മുംബൈ: എം എസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിനാല്‍ത്തന്നെ ഇന്ത്യന്‍ ടീമില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്റെ അഭാവമുണ്ട്. നിലവില്‍ കെ എല്‍ രാഹുലിനെ വിക്കറ്റ് കീപ്പറാക്കി മുന്നോട്ട് പോകാനാണ് ഇന്ത്യന്‍ ടീം പദ്ധതിയിടുന്നതെങ്കിലും വിക്കറ്റ് കീപ്പര്‍ സ്‌പെഷ്യലിസ്റ്റിന്റെ ആവിശ്യം എന്തായാലും ടീമിലുണ്ട്. നിലവില്‍ മലയാളി താരം സഞ്ജു സാംസണും റിഷഭ് പന്തും തമ്മിലാണ് ഇന്ത്യയുടെ ഭാവി വിക്കറ്റ് കീപ്പറാകാനുള്ള പോരാട്ടത്തില്‍ ശക്തമായുള്ളത്. എന്നാല്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ പോരാട്ടത്തില്‍ ഇഷാന്‍ കിഷനുമുണ്ടെന്ന് ഓര്‍മിപ്പിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും മുഖ്യ സെലക്ടറുമായിരുന്ന എംഎസ് കെ പ്രസാദ്.
'പോക്കറ്റ് ഡൈനാമിക്ക് കളിക്കുന്നത് കാണാന്‍ തന്നെ മനോഹരമാണ്. മികച്ചൊരു ഐപിഎല്‍ സീസണ്‍ അവന് ലഭിച്ചു. നാലാം നമ്പറിലും ഓപ്പണിങ്ങിലും ഒരുപോലെ തന്റെ മികവ് കാട്ടാന്‍ ഇഷാന് സാധിച്ചു. ടീമിന്റെ ആവിശ്യത്തിനനുസരിച്ച് ഗിയര്‍ മാറ്റാന്‍ സാധിക്കുന്ന താരമാണ് ഇഷാന്‍. ഭാവിയില്‍ ഇന്ത്യയുടെ ടി20, ഏകദിന ടീമിന്റെ വിക്കറ്റ് കീപ്പറാവാനുള്ള പോരാട്ടത്തില്‍ മുന്‍നിരയില്‍ത്തന്നെ അവനുണ്ടാവും. മികച്ച രീതിയില്‍ കീപ്പ് ചെയ്യാന്‍ മാത്രമല്ല ബാറ്റുകൊണ്ടും ഇത്തവണത്ത ഐപിഎല്ലില്‍ അവന്‍ തിളങ്ങി. ദേശീയ ടീമിന് മുതല്‍ക്കൂട്ടാവുന്ന താരമാണവന്‍'-പ്രസാദ് പറഞ്ഞു.

ഇത്തവണത്തെ ഐപിഎല്ലില്‍ തകര്‍പ്പന്‍ ബാറ്റിങ്ങാണ് ഇഷാന്‍ കാഴ്ചവെച്ചത്. ക്വിന്റന്‍ ഡീകോക്ക് ഉള്ളതിനാല്‍ വിക്കറ്റ് കീപ്പറെന്ന നിലയില്‍ അവസരം ലഭിച്ചില്ലെങ്കിലും ഫീല്‍ഡറായും ബാറ്റ്‌സ്മാനായും ഇഷാന്‍ തിളങ്ങിയിരുന്നു. 14 മത്സരത്തില്‍ നിന്ന് നാല് അര്‍ധ സെഞ്ച്വറി ഉള്‍പ്പെടെ 516 റണ്‍സുമായി റണ്‍വേട്ടക്കാരില്‍ അഞ്ചാം സ്ഥാനത്തായിരുന്നു ഇഷാന്‍ കിഷന്‍. 30 സിക്‌സുമായി ഇത്തവണത്തെ ഐപിഎല്ലില്‍ കൂടുതല്‍ സിക്‌സറെന്ന റെക്കോഡും ഇഷാന്‍ സ്വന്തം പേരിലാക്കിയിരുന്നു. 145.76 എന്ന മികച്ച സ്‌ട്രൈക്കറേറ്റിലായിരുന്നു ഇഷാന്‍ പ്രകടനം. അടുത്ത വര്‍ഷത്തെ ഐപിഎല്‍ ഏപ്രിലിലും മെയ്‌ലുമായാവും നടക്കുക. അതിലും തിളങ്ങാന്‍ സാധിച്ചാല്‍ അടുത്ത വര്‍ഷം ഇന്ത്യ വേദിയാവുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇഷാന്‍ ഇടം പിടിച്ചേക്കും.
'പ്രതിഭകൊണ്ട് ഇന്ത്യന്‍ ജഴ്‌സിയണിയാന്‍ അവന്‍ തയ്യാറായിക്കഴിഞ്ഞു. ആരെയെങ്കിലും ടീമിലെടുക്കുകയല്ല ചെയ്യുന്നത്. എന്താണ് നിലവില്‍ ടീമിന് ആവിശ്യം അതിനനുസരിച്ചാണ് താരങ്ങളെ തിരഞ്ഞെടുക്കുന്നത്. ഫോര്‍മേഷനോ ടീമിന്റെ സംതുലിതാവസ്ഥക്കോ അനുസരിച്ചാണ് ടീമിനെ തിരഞ്ഞെടുക്കാറ്. നിലവിലെ ഇന്ത്യയുടെ സാഹചര്യവും ഇഷാന്റെ പ്രകടനവും പരിഗണിക്കുമ്പോള്‍ ഇഷാന്‍ ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ അനുയോജ്യനാണെന്ന് നിസംശയം പറയാം'-പ്രസാദ് കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ ടീമില്‍ മികച്ച ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍മാരുടെ അഭാവമുണ്ട്. അതിനാല്‍ത്തന്നെ റിഷഭ് പന്തിനെക്കാളും കീപ്പിങ്ങിലും ബാറ്റിങ്ങിലും തിളങ്ങാന്‍ സാധിച്ചാല്‍ ഇഷാന് ദേശീയ ടീമില്‍ ഇടം പിടിക്കാനാവും.