ശ്രീലങ്കയില്‍ ഇന്ത്യയുടെ യുവതാരനിര പരമ്പര നേടിയാലും അത്ഭുതപ്പെടാനില്ല- എംഎസ്‌കെ പ്രസാദ്
ബംഗളൂരു: ഇന്ത്യന്‍ സീനിയര്‍ ക്രിക്കറ്റ് ടീം നാല് മാസം നീണ്ടുനില്‍ക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിനായി ഇംഗ്ലണ്ടില്‍ എത്തിക്കഴിഞ്ഞു. ജൂണ്‍ 18ന് ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും അതിന് ശേഷം ആഗസ്റ്റ് നാല് മുതല്‍ ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പരയും ആരംഭിക്കും. ഇതിനിടെ ഇന്ത്യയുടെ യുവനിരയെ ഉള്‍പ്പെടുത്തി ബി ടീമെന്ന് വിളിക്കാവുന്ന ഇന്ത്യന്‍ നിര ജൂലൈയില്‍ ശ്രീലങ്കന്‍ പര്യടനം നടത്തുന്നുണ്ട്.
മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയും അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയുമാണ് ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ കളിക്കുന്നത്. സീനിയര്‍ താരങ്ങളില്ലാതെ ഇന്ത്യ ശ്രീലങ്കന്‍ പര്യടനം നടത്തിയാല്‍ വലിയ നാണക്കേട് ഏറ്റുവാങ്ങേണ്ടിവരുമോയെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഇപ്പോഴിതാ ഇന്ത്യയുടെ യുവനിര ശ്രീലങ്കയില്‍ പരമ്പര നേടിയാലും അത്ഭുതപ്പെടാനില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ചീഫ് സെലക്ടറായ എംഎസ്‌കെ പ്രസാദ്.
'പ്രതിഭാശാലികളായ താരങ്ങള്‍ അന്നും ഇന്നും ഇന്ത്യന്‍ ടീമിലുണ്ട്. എന്നാല്‍ ഇന്നത്തെ താരങ്ങളുടെ ആത്മവിശ്വാസം അന്നത്തെ താരങ്ങളെക്കാള്‍ അഞ്ച് മടങ്ങ് കൂടുതലാണ്. ഉദാഹരണം പറഞ്ഞാല്‍ സൂര്യകുമാര്‍ യാദവിന് ടി20 മത്സരത്തില്‍ അവസരം ലഭിച്ച ആദ്യ പന്തില്‍ത്തന്നെ അവന്‍ സിക്‌സര്‍ നേടി. അതും ലോകോത്തര ബൗളറിനെതിരേ.ഇഷാന്‍ കിഷനും ഇംഗ്ലണ്ടിനെതിരേ അരങ്ങേറ്റ മത്സരത്തില്‍ നടത്തിയ പ്രകടനം.ഇന്ത്യയുടെ യുവനിര ശ്രീലങ്കയില്‍ പരമ്പര നേടിയാലും അത്ഭുതപ്പെടാനില്ല'- എംഎസ്‌കെ പ്രസാദ് പറഞ്ഞു.

ഇന്ത്യയെ ശിഖര്‍ ധവാന്‍ ശ്രീലങ്കയില്‍ നയിക്കാനാണ് സാധ്യത. ഭുവനേശ്വര്‍ കുമാര്‍, ടി നടരാജന്‍, രാഹുല്‍ ചഹാര്‍, ദീപക് ചഹാര്‍ തുടങ്ങിയ താരങ്ങളെല്ലാം ബൗളിങ് നിരയില്‍ ഇടം പിടിച്ചേക്കും. സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, മനീഷ് പാണ്ഡെ, പൃഥ്വി ഷാ, ദേവ്ദത്ത് പടിക്കല്‍ തുടങ്ങിയവര്‍ക്കെല്ലാം അവസരം ലഭിക്കാനാണ് സാധ്യത.
ടി20 ലോകകപ്പിലേക്ക് ഇന്ത്യ പരിഗണിക്കാന്‍ ഉദ്ദേശിക്കുന്ന യുവതാരങ്ങള്‍ക്ക് ശ്രീലങ്കയില്‍ അവസരം നല്‍കാനാവും സെലക്ടര്‍മാര്‍ ശ്രമിക്കുക. ഇന്ത്യയിലേതുപോലെ തന്നെ ഫ്‌ളാറ്റ് പിച്ചാണ് ശ്രീലങ്കയിലേത്. അതിനാല്‍ത്തന്നെ യുവതാരങ്ങള്‍ക്ക് മികവ് കാട്ടാനുള്ള സുവര്‍ണ്ണാവസരമാണിത്. ശ്രീലങ്കയില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധ്യതയുള്ള താരമാരാണെന്നും എംഎസ്‌കെ പ്രസാദ് പ്രവചിച്ചു. സൂര്യകുമാര്‍ യാദവിനെയാണ് അദ്ദേഹം തിരഞ്ഞെടുത്തത്.
'സൂര്യകുമാര്‍ യാദവിനെയാണ് ഏറ്റവും ശ്രദ്ധിക്കേണ്ട താരം. സഞ്ജുവിനും ഇഷാനും മികച്ച അവസരമാണിത്. ആവേഷ് ഖാനെയും എനിക്ക് ഇഷ്ടമാണ്.മികച്ചൊരു ഐപിഎല്‍ പ്രകടനമാണ് അവന്‍ നടത്തിയത്. ശ്രീലങ്കന്‍ പരമ്പരയില്‍ അവനെ കാണാന്‍ സാധിച്ചില്ലെങ്കില്‍ അത് വലിയ നഷ്ടമാവും'- പ്രസാദ് കൂട്ടിച്ചേര്‍ത്തു. മത്സരത്തിന്റെ സമയക്രമം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications