ഒരു കലണ്ടര്‍ വര്‍ഷത്തില്‍ കൂടുതല്‍ ഏകദിന വിക്കറ്റ്; മുന്നിലുള്ള മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ ഇവരാണ്
മുംബൈ: പ്രതിഭാശാലികളായ നിരവധി ബൗളര്‍മാരെ ലോക ക്രിക്കറ്റിന് സമ്മാനിച്ച ടീമാണ് ഇന്ത്യ. പേസിലും സ്പിന്നിലും എക്കാലത്തും എടുത്തുപറയാന്‍ സാധിക്കുന്ന ബൗളര്‍മാര്‍ ഇന്ത്യക്കുണ്ടായിട്ടുണ്ട്. അനില്‍ കുംബ്ലെ,ഹര്‍ഭജന്‍ സിങ്,ജവഗന്‍ ശ്രീനാഥ്,കപില്‍ ദേവ്,സഹീര്‍ ഖാന്‍,വെങ്കിടേഷ് പ്രസാദ് ഇങ്ങനെ വലിയൊരു നീണ്ട ബൗളിങ് നിര തന്നെ ഇന്ത്യന്‍ ക്രിക്കറ്റിന് അഭിമാനമായുണ്ട്. നിലവിലെ ഇന്ത്യന്‍ സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബൂംറ ലോക ക്രിക്കറ്റിന്റെ പേടി സ്വപ്‌നമായി മാറിക്കഴിഞ്ഞു. മികവുള്ള ബൗളര്‍മാരുടെ നീണ്ട പട്ടികയില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ കൂടുതല്‍ ഏകദിന വിക്കറ്റ് നേടിയ മൂന്ന് ഇന്ത്യന്‍ ബൗളര്‍മാര്‍ ആരൊക്കെയാണെന്ന് നോക്കാം.

അനില്‍ കുംബ്ലെ
ഇന്ത്യയുടെ സ്പിന്‍ മാന്ത്രികന്‍ അനില്‍ കുംബ്ലെ ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യന്‍ ടീമിലെ സജീവ സാന്നിധ്യമായിരുന്നു. ടെസ്റ്റില്‍ കൂടുതല്‍ വിക്കറ്റ് നേടിയ ബൗളര്‍മാരില്‍ മൂന്നാം സ്ഥാനത്തുള്ള കുംബ്ലെയാണ് ഒരു കലണ്ടര്‍ വര്‍ഷത്തില്‍ കൂടുതല്‍ വിക്കറ്റ് നേടിയ ഇന്ത്യന്‍ ബൗളറും. 1996ല്‍ 61 വിക്കറ്റാണ് അദ്ദേഹം സ്വന്തമാക്കിയത്. ഒരു കലണ്ടര്‍ വര്‍ഷത്തെ ഒരു ബൗളറുടെ മികച്ച അഞ്ചാമത്തെ പ്രകടനംകൂടിയായിരുന്നു ഇത്. വെറും 32 മത്സരത്തില്‍ നിന്നാണ് കുംബ്ലെയുടെ ഈ നേട്ടം. 16 മെയ്ഡന്‍ ഓവറുകള്‍ എറിഞ്ഞ് 1235 റണ്‍സ് വിട്ടുകൊടുത്താണ് കുംബ്ലെയുടെ നേട്ടം. 1996ലെ ലോകകപ്പില്‍ 15 വിക്കറ്റുമായി ടൂര്‍ണമെന്റിലെ വിക്കറ്റ് വേട്ടക്കാരില്‍ തലപ്പത്തായിരുന്നു കുംബ്ലെ. 1996ല്‍ ഐസിസി ഏകദിന ബൗളിങ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്താനും കുംബ്ലെയ്ക്ക് സാധിച്ചിരുന്നു.

അജിത് അഗാര്‍ക്കര്‍
ഓള്‍റൗണ്ടര്‍ വിശേഷണമുള്ള അജിത് അഗാര്‍ക്കര്‍ 1998ല്‍ 58 വിക്കറ്റാണ് ഏകദിനത്തില്‍ ഇന്ത്യക്കായി നേടിയത്. അരങ്ങേറ്റം വര്‍ഷം തന്നെ മികവുകാട്ടിയ അഗാര്‍ക്കര്‍ 30 മത്സരത്തില്‍ നിന്നാണ് ഈ നേട്ടത്തിലെത്തിയത്. ഓസ്‌ട്രേലിയ,ശ്രീലങ്ക,സിംബാബ്‌വെ ടീമുകള്‍ക്കെതിരേ 10,14,11 വിക്കറ്റുകള്‍ വീഴ്ത്തിയാണ് അഗാര്‍ക്കര്‍ നിറഞ്ഞാടിയത്. 35 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയതായിരുന്നു 1998ലെ അഗാര്‍ക്കറുടെ മികച്ച പ്രകടനം. അക്കാലത്ത് വേഗത്തില്‍ 50 ഏകദിന വിക്കറ്റ് പൂര്‍ത്തിയാക്കുന്ന താരമെന്ന റെക്കോഡിലെത്താനും അഗാര്‍ക്കര്‍ക്ക് സാധിച്ചിരുന്നു. ഏകദിനത്തില്‍ ഇന്ത്യക്കുവേണ്ടി കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ മൂന്നാമത്തെ ബൗളറാണ് അഗാര്‍ക്കര്‍. 288 വിക്കറ്റാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്.

രവീന്ദ്ര ജഡേജ
ഇന്ത്യയുടെ സ്പിന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ ഈ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്.2013സീസണില്‍ 52 വിക്കറ്റാണ് ജഡേജ വീഴ്ത്തിയത്. 34 മത്സരത്തില്‍ നിന്നാണ് ജഡേജയുടെ ഈ നേട്ടം. 303 ഓവറുകള്‍ എറിഞ്ഞ് 4.35 എക്കോണമിയിലാണ് അദ്ദേഹം 52 വിക്കറ്റുകള്‍ പിഴുതത്. 2013ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ ജഡേജ തിളങ്ങിയിരുന്നു. 12 വിക്കറ്റുമായി ടൂര്‍ണമെന്റിലെ വിക്കറ്റ് വേട്ടക്കാരില്‍ തലപ്പത്തായിരുന്നു ജഡേജ. ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്താനും ജഡേജയ്ക്ക് സാധിച്ചു. ഒരിടയ്ക്ക് ഏകദിന ടീമിലെ സ്ഥാനം നഷ്ടമായിരുന്നെങ്കിലും മിന്നും പ്രകടനത്തോടെ അദ്ദേഹം പരിമിത ഓവര്‍ ടീമിലേക്ക് തിരിച്ചെത്തി. ഇക്കഴിഞ്ഞ 2019ലെ ഏകദിന ലോകകപ്പിലും ജഡേജ കളിച്ചിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications