ബെംഗളൂരു: ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയുടെ ഇന്നിംഗ്‌സിലും ജാര്‍ഖണ്ഡിനെ രക്ഷിക്കാനായില്ല. ജാര്‍ഖണ്ഡിന് വേണ്ടി വിജയ് ഹസാരെ ട്രോഫി കളിക്കാനിറങ്ങിയ എം എസ് ധോണി 44 റണ്‍സോടെയാണ് വരുണ്‍ ആരോണ്‍ നയിക്കുന്ന ടീമിന്റെ ടോപ് സ്‌കോററായത്. പക്ഷേ ഫലമുണ്ടായില്ല. കളി ഗുജറാത്തിനോട് ജാര്‍ഖണ്ഡ് ആറ് വിക്കറ്റിന് തോറ്റു.
ധോണി ഒഴികെയുള്ള ഒരു ബാറ്റ്‌സ്മാനും ജാര്‍ഖണ്ഡ് നിരയില്‍ പിടിച്ചുനില്‍ക്കാനായില്ല. 34 കാരനായ ധോണി 64 പന്തുകള്‍ നേരിട്ടാണ് 44 റണ്‍സെടുത്തത്. ധോണിയുടെ കൂറ്റനടികള്‍ പ്രതീക്ഷിച്ച് ഒരുപാട് ആരാധകര്‍ കളി കാണാനെത്തിയിരുന്നു. എന്നാല്‍ ധോണിയുടെ വകയായി ഒരൊറ്റ സിക്‌സര്‍ പോലും കാണാനായില്ല എന്ന് മാത്രം. വളരെ ശ്രദ്ധയോടെ കളിച്ച ധോണി 95 മിനുട്ട് നേരം ക്രീസില്‍ ചെലവഴിച്ചു. 4 ബൗണ്ടറികള്‍ മാത്രമാണ് അടിച്ചത്.

ടോസ് നേടിയ ജമ്മു ഗുജറാത്ത് ക്യാപ്റ്റന്‍ പാര്‍ഥിവ് പട്ടേല്‍ ആദ്യം ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. 47 ഓവറില്‍ 7 വിക്കറ്റിന് 177 റണ്‍സെടുക്കാനേ ജാര്‍ഖണ്ഡിന് കഴിഞ്ഞുള്ളൂ. 40.4 ഓവറില്‍ വെറും 4 വിക്കറ്റ് നഷ്ടത്തില്‍ ഗുജറാത്ത് ലക്ഷ്യം കണ്ടു. ഓപ്പണര്‍ പ്രിയങ്ക് കിരിത് പാഞ്ചല്‍ 62 റണ്‍സോടെ ടോപ് സ്‌കോററായി. ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേല്‍ 32 റണ്‍സോടെ പുറത്താകാതെ നിന്നു.
നേരത്തെ ജമ്മു കാശ്മീരിനെതിരെ വിജയ് ഹസാരെ ട്രോഫി കളിക്കാനിറങ്ങിയ ധോണി വെറും 9 റണ്‍സിന് പുറത്തായിരുന്നു. ആ കളിയിലും ജാര്‍ഖണ്ഡ് തോറ്റു. ടൂര്‍ണമെന്റില്‍ ജാര്‍ഖണ്ഡിന് ഇതുവരെ പോയിന്റൊന്നും ഇല്ല. 8 വര്‍ഷത്തിന് ശേഷമാണ് ജന്മനാടായ ജാര്‍ഖണ്ഡിന് വേണ്ടി ധോണി കളിക്കാന്‍ ഇറങ്ങുന്നത്. ഇന്ത്യയുടെ ഫാസ്റ്റ് ബൗളര്‍ വരുണ്‍ ആരോണാണ് ടീമിനെ നയിക്കുന്നത്.