കൂള്‍ ധോണി ബാറ്റിങ്ങിനിടെ ഖലീല്‍ അഹമ്മദിനോട് ചൂടായി; കാരണമിതാണ്, വീഡിയോ വൈറല്‍

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ഏകദിന മത്സരത്തില്‍ ക്യാപ്റ്റന്‍ കൂള്‍ എന്നറിയപ്പെട്ടിരുന്ന ധോണിക്ക് ചൂടാകേണ്ടിവന്നു. മാച്ച് വിന്നിങ് ഇന്നിങ്‌സ് കളിച്ച ധോണി ബാറ്റിങ്ങിനിടെ മൈതാനെത്തിയ ഖലീല്‍ അഹമ്മദിനോട് ദേഷ്യപ്പെടുന്നതിന്‍രെ വീഡിയോ ഇപ്പോള്‍ വൈറലായി മാറിയിട്ടുണ്ട്. ഗ്രൗണ്ടില്‍ വെള്ളവുമായെത്തിയ ഖലീലിനോട് ധോണി കയര്‍ക്കുന്നതാണ് ദൃശ്യത്തിലുള്ളത്.
ധോണി അത്യപൂര്‍വമായി മാത്രമേ മൈതാനത്ത് ദേഷ്യപ്പെടുന്നത് കാണാറുള്ളൂ. അല്ലാത്തപ്പോഴെല്ലാം ഭാവഭേദമില്ലാത്ത ധോണിയെയാണ് ക്രിക്കറ്റ് ആരാധകര്‍ക്ക് ദൃശ്യമാകുക. എന്നാല്‍, കഴിഞ്ഞദിവസം ധോണിയുടെ ചൂടാകല്‍ ആരാധകര്‍ നേരിട്ട് കണ്ടു. വിരാട് കോലി പുറത്തായശേഷം അവസാന ഓവറുകളില്‍ ഇന്ത്യ ഓസ്‌ട്രേലിയയോട് പൊരുതുമ്പോഴായിരുന്നു സംഭവം.

ധോണി ദേഷ്യപ്പെടാനുള്ള കാരണം
ധോണിയും ദിനേഷ് കാര്‍ത്തിക്കും ചേര്‍ന്ന കൂട്ടുകെട്ട് സിംഗിളുകളും ഡബിളുകളും ഓടിയെടുത്ത് ഓസ്‌ട്രേലിയയെ മറികടക്കാനുള്ള ശ്രമത്തിലായിരുന്നു. ഇതിനിടെ ധോണി മൈതാനത്ത് ക്ഷീണിതനായി. ഫിസിയോ പരിചരിക്കാനെത്തുകയും ചെയ്തു. ധോണിക്കും കാര്‍ത്തിക്കിനും ഹെല്‍മറ്റും വെള്ളവുമായി എത്തിയതായിരുന്നു യുസ്‌വേന്ദ്ര ചാഹലും ഖലീല്‍ അഹമ്മദും. ഖലീല്‍ അറിയാതെ പിച്ചിന് നടുവിലൂടെ നടന്നതാണ് ധോണിയെ ചൊടിപ്പിച്ചത്. കൈകൊണ്ട് പിച്ചിന് പുറത്തുകൂടെ നടക്കണമെന്ന് ധോണി ഖലീലിനോട് പറഞ്ഞു.

ഇന്ത്യയെ ജയിപ്പിച്ചത് ധോണി
പിച്ചില്‍കൂടിയുള്ള നടത്തം ബൗളര്‍മാര്‍ക്ക് ഗുണം ചെയ്യുമെന്നതിനാലായിരുന്നു ധോണി കയര്‍ത്തത്. ആ അവസരത്തില്‍ ഇന്ത്യയ്ക്ക് 12 പന്തില്‍ 16 റണ്‍സ് കൂടി ആവശ്യമായിരുന്നു. ചെറിയൊരു കാര്യംപോലും എതിരാളിക്ക് അനുകൂലമാകരുതെന്ന ധോണിയുടെ കാര്‍ക്കശ്യം ഖലീലിനെതിരായ പെരുമാറ്റത്തിലൂടെ വെളിപ്പെടുകയും ചെയ്തു. അവസാന ഓവറുകളില്‍ സമചിത്തതയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്ത ധോണി ഇന്ത്യയ്ക്ക് ജയമൊരുക്കിയാണ് കൂടാരത്തേലേക്ക് മടങ്ങിയത്.

ഇന്ത്യയുടെ വിജയം
ഓസ്‌ട്രേലിയ ഉയര്‍ത്തിയ 298 എന്ന വിജയലക്ഷ്യം ഇന്ത്യ 49.2 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു. അവസാന ഓവറില്‍ ഇന്ത്യയ്ക്ക് ജയിക്കാനായി വേണ്ടിയിരുന്നത് 7 റണ്‍സാണ്. ജേസണ്‍ ബെഹ്രെന്‍ഡ്രോഫ് എറിഞ്ഞ ഓവറിലെ ആദ്യ പന്ത് ധോണി സിക്‌സറിന് പറത്തിയതോടെ കളി ഇന്ത്യയ്ക്ക് സ്വന്തമായിരുന്നു. രണ്ടാം പന്തില്‍ സിംഗിളെടുത്ത് ധോണി മത്സരം ഫിനിഷ് ചെയ്യുകയും ചെയ്തു. ഇന്ത്യയ്ക്കുവേണ്ടി വിരാട് കോലി(104), എംഎസ് ധോണി(55), രോഹിത് ശര്‍മ(43), ശിഖര്‍ ധവാന്‍(32), ദിനേഷ് കാര്‍ത്തിക്(25), അമ്പാട്ടി റായിഡു(24) എന്നിവര്‍ സ്‌കോര്‍ ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications