് ആ സ്ഥാനത്ത് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും മോംഗിയ കൂട്ടിച്ചേര്‍ത്തു.