2026 ടി20 ലോകകപ്പിന്റെ സൂപ്പർ 8 പോരാട്ടത്തിൽ ഇന്ന് ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടുമ്പോൾ, വലിയ പ്രതീക്ഷകളാണ് ക്രിക്കറ്റ് ലോകം കാത്തുവെക്കുന്നത്. ടീം ഫോർമേഷനെക്കുറിച്ചും ഇന്ത്യയുടെ കളി രീതികളെക്കുറിച്ചും ഒരുപാട് ഊഹാപോഹങ്ങൾ നിലവിൽ വരുന്നുമുണ്ട്. എന്നാൽ, സഞ്ജു സാംസൺ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ കളിക്കില്ല എന്ന് ഇന്നലെ നടന്ന പത്രസമ്മേളനത്തിൽ സൂര്യകുമാർ വ്യക്തമാക്കിയിരുന്നു. അതിനിടിയിൽ, ഓൾറൗണ്ടർ അക്ഷർ പട്ടേൽ ടീമിലേക്ക് തിരിച്ചെത്തുമെന്ന് മുൻ താരം മുരളി കാർത്തിക് പറഞ്ഞു. നെതർലൻഡ്‌സിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിൽ അക്ഷറിന് വിശ്രമം നൽകിയിരുന്നു. എന്നാൽ ദക്ഷിണാഫ്രിക്കയെപ്പോലൊരു കരുത്തരായ ടീമിനെ നേരിടുമ്പോൾ അക്ഷർ പട്ടേൽ ഇന്ത്യയുടെ തന്ത്രങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത ഘടകമാണെന്ന് കാർത്തിക് അഭിപ്രായപ്പെട്ടു.
എട്ട് ബാറ്റർമാരുടെ തന്ത്രം:
ഇന്ത്യ ഇതുവരെ പിന്തുടർന്ന എട്ട് ബാറ്റർമാരുമായി ഇറങ്ങുന്ന ശൈലി ഫലപ്രദമാണെന്ന് കാർത്തിക് ക്രിക്ബസിനോട് (Cricbuzz) പറഞ്ഞു. എന്നാൽ ടോപ്പ് ഓർഡറിലെ ഫോമില്ലായ്മ ടീമിന് തലവേദനയാണ്. "കഗീസോ റബാഡയും അഭിഷേക് ശർമ്മയും തമ്മിലുള്ള പോരാട്ടം ഇന്ന് നിർണ്ണായകമാകും. റബാഡ ഇതുവരെ തന്റെ ഫോമിലേക്ക് എത്തിയിട്ടില്ല. അതുകൊണ്ട് തന്നെ ആ പോരാട്ടത്തിൽ വിജയിച്ച് അഭിഷേക് ഫോമിലേക്ക് തിരിച്ചെത്തുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ," അദ്ദേഹം പറഞ്ഞു. തുടർച്ചയായി മൂന്ന് പൂജ്യങ്ങൾക്ക് പുറത്തായ അഭിഷേകിന് ഉപദേശങ്ങൾ നൽകുന്നതിനേക്കാൾ താരം സ്വന്തം ശൈലിയിൽ ഫോമിലേക്ക് ഉയരണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേർത്തു.

തിലക് വർമ്മയുടെ സമയം:
മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യുന്ന തിലക് വർമ്മയുടെ ഫോമിനെക്കുറിച്ചും കാർത്തിക് സംസാരിച്ചു. "സൂര്യകുമാർ യാദവിന് തിലക് മൂന്നാം നമ്പറിൽ കളിക്കണമെന്നാണ് താൽപ്പര്യം. ഇതൊരു സമയത്തിന്റെ മാത്രം പ്രശ്നമാണ്. അഹമ്മദാബാദിലെ പിച്ച് തിലകിന് പ്രിയപ്പെട്ടതാണ്. അവിടെ അദ്ദേഹം താളം കണ്ടെത്തിയാൽ ഇന്ത്യയ്ക്ക് അത് വലിയ ഗുണം ചെയ്യും," കാർത്തിക് നിരീക്ഷിച്ചു. നാല് മത്സരങ്ങളിൽ നിന്ന് 26.50 ശരാശരിയിൽ 106 റൺസാണ് തിലക് ഇതുവരെ നേടിയത്. അഹമ്മദാബാദിലെ ബാറ്റിംഗ് സൗഹൃദ പിച്ചിൽ തിലകും അഭിഷേകും മിന്നിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഈ മത്സരത്തിൽ ജയിച്ച് സെമിയിലേക്കുള്ള പാത സുഗമമാക്കാനാണ് സൂര്യകുമാർ യാദവും സംഘവും ലക്ഷ്യമിടുന്നത്. ഫെബ്രുവരി 26ന് ഇന്ത്യ സിംബാബ്‍വെയെ നേരിടും. ചെന്നൈയിൽ വച്ചാണ് ആ മത്സരം നടക്കുന്നത്. തങ്ങളുടെ ഗ്രൂപ്പിലെ വമ്പന്മാരായ ഓസ്ട്രേലിയയെയും ശ്രീലങ്കയെയും പരാജയപ്പെടുത്തി കളിച്ച കളികളെല്ലാം ജയിച്ചാണ് സിംബാബ്‍വെ വരുന്നത്. അതുകൊണ്ട്, ഒരു അട്ടിമറി പ്രതീക്ഷിക്കുന്നതിൽ തെറ്റൊന്നുമില്ല. ഇന്ത്യയുടെ മൂന്നാം മത്സരം വെസ്റ്റ് ഇന്റീസുമായാണ്. മാർച്ച് 1ന് കൊൽക്കത്തയിൽ വച്ചാണ് മത്സരം നടക്കുക. പരിക്കേറ്റ മുഹമ്മദ് സിറാജിന്റെ ലഭ്യത മാത്രമാണ് നിലവിൽ ഇന്ത്യൻ ക്യാമ്പിനെ അലട്ടുന്ന പ്രധാന പ്രശ്നം. മാർച്ച് 4, 5 തീയതികളിലാണ് സെമി ഫൈനലുകൾ നടക്കുക. മാർച്ച് 8-നാണ് കിരീടപ്പോരാട്ടം.