മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം സമീപകാലത്തായി ഏറ്റവും മികച്ച നേട്ടങ്ങള്‍ കൈവരിക്കുന്ന ടീമുകളിലൊന്നാണ്. വിരാട് കോലിയുടെ ക്യാപ്റ്റന്‍സിയുടെ കീഴില്‍ നിരവധി നേട്ടങ്ങള്‍ ഇന്ത്യ നേടി. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് ഓസ്‌ട്രേലിയയില്‍ നേടിയ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലും ഇടം പിടിക്കാന്‍ ഇന്ത്യന്‍ ടീമിനായി.
ഇന്ത്യന്‍ ടീമിന്റെ നേട്ടങ്ങള്‍ക്ക് പിന്നില്‍ താരങ്ങള്‍ക്കും പരിശീലകര്‍ക്കും ലഭിക്കുന്ന അതേ അഭിനന്ദനത്തിന് സെലക്ടര്‍മാര്‍ക്കും അര്‍ഹതയുണ്ടെങ്കിലും പലപ്പോഴും അത് ലഭിക്കാറില്ല. പ്രതിഭാശാലികളായ താരങ്ങളെ കണ്ടെത്തി ഓരോ പരമ്പരയ്ക്കുമുള്ള ടീമിനെ തിരഞ്ഞെടുക്കുകയെന്നത് വളരെ പ്രയാസമുള്ള ജോലി തന്നെയാണ്. ഇപ്പോഴിതാ വിമര്‍ശിക്കാന്‍ നിരവധി ആളുകളുണ്ടെങ്കിലും ടീം നേട്ടങ്ങള്‍ സ്വന്തമാക്കുമ്പോള്‍ സെലക്ടര്‍മാകരെ അഭിനന്ദിക്കാന്‍ ആരുമുണ്ടാകില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ മുഖ്യ സെലക്ടറായ എംഎസ്‌കെ പ്രസാദ്.

2016-2020 വരെ ഇന്ത്യയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ തലവന്‍ എംഎസ്‌കെ പ്രസാദായിരുന്നു.2017ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫി,2019ലെ ഏകദിന ലോകകപ്പ്,2018-2019 ഓസീസ് പര്യടനം തുടങ്ങിയ പല പ്രധാനപ്പെട്ട പരമ്പരകളിലും ഇന്ത്യയുടെ ടീമിനെ തിരഞ്ഞെടുത്തത് പ്രസാദിന്റെ നേതൃത്വത്തിലായിരുന്നു. അനുഷ്‌ക ശര്‍മക്ക് ചായ നല്‍കിയപ്പോള്‍ വിമര്‍ശിക്കാന്‍ ആളുണ്ടായിരുന്നെങ്കിലും ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയപ്പോള്‍ ആരും അഭിനന്ദിച്ചില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.
'ഞങ്ങളുടെ സെലക്ഷന്‍ കമ്മിറ്റിയിലെ ഒരാള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്റെ ഭാര്യക്ക് ചായ നല്‍കിയപ്പോള്‍ അത് വലിയ വിവാദമായി. എന്നാല്‍ സൂപ്പര്‍ താരങ്ങളില്ലാതെ ഇന്ത്യ ഓസ്‌ട്രേലിയയെ ഓസ്‌ട്രേലിയയില്‍ തോല്‍പ്പിച്ചപ്പോള്‍ ഒരാള്‍ പോലും സെലക്ടര്‍മാര്‍ക്ക് ഒരു അഭിനന്ദനവും നല്‍കിയില്ല. ടീം മാനേജ്‌മെന്റിന്റെ അഭിനന്ദനം മാത്രമാണ് ആകെ ലഭിക്കുന്നത്. പുറത്തുള്ളവര്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും എന്താണ് ഞങ്ങള്‍ ചെയ്യുന്നതെന്ന് ക്രിക്കറ്റില്‍ ഉള്ളവര്‍ക്ക് അറിയാം'-എംഎസ്‌കെ പ്രസാദം പറഞ്ഞു.
ഏകദിന ലോകകപ്പില്‍ അമ്പാട്ടി റായിഡുവിനെ ഒഴിവാക്കാനുള്ള തീരുമാനം തന്റേതായിരുന്നില്ലെന്നും കഴിഞ്ഞിടെ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ക്യാപ്റ്റന്റെയും പരിശീലകന്റെയും നിര്‍ബന്ധപ്രകാരമാണ് വിജയ് ശങ്കറിനെ ടീമിലേക്ക് പരിഗണിച്ചതെന്നായിരുന്നു അദ്ദേഹം വെളിപ്പെടുത്തിയത്. ഐപിഎല്ലിലടക്കം തിളങ്ങിയ നിരവധി യുവതാരങ്ങള്‍ക്ക് ടീമിലേക്കെത്താനുള്ള വഴിതുറന്ന് കൊടുക്കാന്‍ പ്രസാദിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിക്ക് സാധിച്ചിരുന്നു. ഇന്ത്യന്‍ ടീമിന്റെ വളര്‍ച്ചയുടെ കാലഘട്ടത്തില്‍ നിര്‍ണ്ണായക പിന്തുണ നല്‍കാന്‍ പ്രസാദിന്റെ സെലക്ഷന്‍ കമ്മിറ്റിക്ക് സാധിച്ചു.