ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഇതിഹാസ നായകനാണ് എംഎസ് ധോണി. തൊട്ടതെല്ലാം പൊന്നാക്കിയ മഹാ നായകന്‍. ഇന്ത്യക്കായി മൂന്ന് ഐസിസി കിരീടങ്ങള്‍ നേടിയ ഏക നായകനാണ് ധോണി. ലോക ക്രിക്കറ്റില്‍ത്തന്നെ മൂന്ന് ഐസിസി കിരീടങ്ങള്‍ നേടിയ മറ്റൊരു നായകനില്ല. തോല്‍വി മുഖത്ത് നിന്ന് പല തവണ ഇന്ത്യയെ വിജയ തീരത്തെത്തിച്ച ധോണിക്ക് പക്ഷെ ഇന്ത്യന്‍ ടീം നായകനെന്ന നിലയില്‍ ഒരു മോശം റെക്കോഡുണ്ട്.
ഇന്ത്യ മൂന്ന് ഫോര്‍മാറ്റിലും 100നുള്ളില്‍ ഓള്‍ഔട്ടായപ്പോള്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് ധോണിയായിരുന്നു. മറ്റൊരു ക്യാപ്റ്റന് കീഴിലും ഇന്ത്യ 100 റണ്‍സിനുള്ളില്‍ മൂന്ന് ഫോര്‍മാറ്റിലും ഓള്‍ഔട്ടായിട്ടില്ല. ധോണിയുടെ കീഴില്‍ 94 റണ്‍സിനാണ് ഇന്ത്യ ടെസ്റ്റില്‍ ഓള്‍ ഔട്ടായത്. 2014ല്‍ ഓവറില്‍ നടന്ന ടെസ്റ്റിലായിരുന്നു ഇത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 148 റണ്‍സിന് പുറത്തായപ്പോള്‍ മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് 486 റണ്‍സ് നേടി. കൂറ്റന്‍ ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സിനിറങ്ങിയപ്പോഴാണ് ഇന്ത്യ 94 റണ്‍സിന് പുറത്തായത്.

ധോണി രണ്ടാം ഇന്നിങ്‌സില്‍ പൂജ്യത്തിന് പുറത്തായി. സ്റ്റുവര്‍ട്ട് ബിന്നിയായിരുന്നു (25*) ഇന്ത്യയുടെ ടോപ് സ്‌കോറര്‍. മൂന്ന് താരങ്ങള്‍ മാത്രമാണ് രണ്ടക്കം കണ്ടത്. ഏകദിനത്തില്‍ 88 റണ്‍സിനാണ് ധോണിക്ക് കീഴില്‍ ഇന്ത്യ ഓള്‍ഔട്ടായത്. 2010ല്‍ ന്യൂസീലന്‍ഡിനെതിരായ മത്സരത്തിലായിരുന്നു ഇത്. 289 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 29.3 ഓവറില്‍ 88 റണ്‍സിനാണ് പുറത്തായത്.
20 റണ്‍സെടുത്ത രവീന്ദ്ര ജഡേജയായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറര്‍. വീരേന്ദര്‍ സെവാഗ് (19),ദിനേഷ് കാര്‍ത്തിക് (14) എന്നിവരാണ് മറ്റ് ടോപ് സ്‌കോറര്‍മാര്‍. രോഹിത് ശര്‍മ (4),യുവരാജ് സിങ് (5),സുരേഷ് റെയ്‌ന (6),എംഎസ് ധോണി (2) എന്നിവരെല്ലാം ബാറ്റിങ്ങില്‍ നിരാശപ്പെടുത്തി. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഡാരില്‍ ടുഫിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ കെയ്ല്‍ മില്‍സും ജേക്കബ് ഓറവുമാണ് ഇന്ത്യയെ തകര്‍ത്തത്.
ടി20യില്‍ ധോണിക്ക് കീഴില്‍ മൂന്ന് തവണ ഇന്ത്യ 100ന് താഴെ ഓള്‍ഔട്ടായിട്ടുണ്ട്. 74,92,79 എന്നിങ്ങനെയായിരുന്നു ഇന്ത്യ ഓള്‍ഔട്ടായ സ്‌കോര്‍. 2008ല്‍ ഓസ്‌ട്രേലിയക്കെതിരെയാണ് ഇന്ത്യ 74 റണ്‍സിന് ഓള്‍ഔട്ടായത്. 2019ല്‍ ന്യൂസീലന്‍ഡിനെതിരെയാണ് 92 റണ്‍സിന് ഇന്ത്യ പുറത്തായത്. 2016ലെ ടി20 ലോകകപ്പില്‍ ന്യൂസീലന്‍ഡിനെതിരെയാണ് ഇന്ത്യ 79 റണ്‍സിന് ഓള്‍ഔട്ടായത്.