വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കു ധോണിക്കു പകരക്കാരനായി നിലവില്‍ ഇന്ത്യക്കു മറ്റൊരു താരമില്ല. പലരെയും ഈ റോളില്‍ ഇന്ത്യ പരീക്ഷിച്ചു നോക്കി. പക്ഷെ അവര്‍ക്കൊന്നും തങ്ങളുടെ റോളിനോടു നീതി പുലര്‍ത്താനായിട്ടില്ല.
ഇപ്പോള്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യ വിക്കറ്റ് കീപ്പറായി ഇന്ത്യ പരീക്ഷിക്കുന്ന കെഎല്‍ രാഹുലിനെ ദീര്‍ഘകാലത്തേക്കു ആശ്രയിക്കാനാവില്ല. ബാക്കപ്പ് വിക്കറ്റ് കീപ്പറായി മാത്രമേ അദ്ദേഹത്തെ കാണാന്‍ സാധിക്കുകയുള്ളൂവെന്നും കൈഫ് വ്യക്തമാക്കി.
റിഷഭ് പന്ത്, സഞ്ജു സാംസണ് ഇവര്‍ക്കു ധോണിയുടെ പകരക്കാരനാവാന്‍ സാധിക്കുന്നില്ലെങ്കില്‍ ഇന്ത്യ ഒരു സ്പെഷ്യല്‍ വിക്കറ്റ് കീപ്പറെ വളര്‍ത്തിയെടുക്കണം. അയാള്‍ക്കു പരിക്കേറ്റാല്‍ പകരക്കാരനായി രാഹുലിനെ പരീക്ഷിക്കാവുന്നതാണ്.
സച്ചിന് ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, വിവിഎസ് ലക്ഷ്മണ് എന്നിവരെക്കുറിച്ച് നാം പറയുമ്പോള്‍ അവരുടെ പകരക്കാരായി വിരാട് കോലി, രോഹിത് ശര്‍മ, ചേതേശ്വര്‍ പുജാര എന്നിവരെ പരിഗണിക്കാന്‍ കഴിയും. മുന്‍ താരങ്ങളുടെ അഭാവം ഇപ്പോഴുള്ളവര്‍ നികത്തിക്കഴിഞ്ഞു. പക്ഷെ ധോണിയുടെ കാര്യത്തില്‍ ഇതല്ല സ്ഥിതി. അതുകൊണ്ടു തന്നെ ധോണി തന്നെയാണ് ഇപ്പോഴും ഇന്ത്യയുടെ നമ്പര്‍ വണ്‍ വിക്കറ്റ് കീപ്പറെന്നാണ് താന്‍ കരുതുന്നത്. ഇപ്പോഴും മികച്ച ഫിറ്റ്നസുള്ള ധോണിയെ ധൃതി പിടിച്ച് തഴയരുതെന്നും കൈഫ് പറഞ്ഞു.
കെഎല്‍ രാഹുലിനെ സ്ഥിരം വിക്കറ്റ് കീപ്പറായി കാണാന്‍ കഴിയില്ലെന്നു നേരത്തേ ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ പാര്‍ഥീവ് പട്ടേല്‍ അഭിപ്രായപ്പെട്ടിരുന്നു.
ഏകദിനം, ടി20 എന്നിവയില്‍ രാഹുലിനെ വിക്കറ്റ് കീപ്പറായി ഇന്ത്യക്കു ദീര്‍ഘകാലത്തേക്കു ആശ്രയിക്കാന്‍ കഴിയില്ല. കുറച്ചു കാലത്തേക്കു മാത്രം നമുക്ക് ഈ റോള്‍ അദ്ദേഹത്തെ ഏല്‍പ്പിക്കാം. ഈ വര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിലും വേണമെങ്കില്‍ രാഹുലിനെ വിക്കറ്റ് കീപ്പറാക്കുന്നതില്‍ തെറ്റുണ്ടെന്നു തോന്നുന്നില്ല. ലോകകപ്പില്‍ ഈ റോളില്‍ രാഹുല്‍ നല്ല പ്രകടനം നടത്തുമെന്ന കാര്യത്തില്‍ തനിക്ക് ഒരു സംശയവുമില്ലെന്നും പാര്‍ഥീവ് വിശദമാക്കി.