ധോണി ഇന്ത്യയുടെ 'ആറാം' തമ്പുരാന്‍!! സിക്‌സറില്‍ റെക്കോര്‍ഡ്, പിന്നിലാക്കിയത് ഹിറ്റ്മാനെ...

ബെംഗളൂരു: ഇന്ത്യയുടെ ഇതിഹാസ വിക്കറ്റ് കീപ്പറും മുന്‍ നായകനുമായ എംഎസ് ധോണിയുടെ കരിയറിലേക്ക് വീണ്ടുമൊരു പൊന്‍തൂവല്‍ കൂടി. ഇതിനകം പല റെക്കോര്‍ഡുകളും ക്യാപ്റ്റനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും വിക്കറ്റ് കീപ്പറെന്ന നിലയിലുമെല്ലാം തന്റെ പേരില്‍ അദ്ദേഹം കുറിച്ചിട്ടുണ്ട്. ഇപ്പോള്‍ സിക്‌സര്‍ വേട്ടയിലാണ് ധോണി ചരിത്രം കുറിച്ചത്.
ഓസ്‌ട്രേലിയക്കെതിരേ നടന്ന രണ്ടാം ടി20യിലെ പ്രകടനമാണ് ധോണിയെ പുതിയ റെക്കോര്‍ഡിടാന്‍ സഹായിച്ചത്. കളിയില്‍ ധോണി 23 പന്തില്‍ നിന്നും 40 റണ്‍സുമായി കസറിയിരുന്നു.

350 സിക്‌സറുകള്‍
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യക്കു വേണ്ടി 350 സിക്‌സറുകള്‍ നേടിയ ആദ്യ താരമെന്ന റെക്കോര്‍ഡിന് ധോണി അവകാശിയായി. ഓസീസിനെതിരായ രണ്ടാം ടി20യില്‍ അദ്ദേഹം മൂന്നു സിക്‌സറുകള്‍ പറത്തിയിരുന്നു. ഇതോടെയാണ് ധോണി ചരിത്രനേട്ടത്തിന് അവകാശിയായത്.
വെടിക്കെട്ട് ഓപ്പണറും ഇന്ത്യന്‍ വൈസ് ക്യാപ്റ്റനുമായ രോഹിത് ശര്‍മയെയാണ് ധോണി പിന്തള്ളിയത്. ഓസീസിനെതിരായ കളിക്കു മുമ്പ് 349 സിക്‌സറുമായി റെക്കോര്‍ഡ് പങ്കിടുകയായിരുന്നു ഇരുവരും.

300 സിക്‌സറും ആദ്യം തികച്ചു
350 സിക്‌സറുകള്‍ മാത്രമല്ല അന്താരാഷ്ട്ര ക്രിക്കറ്റില്‍ രാജ്യത്തിനായി 300 സിക്‌സറുകള്‍ പൂര്‍ത്തിയാക്കിയ ആദ്യ താരവും ധോണി തന്നെയാണ്. ഓസീസിനെതിരേ നേടിയ മൂന്നു സിക്‌സറുകളോടെ ടി20യില്‍ 50 സിക്‌സറുകളെന്ന നാഴികക്കല്ലും മുന്‍ നായകന്‍ പിന്നിട്ടു.
രണ്ടാം ടി20യില്‍ ഡാര്‍സി ഷോര്‍ട്ടിന്റെ ബൗളിങിലാണ് ധോണിയുടെ മൂന്നു സിക്‌സറുകളും പിറന്നത്.

ധോണിക്കൊപ്പമെത്താന്‍ രോഹിത്
ടി20 പരമ്പരയില്‍ തിളങ്ങാനായില്ലെങ്കിലും ഓസ്‌ട്രേലിയക്കെതിരായ അഞ്ചു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ ഇതിനു പ്രായശ്ചിത്തം ചെയ്യാനായിരിക്കും രോഹിത്തിന്റെ ശ്രമം. നിലവില്‍ 349 സിക്‌സറുകള്‍ സ്വന്തം പേരിലുള്ള ഹിറ്റ്മാന്‍ ആദ്യ ഏകദിനത്തില്‍ തന്നെ 350 സിക്‌സുകള്‍ പൂര്‍ത്തിയാക്കി ധോണിക്കു പിന്നാലെ എലൈറ്റ് ക്ലബ്ബില്‍ അംഗമാവാമെന്ന പ്രതീക്ഷയിലാണ്.
ശനിയാഴ്ചയാണ് ഇന്ത്യയും ഓസീസും തമ്മിലുള്ള ഏകദിന പരമ്പരയ്ക്കു തുടക്കമാവുന്നത്. ഹൈദരാബാദിലാണ് ആദ്യ മല്‍സരം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications