ഇസ്ലാമാബാദ്: ഒത്തുകളി പിടികൂടിയതിനെ തുടര്‍ന്ന് പാക്കിസ്ഥാന് ക്രിക്കറ്റ് താരത്തെ 10 വര്‍ഷം ക്രിക്കറ്റില്‍നിന്നും വിലക്കി. മുന്‍ പാക് ദേശീയ ക്രിക്കറ്റ് താരം നസീര്‍ ജംഷാദിനാണ് വിലക്ക്. പാക്കിസ്ഥാന് സൂപ്പര്‍ ലീഗില്‍ വാതുവെപ്പുകാര്‍ക്കുവേണ്ടി ജെംഷാദ് ഒത്തുകളിച്ചെന്ന് തെളിഞ്ഞതോടെ ക്രിക്കറ്റിന്റെ ഇടപെടുന്നത് വിലക്കുകയായിരുന്നു.
2017ലെ പാകിസ്ഥാന് സൂപ്പര്‍ ലീഗിനിടെയാണ് താരം വാതുവയ്പ്പില്‍ പങ്കാളിയായത്. പിസിഎല്ലിന്റെ ആദ്യ രണ്ട് എഡിഷനുകളിലും ജംഷാദ് കളിച്ചിട്ടില്ല. എന്നാല്‍, വാതുവെപ്പുകാരുമായി ചേര്‍ന്ന് ഒത്തുകളിക്ക് അവസരമുണ്ടാക്കിയതില്‍ പ്രധാന പങ്കാളിയാണ് ജംഷാദ് എന്നാണ് കണ്ടെത്തല്‍. വാതുവെപ്പുകാരുമായി ചേര്‍ന്ന് താരം നാലു കളിക്കാരെ കണ്ടതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ക്രിക്കറ്റിന്റെ സംഘാടനം മുതല്‍ കളി വരെ ഒരു കാര്യത്തിനും ജംഷാദിന് പത്തുവര്‍ഷത്തേക്ക് ഇടപെടാന്‍ കഴിയില്ലെന്ന് പിസിബിയുടെ നിയമോപദേശകന് തഫാസുല് റിസ്വി പറഞ്ഞു. പാക്കിസ്ഥാനുവേണ്ടി 48 ഏകദിന മത്സരങ്ങളും രണ്ടു ടെസ്റ്റുകളും കളിച്ച താരത്തിന്റെ കരിയര്‍ ഇതോടെ അവസാനിക്കും.
2012-13 വര്‍ഷത്തില്‍ ഇന്ത്യയ്ക്കെതിരെ തുടരെ സെഞ്ച്വറി നേടി ശ്രദ്ധിക്കപ്പെട്ട താരമാണ് ജംഷാദ്. 2015 ലോകകപ്പിലാണ് താരം അവസാനമായി പാക്കിസ്ഥാനുവേണ്ടി കളിച്ചത്. അന്വേഷണ സംഘവുമായി സഹകരിക്കാത്തതിനെ തുടര്‍ന്ന് ജംഷാദിനെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു.