ദുബായ്: ഐ പി എല്ലിന്റെ ഏഴാം സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ പ്രകടനം കണ്ട് സച്ചിന്‍ തെണ്ടുല്‍ക്കറിന് സങ്കടം. കളിച്ച മൂന്ന് മത്സരങ്ങളും തോറ്റ് പോയിന്റ് പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനത്താണ് നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് ഇപ്പോള്‍. മുംബൈ ഇന്ത്യന്‍സിന്റെ കോച്ച് ജോണ്‍ റൈറ്റാണ് സച്ചിന്റെ വേദനയെക്കുറിച്ച് പറഞ്ഞത്.
ബാറ്റിംഗിലെ മോശം ഫോമാണ് മുംബൈയെ വലയ്ക്കുന്നത്. പ്രധാന താരങ്ങളായ മൈക് ഹസി, പോള്ളാര്‍ഡ് തുടങ്ങിയവരെല്ലാം ഫോമൗട്ടാണ്. പക്ഷേ പറഞ്ഞിട്ടെന്ത് കാര്യം, ബാറ്റെടുത്ത് ഇറങ്ങി ടീമിനെ രക്ഷിക്കാനും കഴിയില്ല. ഐ പി എല്ലില്‍ നിന്നും വിരമിച്ച സച്ചിന് ടീമിന്റെ ഐക്കണ്‍ ആയി ഡഗ് ഔട്ടിലും ഡ്രസിംഗ് റൂമിലും ചുറ്റിക്കറങ്ങാനേ പറ്റൂ. കളത്തിലിറങ്ങാന്‍ പറ്റില്ല.

ടീമിനൊപ്പമുണ്ടെങ്കിലും ഒന്നും ചെയ്യാന്‍ പറ്റാതെ നില്‍ക്കേണ്ടി വരുന്ന അവസ്ഥ സച്ചിനെ സംബന്ധിച്ചിടത്തോളം വേദനാജനകമാണ് - റൈറ്റ് പറയുന്നു. ബാറ്റിംഗിലെ പരാജയമാണ് ഐ പി എല്‍ ഏഴില്‍ മുംബൈക്ക് തിരിച്ചടിയായത് എന്നാണ് കോച്ചിന്റെയും അഭിപ്രായം. താരതമ്യേന മികച്ച ബൗളിംഗ് നിരയാണ് തങ്ങളുടേത്. എന്നാല്‍ തീരെ ചെറിയ സ്‌കോറുകള്‍ പ്രതിരോധിക്കാന്‍ ഏത് മികച്ച ബൗൡഗിനും കഴിയില്ല.
കഴിഞ്ഞ തവണ മുംബൈ ഇന്ത്യന്‍സ് ടീമിലുണ്ടായിരുന്ന ഡ്വെയ്ന്‍ സ്മിത്ത്, മാക്‌സ് വെല്‍, ജോണ്‍സണ്‍, കാര്‍ത്തിക് തുടങ്ങിയവര്‍ ഇത്തവണ മറ്റ് ടീമുകള്‍ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്. എന്നാല്‍ അതിലൊന്നും വലിയ കാര്യമില്ല എന്നാണ് ന്യൂസിലന്‍ഡുകാരനായ ജോണ്‍ റൈറ്റ് പറയുന്നത്. കുറച്ച് പേര്‍ പോയപ്പോള്‍ വേറെ കുറച്ചുപേര്‍ ടീമില്‍ വന്നു. പുതിയ ആളുകളില്‍ വിശ്വാസമര്‍പ്പിച്ച് മുന്നോട്ട് പോകുകയാണ് തങ്ങള്‍.