
മൂന്നു മാസത്തിനുള്ളില്‍ നടക്കാനിരിക്കുന്ന ഐസിസി ചാംപ്യന്‍സ് ട്രോഫിയായിരിക്കും ധോണിയുടെ ഭാവി തീരുമാനിക്കുകയെന്ന് താരത്തിന്റെ ആദ്യ കോച്ചുമാരില്‍ ഒരാളായ ബാനര്‍ജി പറയുന്നു.

ചാംപ്യന്‍സ് ട്രോഫിയില്‍ തിളങ്ങാനായാല്‍ 2019ലെ ലോകകപ്പിലും ഇന്ത്യന്‍ ജഴ്‌സിയില്‍ ധോണിയെ കാണാനാവും. എന്നാല്‍ മറിച്ചാണെങ്കില്‍ അദ്ദേഹത്തിന്റെ കരിയര്‍ തന്നെ ഒരു പക്ഷെ അവസാനിച്ചേക്കുമെന്ന് കോച്ച് പറഞ്ഞു.

പ്രായം കൂടി വരുന്നത് തീര്‍ച്ചയായും താരങ്ങളെ ബാധിക്കും. എല്ലാ പ്രായത്തിലും ഒരേ സ്‌ട്രൈക്ക് റേറ്റ് കാത്തുസൂക്ഷിക്കാന്‍ സാധിക്കില്ല. ധോണിക്കു സംഭവിക്കുന്നതും ഇതാണെന്ന് ബാനര്‍ജി വിശദമാക്കി.

മനക്കരുത്തും കളിയെ വിശകലനം ചെയ്യാനുള്ള കഴിവുമാണ് ധോണിയെ മറ്റുള്ളവരില്‍ നിന്നു വ്യത്യസ്തനാക്കുന്നത്. ഫോം നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കുന്നതെന്ന് ബാനര്‍ജി പറഞ്ഞു.

തന്നെ ആരെങ്കിലും പിടിച്ച് പുറത്താക്കുന്നത് ധോണിക്ക് ഇഷ്ടമല്ല. അതുകൊണ്ടു തന്നെയാണ് ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് നീക്കം ചെയ്യപ്പെടുന്നതിന് മുമ്പ് ധോണി നായകസ്ഥാനമൊഴിഞ്ഞതെന്ന് കോച്ച് വ്യക്തമാക്കി.

ധോണി തന്നെ സംബന്ധിച്ചുള്ള ചില കാര്യങ്ങള്‍ ആരോടും വെളിപ്പെടുത്താറില്ല. അതുകൊണ്ടു തന്നെ ടെസ്റ്റില്‍ നിന്നു അദ്ദേഹം വിരമിക്കുന്ന കാര്യം സുഹൃത്തുക്കളോ മാതാപിതാക്കളോ പോലും അറിഞ്ഞിരുന്നില്ലെന്ന് ബാനര്‍ജി പറഞ്ഞു.

ഐപിഎല്‍ ടീമായ റൈസിങ് പൂനെ ജയന്റ്‌സിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് ധോണിയെ മാറ്റിയതില്‍ താന്‍ അസംതൃപ്തനാണെന്ന് ബാനര്‍ജി പറഞ്ഞു. ടീമുടമകള്‍ എടുത്ത തീരുമാനത്തില്‍ ധോണിക്ക് ഒന്നും ചെയ്യാനാവില്ല. പുതിയ സീസണിലും അവര്‍ക്കുവേണ്ടി കളിക്കുകയെന്ന വഴി മാത്രമേ താരത്തിനു മുന്നിലുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications











