മുംബൈ: ശ്രീലങ്കയുടെ മുന്‍ പേസ് സെന്‍സേഷന്‍ പേസര്‍ ലസിത് മലിങ്കയെ അങ്ങനെ വിട്ടുകളയാന്‍ ഐപിഎല്‍ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സിനു താല്‍പ്പര്യമില്ല. നേരത്തേ താരലേലത്തില്‍ മലിങ്കയെ ഒരു ടീമും വാങ്ങാന്‍ താല്‍പ്പര്യം കാണിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ മലിങ്കയെ മുംബൈ തങ്ങളുടെ കൂടാരത്തിലേക്ക് തന്നെ തിരിച്ചുകൊണ്ടു വന്നിരിക്കുകയാണ്. എന്നാല്‍ പുതിയ റോളിലാണെന്ന് മാത്രം. ബാറ്റ്‌സ്മാന്‍മാരുടെ നെഞ്ചിടിപ്പ് കൂട്ടുന്ന യോര്‍ക്കറുകള്‍ എറിയുന്ന മലിങ്കയെ പുതിയ സീസണിലെ ഐപിഎല്ലില്‍ കാണില്ല. പകരം ബൗളര്‍മാര്‍ക്കു തന്ത്രങ്ങളൊരുക്കി അണിയറയിലാവും അദ്ദേഹത്തിന്റെ സ്ഥാനം. ടീമിന്റെ ബൗളിങ് ഉപദേഷ്ടാവായി മലിങ്ക ചുമതലയേറ്റത്.

കഴിഞ്ഞ 10 സീസണുകളിലെയും ഐപിഎല്ലില്‍ മുംബൈ പേസാക്രമണത്തിന്റെ കുന്തമുനയായിരുന്നു മലിങ്ക. ഇതുവരെ 110 മല്‍സരങ്ങളില്‍ താരം മുബൈയുട െനീല ജഴ്‌സിയണിഞ്ഞിട്ടുണ്ട്. 154 വിക്കറ്റുകളാണ് മലിങ്ക പോക്കറ്റിലാക്കിയത്. ഐപിഎല്ലിന്റെ ഇതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരന്‍ കൂടിയാണ് മുന്‍ ലങ്കന്‍ പേസര്‍.

മുംബൈ ടീമിനൊപ്പം ഇത്തവണ ശക്തമായ കോച്ചിങ് നിരയാണുള്ളത്. ടീമിന്റെ ഐക്കണ്‍ താരവും ഉപദേഷ്ടാവുമായി ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുണ്ടാവും. ലങ്കയുടെ മുന്‍ സൂപ്പര്‍ താരം മഹേല ജയവര്‍ധനെയാണ് മുംബൈയുടെ മുഖ്യ പരിശീലകന്‍. ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടര്‍ റോബിന്‍ സിങ് ബാറ്റിങ് കോച്ചും ന്യൂസിലന്‍ഡിന്റെ പേസ് ഇതിഹാസം ഷെയ്ന്‍ ബോണ്ട് ബൗളിങ് കോച്ചുമാണ്.