അബുദാബി: കരീബിയന്‍ പ്രീമിയല്‍ ലീഗില്‍ കളിച്ച താരങ്ങള്‍ അവിടെ നിന്നും നേരെ ഐപിഎല്ലിനായി യുഎഇയില്‍ പറന്നിറങ്ങി. മുംബൈ ഇന്ത്യന്‍സിന്റെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ കിരോണ്‍ പൊള്ളാര്ഡുള്പ്പെടെയുള്ള കളിക്കാരാണ് അടുത്തയാഴ്ച ആരംഭിക്കുന്ന ഐപിഎല്ലിനു മുന്നോടിയായി തങ്ങളുടെ ഫ്രാഞ്ചൈസികള്‍ക്കൊപ്പം ചേര്‍ന്നത്. മുംബൈ ടീം തങ്ങളുടെ ട്വിറ്റര്‍ പേജിലൂടെയാണ് പൊള്ളാര്‍ഡ് അബുദാബിയിലെത്തുന്ന ഫോട്ടോ പുറത്തുവിട്ടത്.
പൊള്ളാര്ഡിനെക്കൂടാതെ സിപിഎല്ലില്‍ കളിച്ച മറ്റു വെസ്റ്റ് ഇന്‍ഡീസ് താരങ്ങളും ടൂര്‍ണമന്റിന്റെ ഭാഗമായ മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവരും യുഎഇയിലെത്തിയിട്ടുണ്ട്. ഇമ്രാന് താഹിര്‍ (ചെന്നൈ സൂപ്പര്‍ കിങ്സ്), നിക്കോളാസ് പുരാന് (കിങ്സ് ഇലവന് പഞ്ചാബ്), റാഷിദ് ഖാന്, മുഹമ്മദ് നബി (സണ്‍റൈസേഴ്സ് ഹൈദരാബാദ്), ആന്ദ്രെ റസ്സല്‍ കൊല്‍ക്കത്ത നൈറ്റ്റൈഡഴ്സ്), ഡ്വയ്ന്‍ ബ്രാവോ (ചെന്നൈ സൂപ്പര്‍ കിങ്സ്) എന്നിവരെല്ലം വിവിധ ഫ്രാഞ്ചൈസികള്‍ക്കു വേണ്ടി സിപിഎല്ലില്‍ കളിച്ചിരുന്നു.
കരീബിയന്‍ ദ്വീപുകളില്‍ നിന്നും അബുദാബിയിലേക്ക്. പെള്ളാര്‍ഡും കുടുംബവും റൂതര്ഫോര്ഡുമെത്തിയെന്നായിരുന്നു ഫോട്ടോയ്ക്കൊപ്പം മുംബൈ ഇന്ത്യന്‍സ് കുറിച്ചത്. പൊള്ളാര്ഡിനെക്കൂടാതെ മറ്റൊരു വിന്‍ഡീസ് താരം ഷെര്‍ഫെയ്ന്‍ റൂതര്‍ഫോര്‍ഡും ഐപിഎല്ലില്‍ മുംബൈ ടീമിന്റെ ഭാഗമാണ്.
രോഹിത് ശര്‍മ നയിക്കുന്ന മുംബൈ ടീമിനെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട താരമാണ് പൊള്ളാര്‍ഡ്. സിപിഎല്ലില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് അദ്ദേഹം ഐപിഎല്ലിനായി എത്തിയിരിക്കുന്നത്. സിപിഎല്ലില്‍ പൊള്ളാര്‍ഡ് നയിച്ച ട്രിന്‍ബാഗോ നൈറ്റ്റൈഡേഴ്സിനായിരുന്നു കിരീടം. കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ അദ്ദേഹത്തിന് പ്രതീക്ഷയ്ക്കൊത്ത പ്രകടനം നടത്താനായിരുന്നില്ല. ഇതിന്റെ ക്ഷീണം ഇനി യുഎഇയില്‍ തീര്‍ക്കാനായിരിക്കും അദ്ദേഹത്തിന്റെ ശ്രമം.
ഈ മാസം 19ന് മുംബൈയും എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്സും തമ്മിലാണ് ഐപിഎല്ലിലെ ഉദ്ഘാടന മല്‍സരം. കഴിഞ്ഞ സീസണിലെ ടൂര്‍ണമെന്റിന്റെ ഫൈനലിന്റെ തനിയാവര്‍ത്തനം കൂടിയാണിത്. രോഹിത് നയിച്ച മുംബൈ ഒരു റണ്ണിന് സിഎസ്കെയെ തോല്‍പ്പിച്ച് നാലാം കിരീടം സ്വന്തമാക്കിയിരുന്നു. ശ്രീലങ്കയുടെ ഇതിഹാസ പേസര്‍ ലസിത് മലിങ്ക ഈ സീസണില്‍ മുംബൈയ്ക്കു വേണ്ടി കളിക്കില്ല. മറുഭാഗത്ത് സുരേഷ് റെയ്ന, ഹര്ഭജന് സിങ് എന്നിവരില്ലാതെയാണ് സിഎസ്കെ ഇറങ്ങുന്നത്.