മുംബൈ: ഇന്ത്യയുടെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പറായി കരുതപ്പെടുന്ന സയ്യിദ് കിര്‍മാണിയുടെ റെക്കോര്‍ഡും ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണി തകര്‍ക്കും. ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും അധികം ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച വിക്കറ്റ് കീപ്പര്‍ എന്ന റെക്കോര്‍ഡാണ് ധോണി കിര്‍മാണിയില്‍ നിന്നും പിടിച്ചുവാങ്ങുന്നത്. ഓസ്‌ട്രേലിയയ്‌ക്കെതിരെ ബ്രിസ്‌ബേനില്‍ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റ് ധോണിയുടെ എണ്‍പത്തി ഒമ്പതാമത്തെ മത്സരമാണ്.
1976 മുതല്‍ 1986 വരെ ഇന്ത്യയ്ക്ക് വേണ്ടി കളിച്ച കിര്‍മാണി 88 ടെസ്റ്റുകളില്‍ വിക്കറ്റ് കാത്തു. ധോണിയും ഇത് വരെയായി 88 ടെസ്റ്റുകളില്‍ ഇന്ത്യയ്ക്ക് വേണ്ടി കളിച്ചു. ശ്രീലങ്കയ്‌ക്കെതിരെ 2005 ലായിരുന്നു ധോണിയുടെ അരങ്ങേറ്റം. അഡിലെയ്ഡില്‍ ധോണി കിര്‍മാണിയെ മറികടന്നേനെ. പക്ഷേ പരിക്ക് വില്ലനായി. ധോണി ആദ്യടെസ്റ്റില്‍ കളിച്ചിരുന്നില്ല.

ആകെ കളിച്ച 88 ടെസ്റ്റില്‍ 58 ലും ധോണി ക്യാപ്റ്റനായിരുന്നു. 280 പേരെ പുറത്താക്കിയ ധോണിയുടെ പേരിലാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ റെക്കോര്‍ഡ്. 243 ക്യാച്ചും 37 സ്റ്റമ്പിംഗുകളും ടെസ്റ്റില്‍ ധോണിയുടെ പേരിലുണ്ട്. ഇത്രയും കളികളില്‍ നിന്നും കിര്‍മാനി 160 ക്യാച്ചും 38 സ്റ്റമ്പിംഗുകളും നടത്തി. ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു ഈ രണ്ട് കീപ്പര്‍മാരും.
1983 ല്‍ ലോകകപ്പ് നേടിയ കപിലിന്റെ ചെകുത്താന്‍മാരുടെ കൂട്ടത്തിലായിരുന്നു കിര്‍മാണി. ധോണിയാകട്ടെ സ്വന്തം ക്യാപ്റ്റന്‍സിയില്‍ ഇന്ത്യയെ 2011 ലോകകപ്പില്‍ ജേതാക്കളാക്കി. കിരണ്‍ മോറെ, ഫറൂഖ് എഞ്ചിനീയര്‍, നയന്‍ മോംഗിയ, എന്‍ എസ് തമാനെ, ദിനേശ് കാര്‍ത്തിക്ക് എന്നിവരാണ് ഇന്ത്യയുടെ ശ്രദ്ധേയരായ മറ്റ് വിക്കറ്റ് കീപ്പര്‍മാര്‍. ദിനേശ് കാര്‍ത്തിക് സ്‌പെഷലിസ്റ്റ് ബാറ്റ്‌സ്മാനായും ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റ് കളിച്ചു.