വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL: ബാറ്റിങ് ശരാശരിയില്‍ കേമന്‍മാര്‍- ടോപ് ഫൈവില്‍ ഇന്ത്യയുടെ രണ്ടു താരങ്ങള്‍

ഡേവിഡ് വാര്‍ണറാണ് ലിസ്റ്റില്‍ ഒന്നാമത്

ഐപിഎല്ലിന്റെ മറ്റൊരു സീസണ്‍ കൂടി പടിവാതില്‍ക്കെ എത്തി നില്‍ക്കുകയാണ്. ഒരുപാട് അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണ്‍ യുഎഇയില്‍ നടക്കാനിരിക്കുന്നത്. സപ്തംബര്‍ 19 മുതല്‍ നവംബര്‍ 10 വരെയാണ് ടൂര്‍ണമെന്റ് നടക്കുന്നത്.

ഇതുവരെ നടന്ന 12 സീസണുകളിലേക്കു നോക്കിയാല്‍ ഒരുപിടി മികച്ച ബാറ്റ്‌സ്മാന്‍മാരെയും തകര്‍പ്പന്‍ ഇന്നിങ്‌സുകളും നമുക്ക് കാണാന്‍ സാധിക്കും. ഒരു ബാറ്റ്‌സ്മാന്റെ സ്ഥിരത തെളിയിക്കുന്നത് അയാളുടെ ശരാശരി തന്നെയാണ്. ഏറ്റവും മികച്ച ബാറ്റിങ് ശരാശരിയുള്ള താരം തന്നെയാണ് മിസ്റ്റര്‍ കണ്‍സിസ്റ്റന്റെന്നു സംശയമില്ലാതെ പറയാം. ടൂര്‍ണമെന്റിന്റെ ഇതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും മികച്ച ബാറ്റിങ് ശരാശരിയുള്ള അഞ്ചു ബാറ്റ്‌സ്മാന്‍ ആരൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

എബി ഡിവില്ലിയേഴ്‌സ്

എബി ഡിവില്ലിയേഴ്‌സ്

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സാണ് ബാറ്റിങ് ശരാശരിയില്‍ അഞ്ചാംസ്ഥാനത്തു നില്‍ക്കുന്നത്. ഐപിഎല്ലില്‍ 142 ഇന്നിങ്‌സുകളില്‍ നിന്നുമ 39.95 ശരാശരിയില്‍ 4395 റണ്‍സാണ് എബിഡി നേടിയിട്ടുള്ളത്. ക്യാപ്റ്റന്‍ വിരാട് കോലിക്കൊപ്പം ആര്‍സിബിയുടെ ബാറ്റിങ് നെടുംതൂണുകളിലൊന്ന് കൂടിയാണ് അദ്ദേഹം.
151.23 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലാണ് എബിഡി 4000ത്തിനു മുകളില്‍ സ്‌കോര്‍ ഐപിഎല്ലില്‍ നേടിയിട്ടുള്ളത്. മൂന്നു ഐപിഎല്‍ സെഞ്ച്വറികളും 33 ഫിഫ്റ്റികളും അദ്ദേഹത്തിന്റെ പേരിലുണ്ട്. 2018ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിച്ചെങ്കിലും ഐപിഎല്ലില്‍ എബിഡി കളി തുടരുകയായിരുന്നു.

ക്രിസ് ഗെയ്ല്‍

ക്രിസ് ഗെയ്ല്‍

യൂനിവേഴ്‌സല്‍ ബോസന്നു സ്വയം വിശേഷിപ്പിക്കുന്ന കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലിനാണ് നാലാംസ്ഥാനം. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നിവര്‍ക്കായി കളിച്ച ശേഷമാണ് അദ്ദേഹം ഇപ്പോള്‍ പഞ്ചാബിലെത്തിയിരിക്കുന്നത്.
ഐപിഎല്ലില്‍ ഇതുവരെ 124 ഇന്നിങ്‌സുകളില്‍ നിന്നും 41.13 ശരാശരിയില്‍ 4484 റണ്‍സാണ് ഗെയ്ല്‍ നേടിയിട്ടുള്ളത്. ടൂര്‍ണമെന്റിലെ ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോറിന് അവകാശിയും അദ്ദേഹമാണ്. പൂനെ വാരിയേഴ്‌സിനെതിരേയാണ് ആര്‍സിബിക്കതു വേണ്ടി ഗെയ്ല്‍ പുറത്താവാതെ 175 റണ്‍സ് നേടിയത്. തന്റേതായ ദിവസം തനിച്ചു തന്നെ എതിര്‍ ടീമിന്റെ കഥ കഴിക്കാനുള്ള പ്രഹരശേഷി ഗെയ്‌ലിനുണ്ട്.

