മെല്‍ബണ്‍: കൈ മടക്കി എറിയുന്നു എന്ന് കളിയാക്കി നോബോള്‍ വിളിച്ച് അപമാനിച്ച കംഗാരുക്കള്‍ മുത്തയ്യ മുരളീധരനെ തിരിച്ചുവിളിക്കുന്നു. അതും തങ്ങളുടെ സ്പിന്നര്‍മാരെ പരിശീലിപ്പിക്കാന്‍. നോക്കണേ വിധിയുടെ ഒരു വിളയാട്ടം. പാകിസ്താനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായിട്ടാണ് ഓസ്‌ട്രേലിയ മുത്തയ്യ മുരളീധരനെ സ്പിന്‍ ഉപദേഷ്ടാവായി നിയമിച്ചത്. ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇക്കാര്യം സ്ഥിരീകരിച്ചു.
മൂന്നോവറില്‍ ഏഴ് തവണയാണ് ഓസ്‌ട്രേലിയക്കാരനായ അംപയര്‍ ഡാരല്‍ ഹെയര്‍ മുരളീധരനെ നോ ബോള്‍ വിളിച്ചത്. അതും കൈ മടക്കി എറിയുന്നു എന്ന പേരില്‍. മാരകഫോമില്‍ മുരളി പന്തെറിഞ്ഞിരുന്ന തൊണ്ണൂറുകളുടെ രണ്ടാം പകുതിയിലായിരുന്നു വിവാദം. എന്നാല്‍ എല്ലാ പരീക്ഷണങ്ങളെയും അതിജീവിച്ച് മുരളി തിരിച്ചുവന്നു. ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ടെസ്റ്റ് ബൗളറായി.

സ്പിന്‍ മാന്ത്രികന്‍ ഷെയ്ന്‍ വോണിന്റെ എതിരാളി എന്നതായിരുന്നു ഓസ്‌ട്രേലിയക്കാര്‍ക്ക് മുരളിയോടുള്ള വിരോധം. ലോകം കണ്ട ഏറ്റവും മികച്ച സ്പിന്നര്‍മാരായിരുന്നു വോണും മുരളിയും. ഇപ്പോഴിതാ വോണിന്റെ നാട്ടില്‍ മുരളി സ്പിന്‍ പഠിപ്പിക്കാന്‍ പോകുന്നു. കോച്ച് ഡാരന്‍ ലേമാന്റെ പ്രത്യേക താല്‍പര്യമാണ് മുരളിയെ ഓസീ ക്യാംപിലെത്തിച്ചത്.
ഓസ്‌ട്രേലിയന്‍ സ്പിന്നര്‍മാരെ പരിശീലിപ്പിക്കുന്നതില്‍ ത്രില്ലടിച്ചിരിക്കുകയാണ് മുരളീധരനും. മികച്ച സ്പിന്നര്‍മാരുള്ള ടീമാണ് ഓസ്‌ട്രേലിയ എന്നാണ് മുരളി പറയുന്നത്. നഥാന്‍ ലിയോണാണ് ഓസ്‌ട്രേലിയന്‍ ടീമില്‍ മുരളിയുടെ ഇഷ്ട സ്പിന്നര്‍. ബൗളര്‍മാര്‍ക്ക് മാത്രമല്ല, സയീദ് അജ്മലിന്റെ സ്പിന്‍ ഭീഷണി ഒഴിവാക്കാന്‍ ഓസീ ബാറ്റ്‌സ്മാന്‍മാര്‍ക്കും മുരൡപ്രത്യേക പരിശീലനം നല്‍കും.