ദേശീയ വോളി: കേരള വനിതകള്‍ ഫൈനലില്‍, പുരുഷ സെമി ഇന്ന്
കോഴിക്കോട്: തമിഴ്‌നാടിനെ സെമിയില്‍ തകര്‍ത്ത് കേരള വനിതകള്‍ ദേശീയ സീനിയര്‍ വോളിബോള്‍ ചാംപ്യന്‍ഷിപ്പില്‍ ഫൈനലിലേക്ക് കടന്നു. പുരുഷ വിഭാഗത്തില്‍ സര്‍വിസസിനെ തളച്ച റെയ്ല്‍വേയും ഫൈനലിലേക്ക് പ്രവേശനം നേടി. ഇന്നു നടക്കുന്ന റെയ്ല്‍വേ-മഹാരാഷ്ട്ര സെമിഫൈനലിലെ വിജയികളായിരിക്കും കേരള വനിതകളുടെ എതിരാളികള്‍. കേരളം-തമിഴ്‌നാട് സെമി ഫൈനലിലെ വിജയികള്‍ പുരുഷ വിഭാഗം ഫൈനലില്‍ റെയ്ല്‍വേയെ നേരിടും.
തമിഴ്‌നാടിനെ 25-14, 25-17, 25-21 സ്‌കോറില്‍ പരാജയപ്പെടുത്തിയതോടെ കേരള വനിതകള്‍ കടന്നത് തുടര്‍ച്ചയായ 10ാം ഫൈനലിലാണ്. ഏകപക്ഷീയമായി നടന്ന മത്സരത്തില്‍ അവസാന സെറ്റിലാണ് തമിഴ്‌നാട് കുറെയെങ്കിലും കേരളത്തിന് ഭീഷണികള്‍ ഉയര്‍ത്തിയത്. ക്യാപ്റ്റന്‍ അഞ്ജു മോളും എസ്. രേഖയും മികച്ച പ്രകടനം കാഴ്ചവെച്ചു. രണ്ടാം സെറ്റില്‍ എം. ശ്രുതിക്കു പകരം കെ.പി അനുശ്രീ കളത്തിലിറങ്ങി. തമിഴ്‌നാട് ടീമില്‍ എസ്. സംഗീതയും ഉത്കര്‍ഷയും മികച്ച പ്രകടനം നടത്തി.

25-17, 34-32, 25-14 എന്ന സ്‌കോറിനാണ് റെയ്ല്‍വേ, പട്ടാളക്കാരെ പരാജയപ്പെടുത്തി ഫൈനല്‍ ബര്‍ത്ത് നേടിയത്. റെയ്ല്‍വേയ്‌ക്കെതിരെ സര്‍വിസസ് മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും വിജയിക്കാനായില്ല. മലയാളിയും ക്യാപ്റ്റനുമായ മനു ജോസഫിന്റെ പല സ്മാഷുകളും സര്‍വിസസ് ബ്ലോക്കര്‍മാര്‍ തടുത്തിട്ടപ്പോള്‍ അന്താരാഷ്ട്ര താരം പ്രഭാകരന്റെ സ്മാഷുകള്‍ സര്‍വിസസ് കോര്‍ട്ടില്‍ മിന്നി. തന്ത്രപരമായ പ്ലെയ്‌സിങ്ങുകളും പ്രഭാകരന്റെ പ്രകടനത്തിന് മാറ്റുകൂട്ടി. ഇടംകൈയന്‍ നവീന്‍കുമാറും അനൂപ് സിങും മലയാളി താരം കിരണ്‍ രാജും സര്‍വിസസിന്റെ ഭാഗത്തും സജീവമായി. ലീഗിലെ ഏറ്റവും നീണ്ട മത്സരമായിരുന്നു ഈ കളിയിലെ രണ്ടാം സെറ്റ്. 34-32നാണ് ഈ സെറ്റ് റെയ്ല്‍വേ സ്വന്തമാക്കിയത്. ആറു വട്ടം സെറ്റ് പോയിന്റിലെത്തിയിട്ടും മത്സരം പിടിച്ചെടുക്കാന്‍ സര്‍വിസസിനു കഴിഞ്ഞില്ല. ആരായിരിക്കും ഫൈനലില്‍ റെയ്ല്‍വേയുടെ എതിരാളികള്‍..? ഇന്ന് കേരളവും തമിഴനാടും തമ്മിലുള്ള സെമിയില്‍ അറിയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications