
എട്ടു മാസത്തോളമായി ധോണി ക്രിക്കറ്റ് കളിച്ചിട്ട്. കൃത്യമായി പറഞ്ഞാല്‍ ഇന്ത്യയുടെ ലോകകപ്പ് തോല്‍വിക്ക് ശേഷം മുന്‍ ഇന്ത്യന്‍ നായകന്‍ ക്രീസില്‍ ബാറ്റേന്തിയിട്ടില്ല.
സൈനികസേവനത്തിന് വേണ്ടിയായിരുന്നു ധോണി ഇറങ്ങിപ്പുറപ്പെട്ടത്. ഇതിനായി രണ്ടുമാസക്കാലം ഇദ്ദേഹം അവധിയെടുത്തു. എന്നാല്‍ അവധി കഴിഞ്ഞും ടീമില്‍ തിരിച്ചെത്താന്‍ താരം കൂട്ടാക്കിയില്ല.

ഓരോ പരമ്പര വരുമ്പോഴും ധോണി സ്വയം പിന്മാറി. മുന്‍ ഇന്ത്യന്‍ നായകന് അടുത്തെങ്ങും ടീമില്‍ കളിക്കാന്‍ ഉദ്ദേശ്യമില്ലെന്ന് കണ്ടതോടെയാണ് ധോണിയില്‍ നിന്നും മാറി ചിന്തിക്കാന്‍ സെലക്ഷന്‍ കമ്മിറ്റിയും തീരുമാനിച്ചത്. ഇതിനിടയില്‍ ധോണിയുമായുള്ള വാര്‍ഷിക കരാറും ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ഉപേക്ഷിച്ചു. നിലവില്‍ റിഷഭ് പന്താണ് ടീമില്‍ ധോണിക്ക് പകരക്കാരന്‍. പന്തു പ്രതീക്ഷ കാത്തില്ലെങ്കില്‍ കെഎല്‍ രാഹുല്‍ എന്ന ഓപ്ഷനും ഇന്ത്യയ്ക്ക് മുന്നിലുണ്ട്.

ഈ സാഹചര്യത്തില്‍ ധോണി എങ്ങനെ ടീമില്‍ തിരിച്ചുകയറും? ഇതിനുള്ള വഴിയാണ് ഐപിഎല്‍. ഐപിഎല്ലില്‍ തിളങ്ങിയാല്‍ ധോണിക്ക് ടീമില്‍ തിരിച്ചെത്താമെന്ന് പരിശീലകന്‍ രവി ശാസ്ത്രിയും പുതിയ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സുനില്‍ ജോഷിയും വ്യക്തമാക്കിക്കഴിഞ്ഞു. പുതിയ സീസണില്‍ പതിവുപോലെ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നായകനാണ് മഹേന്ദ്ര സിങ് ധോണി. സീസണിന് മുന്നോടിയായി ഫ്രാഞ്ചൈസിയുടെ പരിശീലന പരിപാടിയില്‍ ധോണി സജീവമായി പങ്കെടുത്തു വരികയായിരുന്നു.

നെറ്റ്‌സില്‍ തുടരെ സിക്‌സുകള്‍ പറത്തിയ ധോണി, രണ്ടു കല്‍പ്പിച്ചാണ് വരുന്നതെന്ന സൂചനയും നല്‍കുകയുണ്ടായി. എന്നാല്‍ കൊറോണ ഭീതി മുന്‍നിര്‍ത്തി ഏപ്രില്‍ 15 -ലേക്ക് ഐപിഎല്‍ തീയതി ബിസിസിഐ നീട്ടി. നാടും നഗരവും കൊറോണയ്ക്ക് എതിരെ പോരാടുമ്പോള്‍ പരിശീലന ക്യാംപ് അവസാനിപ്പിക്കാന്‍ ചെന്നൈ നിര്‍ബന്ധിതരായിരിക്കുന്നു.

ഐപിഎല്ലിനുള്ള തയ്യാറെടുപ്പുകളെല്ലാം ടീമുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പരിശീലനം മതിയാക്കി ധോണി ചെന്നൈയില്‍ നിന്നും താത്കാലികമായി മടങ്ങി. എന്തായാലും സിഎസ്‌കെ ക്യാംപിനോട് വിടചൊല്ലുന്ന ധോണിയുടെ പുതിയ വീഡിയോ ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ പ്രചാരം നേടുകയാണ്.
പറഞ്ഞുവരുമ്പോള്‍ ഈ വര്‍ഷം ഐപിഎല്‍ നടക്കുമോയെന്ന കാര്യത്തില്‍ ബിസിസിഐക്ക് ഇപ്പോഴും തീര്‍ച്ചയില്ല. ശനിയാഴ്ച്ച ഫ്രാഞ്ചൈസികളുമായി ബിസിസിഐ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. അടഞ്ഞ സ്റ്റേഡിയങ്ങളില്‍ മത്സരം നടത്തണമെന്ന പക്ഷമാണ് ഫ്രാഞ്ചൈസികള്‍ക്ക്.

എന്നാല്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമല്ലെങ്കില്‍ ഐപിഎല്‍ ഉപേക്ഷിക്കാന്‍ ബിസിസിഐ നിര്‍ബന്ധിതരാകും. ഏപ്രില്‍ 15 വരെ രാജ്യത്തേക്കുള്ള വിസകളെല്ലാം കേന്ദ്ര സര്‍ക്കാര്‍ റദ്ദു ചെയ്തിട്ടുണ്ട്. ഇക്കാരണത്താല്‍ ഏപ്രില്‍ 15 -ന് ശേഷം മാത്രമേ വിദേശ താരങ്ങള്‍ക്ക് ഇന്ത്യയില്‍ എത്താന്‍ കഴിയുകയുള്ളൂ.
ഏപ്രില്‍ 20 -ന് മുകളില്‍ ഐപിഎല്‍ തീയതി നീട്ടിക്കൊണ്ടുപോകാന്‍ കഴിയില്ലെന്ന് ഐപിഎല്‍ ഭരണസമിതി ബിസിസിഐയെ അറിയിച്ചിട്ടുണ്ട്. മത്സരക്രമം വെട്ടിച്ചുരുക്കിയാണെങ്കിലും ഐപിഎല്‍ നടത്താനുള്ള ആലോചനയിലാണ് ഗാംഗുലിയും സംഘവും.

ഇതേസമയം, രാജ്യത്തെ കായിക മത്സരങ്ങളെല്ലാം റദ്ദു ചെയ്യണമെന്നാണ് കേന്ദ്ര കായിക മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. ബിസിസിഐക്ക് മേല്‍ ഇതും വലിയ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. എന്തായാലും ഐപിഎല്‍ ഉപേക്ഷിക്കേണ്ടി വരികയാണെങ്കില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ മഹന്ദ്രസിങ് ധോണിക്ക് ടീമില്‍ തിരിച്ചെത്താനുള്ള അവസാന പഴുതാണ് അടയുക.


Click it and Unblock the Notifications