ദുബായ്: ആധുനിക ക്രിക്കറ്റില്‍ മികച്ച ബാറ്റിങ്ങുകൊണ്ട് വിസ്മയിപ്പിക്കുന്ന രണ്ട് താരങ്ങളാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയും പാകിസ്താന്‍ നായകന്‍ ബാബര്‍ അസാമും. വിരാട് കോലി മൂന്ന് ഫോര്‍മാറ്റിലും 50ന് മുകളില്‍ ശരാശരിയില്‍ ബാറ്റുവീശുമ്പോള്‍ ബാബറും ഒട്ടും മോശമല്ല. ടി20 ഫോര്‍മാറ്റില്‍ കോലിയേക്കാള്‍ മികവും ബാബറിനുണ്ട്. ഇവരില്‍ ആരാണ് കേമനെന്നത് സംബന്ധിച്ച് വലിയ തര്‍ക്കമാണ് ആരാധകര്‍ തമ്മിലും ക്രിക്കറ്റ് വിദഗ്ധരും തമ്മില്‍ നടക്കുന്നത്. ഇപ്പോഴിതാ ഇന്ത്യന്‍ നായകന്റെ നിലവാരത്തിലേക്ക് ഉയരാന്‍ ബാബര്‍ അസാം എന്താണ് ചെയ്യേണ്ടതെന്ന് നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ നാസര്‍ ഹുസൈന്‍.
'സൂപ്പര്‍ ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണ് ബാബര്‍. വെള്ളബോള്‍ ക്രിക്കറ്റില്‍ മികച്ചവരില്‍ മുന്നില്‍ അവനുണ്ട്. ടി20 റാങ്കിങ്ങില്‍ അവനാണ് തലപ്പത്ത്,ഏകദിനത്തിലും മികച്ച റാങ്കുണ്ട്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ തരക്കേടില്ലാതെ കളിച്ചു. ഇംഗ്ലണ്ട് പോലൊരു മൈതാനത്ത് തരക്കേടില്ലാതെ അവന്‍ കളിച്ചു. വിരാട് കോലിയെപ്പോലെയാകാന്‍ ടെസ്റ്റില്‍ സ്ഥിരതയോടെ കളിക്കുകയാണ് വേണ്ടത്. കഴിഞ്ഞ 6-9 മാസമായി ഇത് നിലനിര്‍ത്താന്‍ ബാബറിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ ദീര്‍ഘനാള്‍ ഈ സ്ഥിരത നിലനിര്‍ത്തണം'-നാസര്‍ ഹുസൈന്‍ പറഞ്ഞു.

നിലവില്‍ പാകിസ്താന്‍ ടീമിന്റെ പരിമിത ഓവര്‍ ടീം നായകനാണ് ബാബര്‍ അസാം. ടെസ്റ്റില്‍ അസര്‍ അലിയാണ് ടീമിനെ നയിക്കുന്നത്. 29 ടെസ്റ്റില്‍ നിന്ന് 45.44 ശരാശരിയില്‍ 2045 റണ്‍സും 77 ഏകദിനത്തില്‍ നിന്ന് 55.94 ശരാശരിയില്‍ 3580 റണ്‍സും 41 ടി20യില്‍ നിന്ന് 49.94 ശരാശരിയില്‍ 1548 റണ്‍സും ബാബര്‍ നേടിയിട്ടുണ്ട്.ടെസ്റ്റില്‍ 5,ഏകദിനത്തില്‍ 12 സെഞ്ച്വറികളാണ് 26കരനായ ബാബറിന്റെ പേരിലുള്ളത്. അതേ സമയം കോലി 86 ടെസ്റ്റില്‍ നിന്ന് 53.63 ശരാശരിയില്‍ 7240 റണ്‍സും 248 ഏകദിനത്തില്‍ നിന്ന് 59.34 ശരാശരിയില്‍ 11867 റണ്‍സും 81 ടി20യില്‍ നിന്ന് 50.8 ശരാശരിയില്‍ 2794 റണ്‍സും കോലിയുടെ പേരിലുണ്ട്. 27 ടെസ്റ്റ് സെഞ്ച്വറിയും 43 ഏകദിന സെഞ്ച്വറിയും കോലിയുടെ പേരിലുണ്ട്. നിലവില്‍ ബാബര്‍ സിംബാബ് വെ പരമ്പരയിലും കോലി ഐപിഎല്ലിലും പങ്കെടുക്കുകയാണ്. ഐപിഎല്ലിന് ശേഷം കോലിക്ക് മുന്നിലുള്ളത് ഓസ്‌ട്രേലിയന്‍ പര്യടനമാണ്.
ബാബറിന്റെ ബാറ്റിങ് ശൈലി മനോഹരമാണെന്നും നാസര്‍ ഹുസൈന്‍ അഭിപ്രായപ്പെട്ടു. 'ബാബര്‍ മനോഹരമായ താരമാണ്. അവന്‍ എത്ര റണ്‍സെടുത്തുവെന്നതല്ല കാര്യം കാഴ്ചയ്ക്ക് മനോഹരമാകുന്ന അവന്റെ ബാറ്റിങ് ശൈലിയാണ് മനോഹരം. തെറ്റുകള്‍ വരുത്താതെ ഏറ്റവും മികച്ച ഇന്നിങ്‌സ് കാഴ്ചവെക്കാനാണ് അവന്‍ ശ്രമിക്കാറ്. സ്ഥിരതയോടെ ബാറ്റ് ചെയ്താല്‍ ഏത് മൈതാനത്തും റണ്‍സ് നേടാന്‍ നമുക്ക് സാധിക്കും'-നാസര്‍ ഹുസൈന്‍ പറഞ്ഞു.