
മുംബൈ: വിന്‍ഡീസ് പേസറായ അല്‍സാറി ജോസഫ് ഐപിഎല്ലിനുള്ള മുംബൈ ഇന്ത്യന്‍സ് ടീമിനൊപ്പം ചേരുന്നു. പരിക്കുമൂലം പിന്‍മാറിയ ന്യൂസിലാന്‍ഡ് ഫാസ്റ്റ് ബൗളറായ ആദം മില്‍നെയുടെ പകരക്കാരനായാണ് ജോസഫിന്റെ വരവ്. വിന്‍ഡീസിനായി 16 ഏകദിനങ്ങലും ഒമ്പത് ടെസ്റ്റുകളും കളിച്ചിട്ടുള്ള 22 കാരന്‍ ഒരു ടി20യില്‍ പോലും ടീമിനായി പന്തെറിഞ്ഞിട്ടില്ലെന്നതാണ് കൗതുകമുണര്‍ത്തുന്ന കാര്യം.
2016ലാണ് ഏകദിനം, ടെസ്റ്റ് എന്നിവയില്‍ ജോസഫ് വിന്‍ഡീസിനായി അരങ്ങേറ്റം കുറിക്കുന്നത്. ഏകദിനത്തില്‍ 25ഉം ടെസ്റ്റില്‍ 24ഉം വിക്കറ്റുകള്‍ പേസര്‍ വീഴ്ത്തിയിട്ടുണ്ട്. ഐപിഎല്ലില്‍ ജോസഫിന്റെ കന്നി സീസണ്‍ കൂടിയായിരിക്കും ഇത്. ഐപിഎല്‍ നിയമം അനുസരിച്ച് ഒരു താരം ഇടയ്ക്കു വച്ച് പിന്‍മാറുകയാണെങ്കില്‍ പകരക്കാരനായെത്തുന്ന കളിക്കാരന് പിന്മാറിയ താരത്തേക്കാള്‍ കൂടുല്‍ വിലയുണ്ടാവാന്‍ പാടില്ല. 75 ലക്ഷം രൂപയ്ക്കാണ് നേരത്തേ മില്‍നെ മുംബൈ ടീമിലെത്തിയത്. അതുകൊണ്ടു തന്നെ അതില്‍ കൂടുതല്‍ വിലയുള്ള താരത്തെ വാങ്ങാന്‍ മുംബൈക്കു അനുമതിയും ഇല്ലായിരുന്നു.
ഉപ്പൂറ്റിക്കു പറ്റിയ പരിക്കിനെ തുടര്‍ന്നാണ് നേരത്തേ മില്‍നെ ഐപിഎല്ലിന്റെ ഈ സീസണില്‍ നിന്നും പിന്‍മാറുന്നതായി അറിയിച്ചത്. ജോസഫിന്റെ വരവ് തങ്ങളുടെ പേസ് ബൗളിങിന് മൂര്‍ച്ച കൂട്ടുമെന്ന പ്രതീക്ഷയിലാണ് മുംബൈ നായകന്‍ രോഹിത് ശര്‍മ. സീസണില്‍ തങ്ങളുടെ ആദ്യ കളിയില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനോടു മുംബൈ പരാജയപ്പെട്ടിരുന്നു.