എംഎസ് ധോണി; ഇന്ത്യയുടെ 'മഹേന്ദ്രജാലം'

റാഞ്ചി: എം എസ് ധോണിയെന്ന പേര് ഇന്ത്യന്‍ ക്രിക്കറ്റിനെയും ഇന്ത്യക്കാരെയും സംബന്ധിച്ച് അഭിമാനത്തിന്റെ അടയാളമാണ്. ക്രിക്കറ്റില്‍ ഇന്ത്യയെ പുതിയ തലങ്ങളിലേക്കുയര്‍ത്തുന്നത് ധോണിയെന്ന റാഞ്ചിക്കാരന്‍ വഹിച്ച പങ്ക് ചില്ലറയല്ല. നായകനെന്ന നിലയില്‍ എതിരാളികളെപ്പോലും മോഹിപ്പിച്ച പ്രതിഭയാണ് ധോണി. സൗരവ് ഗാംഗുലി കൈപിടിച്ചുയര്‍ത്തിയ ഇന്ത്യന്‍ ടീമിനെ പിന്നീട് ഇത്രയും മികച്ച രീതിയിലേക്ക് വളര്‍ത്തിയ മറ്റൊരു നായകനില്ല.

2007ലെ പ്രഥമ ടി20 ലോകകപ്പില്‍ ഇന്ത്യയെ കിരീടം ചൂടിച്ച മാഹേന്ദ്ര ജാലം 2011ലെ ഏകദിന ലോകകപ്പിലും ആവര്‍ത്തിക്കപ്പെട്ടു. 2013ലെ ചാമ്പ്യന്‍സ് ട്രോഫിയിലും ഇന്ത്യയെ കിരീടത്തിലെത്തിച്ചതോടെ ഐസിസിയുടെ മൂന്ന് ട്രോഫിയും നേടുന്ന ആദ്യ നായകനെന്ന ബഹുമതിയും ധോണി സ്വന്തമാക്കി. എതിരാളികളുടെ കണക്കുകൂട്ടലുകളെ മുന്‍കൂട്ടി കണ്ട് തന്ത്രം മെനയുന്ന ധോണിയുടെ മിടുക്ക് പല തവണ ഇന്ത്യയെ അഭിമാന നിമിഷങ്ങളിലേക്ക് നയിച്ചു.

2011ലെ ലോകകപ്പ് ഫൈനലില്‍ വിജയ റണ്‍സ് സിക്‌സിലൂടെ നേടിയ ധോണി ഇക്കാലയളവില്‍ നേടിയെടുത്ത റെക്കോഡുകള്‍ നിരവധിയാണ്. 2004ല്‍ ബംഗ്ലാദേശിനെതിരായ മത്സരത്തിലൂടെയായിരുന്നു ധോണിയുടെ അരങ്ങേറ്റം.ഒരു വര്‍ഷത്തിന് ശേഷം ശ്രീലങ്കയ്‌ക്കെതിരേ ചെന്നൈയില്‍ അദ്ദേഹം ടെസ്റ്റ് അരങ്ങേറ്റവും കുറിച്ചു.കരിയറിന്റെ തുടക്കം അത്ര മികച്ചതായിരുന്നില്ലെങ്കിലും പാകിസ്താനും ശ്രീലങ്കയ്ക്കും എതിരായി നേടിയ വെടിക്കെട്ട് സെഞ്ച്വറികളോടെ ധോണിയുടെ കരിയര്‍ മാറിമറിഞ്ഞു.

ഏകദിനത്തില്‍ 50 ശരാശരിയില്‍ 10000 റണ്‍സ് നേടുന്ന ആദ്യ താരമാണ് ധോണി. ഏകദിനത്തിലെ ഒരു വിക്കറ്റ് കീപ്പറുടെ ഉയര്‍ന്ന സ്‌കോര്‍,കൂടുതല്‍ സ്റ്റംപിങ് എന്നീ റെക്കോഡുകള്‍ ധോണിയുടെ പേരിലാണ്. 345 ഇന്നിങ്‌സില്‍ നിന്നായി 123 സ്റ്റംപിങ്ങും 321 ക്യാച്ചുമാണ് ധോണിയുടെ പേരിലുള്ളത്.ശ്രീലങ്കയുടെ കുമാര്‍ സംഗക്കാരെയാണ് ഈ റെക്കോഡില്‍ ധോണിക്ക് താഴെ. ഏകദിനത്തില്‍ കൂടുതല്‍ നോട്ടൗട്ട് എന്ന റെക്കോഡും ധോണിയുടെ പേരിലാണ്.

350 ഏകദിനം കളിച്ച ധോണി 84 മത്സരങ്ങളിലാണ് പുറത്താവാതെ നിന്നത്. ഇതില്‍ പല മത്സരങ്ങളിലും ഇന്ത്യയെ വിജയ തീരത്തെത്തിക്കാനും അദ്ദേഹത്തിനായി. ഈ റെക്കോഡില്‍ ഷോണ്‍ പൊള്ളോക്ക്,ചാമിന്ദ വാസ്,മുത്തയ്യ മുരളീധരന്‍ എന്നിവരാണ് ധോണിക്ക് താഴെയുള്ളത്. കൂടുതല്‍ ഏകദിന വിജയം ഇന്ത്യക്ക് നേടിക്കൊടുത്ത നായകനാണ് ധോണി. 200 മത്സരത്തില്‍ 110 മത്സരത്തിലും ഇന്ത്യയെ വിജയിപ്പിക്കാന്‍ ധോണിക്കായി. അസ്ഹറുദ്ദീന്‍ 90 ഏകദിനത്തിലും ഗാംഗുലി 70 ഏകദിനത്തിലുമാണ് ഇന്ത്യയെ വിജയിപ്പിച്ചത്.

2014ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ധോണി ഇപ്പോള്‍ പരിമിത ഓവര്‍ ക്രിക്കറ്റില്‍ മാത്രമാണ് കളിക്കുന്നത്. എന്നാല്‍ 2019ലെ ഏകദിന ലോകകപ്പ് സെമി തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ടീമില്‍ നിന്ന് ഇടവേളയെടുത്ത ധോണി ദേശീയ ജേഴ്‌സിയില്‍ തിരിച്ചുവരുന്നത് കാണാനുള്ള കാത്തിരുപ്പിലാണ് ആരാധകര്‍. 39ാം വയസിലും ധോണി പഴയ ധോണിയായിത്തന്നെ ആരാധക മനസില്‍ നിറഞ്ഞ് നില്‍ക്കട്ടെ, ഇനിയും വിക്കറ്റിന് പിന്നില്‍ വിസ്മയങ്ങള്‍ തീര്‍ക്കട്ടെ.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Friday, July 31, 2020, 9:17 [IST]
Other articles published on Jul 31, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X