ധോണിയുടെ വിരമിക്കല്‍
കഴിഞ്ഞ വര്‍ഷം ക്രിക്കറ്റലിലെ ഏറ്റവും വലിയ വാര്‍ത്തയെന്നു ചോപ്ര അഭിപ്രായപ്പെട്ടു. ആഗസ്റ്റ് 15നു രാത്രിയോടെയായരിന്നു ക്രിക്കറ്റ് പ്രേമികളെ ഞെട്ടിച്ചുകൊണ്ട് ധോണി അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കുന്നതായി അറിയിച്ചത്.
ഒരു യുഗം തന്നെയാണ് അതോടെ അവസാനിച്ചതെന്നു ചോപ്ര അഭിപ്രായപ്പെട്ടു. അദ്ദേഹം ഇനി ഇന്ത്യക്കായി കളിക്കാനിടയില്ലെന്നു അറിയാമായിരുന്നു. പക്ഷെ അക്കാര്യത്തില്‍ ഉറപ്പില്ലായിരുന്നു. നമ്മളെല്ലാം ഇതിനു കാത്തിരിക്കുകയായിരുന്നു. ഒടുവില്‍ ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെ ധോണി ഔദ്യോഗികമായി ഇക്കാര്യം പ്രഖ്യാപിക്കുകയും ചെയ്തു. നമ്മളെല്ലാം അദ്ദേഹത്തെ മിസ്സ് ചെയ്യുമെന്നും ചോപ്ര പറഞ്ഞു.
സെഞ്ച്വറിയില്ലാതെ കോലി
അന്താരാഷ്ട്ര ക്രിക്കറ്റില്‍ കോലിക്കു ഒരു സെഞ്ച്വറി പോലും നേടാന്‍ കഴിയാതിരുന്നതാണ് 2020ലെ മറ്റൊരു പ്രധാനപ്പെട്ട കാര്യമായി ചോപ്ര ചൂണ്ടിക്കാട്ടിയത്. കുറച്ചു മല്‍സരങ്ങളില്‍ മാത്രമേ കളിച്ചുള്ളൂവെന്നത് സത്യമാണ്. ന്യൂസിലാന്‍ഡ് പര്യടനത്തിലും ഐപിഎല്ലിലും ഓസ്ട്രേലിയന്‍ പര്യടനത്തിലുമെല്ലാം കോലി കളിച്ചിരുന്നു. റണ്‍സെടുക്കാനായെങ്കിലും സെഞ്ച്വറി മാത്രം അകന്നുനിന്നു. 2008ല്‍ അരങ്ങേറിയ വര്‍ഷം മാത്രമായിരുന്നു അദ്ദേഹത്തിന് ഇങ്ങനെയൊരു തിരിച്ചടി നേരിട്ടതെന്നും ചോപ്ര വ്യക്തമാക്കി.
മുഹമ്മദ് ഹഫീസിന്റെ ഫോം
ടി20 ക്രിക്കറ്റില്‍ പാക് ഓള്‍റൗണ്ടര്‍ മുഹമ്മദ് ഹഫീസിന്റെ തകര്‍പ്പന്‍ ഫോമിനെക്കുറിച്ചാണ് ചോപ്ര മൂന്നാമതായി പറയുന്നത്. കൈയടി അര്‍ഹിക്കുന്ന പ്രകടനമായിരുന്നു ഹഫീസിന്റേത്. ടി20 ക്രിക്കറ്റില്‍ ഇതോടെ അദ്ദേഹം കൂടുതല്‍ മഹാനായി തീര്‍ന്നിരിക്കുകയാണ്.
പാകിസ്താന് സൂപ്പര്‍ ലീഗില്‍ തന്റെ ടീമിനെ ഹഫീസ് ഫൈനല്‍ വരെയെത്തിച്ചു. 2020ല്‍ ടി20 ഫോര്‍മാറ്റില്‍ താരത്തിന്റെ ബാറ്റിങ് പ്രകടനത്തെ അവിസ്മരണീയമെന്നു മാത്രമേ വിശേഷിപ്പിക്കാന്‍ സാധിക്കൂവെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.
മുബൈയുടെ അഞ്ചാം ഐപിഎല്‍ കിരീടം
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ അഞ്ചാം കിരീടവിജയമായിരുന്നു ചോപ്രയുടെ ലിസ്റ്റില്‍ നാലാംസ്ഥാനത്ത്. കിരീടം നിലനിര്‍ത്തുകയെന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. അവരുടെ വിജയമാര്‍ജിന്‍ നോക്കുമ്പോള്‍ മുംബൈ വളരെ മുകളിലാണ്. മറ്റു ടീമുകളാവട്ടെ അവിയെത്താന് വേണ്ടി പോരടിക്കുകയാണ്. ടി20 ക്രിക്കറ്റില്‍ ഇതുപോലെയൊരു ആധിപത്യം അപൂര്‍വ്വമായി മാത്രമേ കാണാന്‍ സാധിക്കൂ. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഫ്രാഞ്ചൈസി തങ്ങളുടേതാണെന്നു കാണിച്ചു തന്നിരിക്കുകയാണ് മുംെൈബയെന്നും ചോപ്ര വിശദമാക്കി.
ആന്‍ഡേഴ്സന്റെ 600ാം വിക്കറ്റ് നേട്ടം
ഇംഗ്ലണ്ടിന്റെ ഇതിഹാസ പേസര്‍ ജെയിംസ് ആന്ഡേഴ്സന് ടെസ്റ്റ് ക്രിക്കറ്റില്‍ 600 വിക്കറ്റുകളെന്ന നാഴികക്കല്ല് പിന്നിട്ടതാണ് ചോപ്രയുടെ ലിസ്റ്റില്‍ അഞ്ചാംസ്ഥാനത്ത്. ആന്ഡേഴ്സണ് 600 വിക്കറ്റുകള്‍ ടെസ്റ്റില്‍ നേടിയിരിക്കുന്നു. ഈ നേട്ടത്തിന് അവകാശിയായ ലോകത്തിലെ തന്നെ ഏക ഫാസ്റ്റ് ബൗളറാണ് അദ്ദേഹം. ആന്‍ഡേഴ്സനെപ്പോലെ മറ്റൊരു ബൗളറില്ലെന്നും ചോപ്ര അഭിപ്രായപ്പെട്ടു.