കെഎല്‍ രാഹുല്‍

കെഎല്‍ രാഹുല്‍

ഇന്ത്യയുടെ കെഎല്‍ രാഹുലാണ് ഐപിഎല്ലില്‍ മികച്ച ബാറ്റിങ് ശരാശരിയുള്ള മൂന്നാമത്തെ താരം. കഴിഞ്ഞ രണ്ടു മൂന്ന് വര്‍ഷത്തിനിടെയാണ് രാഹുല്‍ ലോക ക്രിക്കറ്റിലെ ഏറ്റവും പ്രതിഭാശാലിയായ ബാറ്റ്‌സ്മാന്‍മാരുടെ നിരയിലേക്കുയര്‍ന്നത്. മികച്ച സാങ്കേതികത്തികവുള്ള ബാറ്റ്‌സ്മാന്‍ കൂടിയായ അദ്ദേഹം ഐപിഎല്ലിന്റെ പുതിയ സീസണില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ക്യാപ്റ്റന്‍ കൂടിയാണ്. ഇതാദ്യമായാണ് രാഹുല്‍ ഒരു ടീമിന്റെ ഫുള്‍ ടൈം ക്യാപ്റ്റനാവുന്നത്.
ഐപിഎല്ലില്‍ 58 മല്‍സരങ്ങള്‍ മാത്രം കളിച്ച അദ്ദേഹം 42.06 ശരാശരിയില്‍ 1977 റണ്‍സ് നേടിയിട്ടുണ്ട്. 138.15 ആണ് രാഹുലിന്റെ സ്‌ട്രൈക്ക് റേറ്റ്. ഐപിഎല്ലിലെ ഏറ്റവും വേഗമേറിയ ഫിഫ്റ്റിയെന്ന റെകക്കോര്‍ഡ് താരത്തിന്റെ പേരിലാണ്. 2018ലെ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേയാണ് വെറും 14 പന്തില്‍ രാഹുല്‍ ഫിഫ്റ്റി തികച്ചത്.
നിലവില്‍ ഐസിസിയുടെ ടി20 ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങില്‍ രണ്ടാംസ്ഥാനത്തും അദ്ദേഹമുണ്ട്. പാകിസ്താന്‍ ക്യാപ്റ്റന്‍ ബാബര്‍ ആസമാണ് തലപ്പത്ത്.

എംഎസ് ധോണി

എംഎസ് ധോണി

ചെന്നൈ സൂപ്പര്‍ കിങ്‌സിനെ മൂന്ന് ഐപിഎല്‍ കിരീടങ്ങളിലേക്കു നയിച്ച, ആദ്യ സീസണ്‍ മുതല്‍ ക്യാപ്റ്റന്റെ റോളില്‍ കളിക്കുന്ന ഇതിഹാസ താരം എംഎസ് ധോണിയാണ് മികച്ച ബാറ്റിങ് ശരാശരിയുള്ള രണ്ടാമന്‍. ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ഫിനിഷറെന്നു വിശേഷിപ്പിക്കപ്പെടുന്ന അദ്ദേഹം ഐപിഎല്ലില്‍ സിഎസ്‌കെയെ നിരവധി അവിസ്മരണീയ വിജയങ്ങളിലേക്കു നയിച്ചിട്ടുണ്ട്.
ഐപിഎല്ലില്‍ 170 ഇന്നിങ്‌സുകളില്‍ നിന്നും 42.20 ശരാശരിയില്‍ 4432 റണ്‍സാണ് ധോണി നേടിയത്. സിഎസ്‌കെയ്ക്കായി ഭൂരിഭാഗം മല്‍സരങ്ങളിലും അഞ്ച്, ആറ് പൊസിഷനുകളില്‍ ഇറങ്ങിയാണ് ഇത്രയും മികച്ച ശരാശരിയില്‍ ധോണി റണ്‍സ് വാരിക്കൂട്ടിയത്. ക്രീസിലെത്തിയ ശേഷം അവസാനം വരെ പുറത്താവാതെ നിന്നാണ് അദ്ദേഹം ടീമിനെ ജയിപ്പിച്ചിട്ടുള്ളതെന്നു ഈ ശരാശരി അടിവരയിടുന്നു.

ഡേവിഡ് വാര്‍ണര്‍

ഡേവിഡ് വാര്‍ണര്‍

ഐപിഎല്ലിലെ ഏറ്റവും മികച്ച ബാറ്റിങ് ശരാശരിയുള്ള താരം ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണറാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായ അദ്ദേഹം മൂന്നു തവണ ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പിന് അവകാശിയായിട്ടുണ്ട്. 2015, 17, 19 സീസണുകളിലായിരുന്നു ഇത്. 2016ല്‍ ഹൈദരാബാദ് ഐപിഎല്‍ ചാംപ്യന്‍മാരായത് വാര്‍ണറുടെ ക്യാപ്റ്റന്‍സിയിലായിരുന്നു.
ഇടംകൈയന്‍ ബാറ്റ്‌സ്മാനായ വാര്‍ണര്‍ ഐപിഎല്ലില്‍ 126 ഇന്നിങ്‌സുകളില്‍ നിന്നും 43.17 ശരാശരിയില്‍ 4706 റണ്‍സ് നേടിയിട്ടുണ്ട്. 142.39 സ്‌ട്രൈക്ക് റേറ്റോടെ നാലു സെഞ്ച്വറികളും 44 ഫിഫ്റ്റികളും ഉള്‍പ്പെടെയായിരുന്നു ഇത്. വിലക്ക് കാരണം 2018ലെ ഐപിഎല്‍ നഷ്ടമായ വാര്‍ണര്‍ കഴിഞ്ഞ സീസണില്‍ ടോപ്‌സ്‌കോററായാണ് ടൂര്‍ണമെന്റിലേക്കു മടങ്ങിവന്നത്.

Story first published: Wednesday, August 5, 2020, 12:48 [IST]
Other articles published on Aug 5, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X