വെല്ലിങ്ടണ്‍: ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഇതിഹാസമാണ് എംഎസ് ധോണി. നായകനെന്ന നിലയില്‍ ധോണി കൈവെച്ചിടമെല്ലാം പൊന്നാക്കിയെന്ന് പറയാം. മൂന്ന് തവണ ഇന്ത്യക്ക് ഐസിസി കിരീടം നേടിക്കൊടുത്ത ധോണി നാല് തവണ സിഎസ്‌കെയെ ഐപിഎല്‍ കിരീടവും ചൂടിച്ചു. കെയ്ന്‍ വില്യംസന്‍ ന്യൂസീലന്‍ഡ് നായകനാണ്. ന്യൂസീലന്‍ഡിനെ പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ കിരീടം ചൂടിക്കുകയും 2019ലെ ഏകദിന ലോകകപ്പ്,2021ലെ ടി20 ലോകകപ്പ് ഫൈനലുകളില്‍ എത്തിക്കുകയും ചെയ്യാന്‍ വില്യംസനായി.
രണ്ട് നായകന്മാരും തമ്മില്‍ വലിയ സാമ്യതകളുണ്ട്. ശാന്ത സ്വഭാവക്കാരാണ് രണ്ട് പേരും. കളത്തില്‍ ഏത് സമ്മര്‍ദ്ദഘട്ടത്തിലും വലിയ ഭാവ വ്യത്യാസങ്ങളില്ലാതെ ടീമിനെ നയിക്കാന്‍ ഇരുവര്‍ക്കും സാധിക്കുന്നുണ്ട്. ബാറ്റുകൊണ്ട് മുന്നില്‍ നിന്ന് നയിക്കുന്നവരാണ് ഇരുവരും. പല പ്രതിസന്ധി ഘട്ടത്തില്‍ നിന്നും ടീമിനെ വിജയത്തിലേക്കെത്തിക്കാന്‍ ഇരുവര്‍ക്കുമായിട്ടുണ്ട്. ഇപ്പോഴിതാ നായകന്മാരായ ധോണിയും വില്യംസനും എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് വിലയിരുത്തിയിരിക്കുകയാണ് കിവീസ് ഓള്‍റൗണ്ടറും സിഎസ്‌കെയുടെ താരവുമായിരുന്ന മിച്ചല്‍ സാന്റ്‌നര്‍.

കെയ്ന്‍ വില്യസനും എംഎസ് ധോണിക്കും കീഴില്‍ കളിക്കാന്‍ ഭാഗ്യം ലഭിച്ച ചുരുക്കം ചില താരങ്ങളിലൊരാളാണ് മിച്ചല്‍ സാന്റ്‌നര്‍. അതുകൊണ്ട് തന്നെ രണ്ട് പേരുടെയും നായകമികവിനെക്കുറിച്ച് സാന്റ്‌നര്‍ക്ക് കൃത്യമായ അറിവുണ്ട്. 'അപ്പപ്പോള്‍ തീരുമാനമെടുക്കുന്ന നായകനാണ് എംഎസ് ധോണി. നിരവധി മത്സരങ്ങളില്‍ അദ്ദേഹം ടീമിനെ നയിച്ചിട്ടുണ്ട്. പ്രതിസന്ധികള്‍ നിറഞ്ഞ നിരവധി മത്സരങ്ങള്‍ അദ്ദേഹത്തിന്റെ കരിയറില്‍ ഉണ്ടായിട്ടുണ്ട്. അടുത്തത് എന്താണ് സംഭവിക്കുന്നതെന്നത് സംബന്ധിച്ച് കൃത്യമായ ധാരണ ധോണിക്കുണ്ട്. സ്റ്റംപിന് പിന്നില്‍ നിന്ന് മികച്ച രീതിയില്‍ ധോണി മത്സരത്തെ വിലയിരുത്തുന്നു. കഴിഞ്ഞ നാല് വര്‍ഷത്തോളം സിഎസ്‌കെയുടെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഈ കാലഘട്ടത്തില്‍ മികച്ച നായകന്മാരിലും താരങ്ങളിലുമൊരാളാണ് ധോണി'-സാന്റ്‌നര്‍ പറഞ്ഞു.
സിഎസ്‌കെയുടെ ഭാഗമായിരുന്നെങ്കിലും അധികം മത്സരങ്ങളില്‍ താരത്തിന് അവസരം ലഭിച്ചിരുന്നില്ല. എന്നാല്‍ ടീമിനൊപ്പം സജീവമായിത്തന്നെ അദ്ദേഹം ഉണ്ടായിരുന്നു. സിഎസ്‌കെയില്‍ ചിലവിട്ട സമയത്തെ അനുഭവങ്ങള്‍ കരിയറില്‍ വലിയ നേട്ടമുണ്ടാക്കിയെന്ന് നേരത്തെ തന്നെ സാന്റ്‌നര്‍ തുറന്ന് പറഞ്ഞിട്ടുള്ളതാണ്.
വില്യംസന്‍ നയിക്കുന്ന കിവീസിന്റെ പരിമിത ഓവര്‍ ടീമിലെ നിറ സാന്നിധ്യമാണ് സാന്റ്‌നര്‍. അതുകൊണ്ട് തന്നെ വില്യംസന്റെ നായകമികവിനെയും സാന്റ്‌നര്‍ക്ക് അടുത്തറിയാം. 'വില്യംസന്‍ ധോണിയെപ്പോലെയല്ല. മത്സരത്തിന് മുമ്പ് തന്നെ വളരെയധികം പദ്ധതികള്‍ തയ്യാറാക്കും. വളരെ ശാന്തതയോടെ സമ്മര്‍ദ്ദമില്ലാതെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന താരമാണവന്‍. വില്യംസണിന്റെ ഈ സ്വഭാവം അവന് കീഴില്‍ കളിക്കുന്ന താരങ്ങള്‍ക്കും വലിയ സഹായകരമാണ്. ഇക്കാലയളവില്‍ ധോണി,വില്യംസന്‍,ബ്രണ്ടന്‍ മക്കല്ലം എന്നിവരുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ കളിക്കാന്‍ എനിക്ക് ഭാഗ്യമുണ്ടായി. ഇവരില്‍ നിന്ന് കാര്യങ്ങള്‍ പഠിക്കുകയും ടീമിനെ നയിക്കേണ്ട സാഹചര്യം ഉണ്ടാവുമ്പോള്‍ ഉപയോഗിക്കുകയുമാണ് വേണ്ടത്. അവരില്‍ നിന്ന് കാര്യങ്ങള്‍ ഉള്‍ക്കൊണ്ടാല്‍ മികച്ച നായകനാവാന്‍ എനിക്കും സാധിക്കും'-സാന്റ്‌നര്‍ പറഞ്ഞു.
വില്യംസണിന്റെയും ടിം സൗത്തിയുടെയും അഭാവത്തില്‍ ന്യൂസീലന്‍ഡ് ടീമിനെ നയിക്കാനുള്ള അവസരവും സാന്റ്‌നര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ഇന്ത്യന്‍ പരമ്പരയില്‍ സാന്റ്‌നറാണ് ഒരു മത്സരത്തില്‍ കിവീസിനെ നയിച്ചത്. സ്പിന്നറെന്ന നിലയില്‍ വിക്കറ്റ് വീഴ്ത്താന്‍ സാന്റ്‌നര്‍ മിടുക്കനാണ്. തുടര്‍ച്ചയായി സ്റ്റംപില്‍ ആക്രമിക്കുന്ന അദ്ദേഹം മധ്യ ഓവറുകളില്‍ ബാറ്റുകൊണ്ടും മികവ് കാട്ടാന്‍ കെല്‍പ്പുള്ള താരമാണ്. 75 ഏകദിനത്തില്‍ നിന്ന് 927 റണ്‍സും 75 വിക്കറ്റും 62 ടി20യില്‍ നിന്ന് 358 റണ്‍സും 66 വിക്കറ്റും 6 ഐപിഎല്ലില്‍ നിന്ന് 32 റണ്‍സും ആറ് വിക്കറ്റുമാണ് സാന്റ്‌നര്‍ നേടിയത്.