മുംബൈ: ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകന്മാരുടെ പട്ടികയിലെ മുന്‍നിരയിലാണ് എംഎസ് ധോണിയെന്ന ഇതിഹാസത്തിന്റെ സ്ഥാനം. മൂന്ന് ഐസിസി കിരീടങ്ങള്‍ സ്വന്തമാക്കിയ ലോകത്തിലെ ഏക നായകനാണ് ധോണി. ഇന്ത്യക്കായി വിക്കറ്റ് കീപ്പറെന്ന നിലയിലും ഫിനിഷറെന്ന നിലയിലുമെല്ലാം ധോണി നിറഞ്ഞ് നിന്നത് ഇന്ത്യന്‍ ക്രിക്കറ്റിന്റെ സുവര്‍ണ്ണ കാലഘട്ടമായിരുന്നു.
ഇന്ത്യയുടെ കിരീട ക്ഷാമത്തിന് അറുതിവരുത്തിയ നായകനാണ് ധോണി. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങില്‍ പുറത്താവാതെ കൂടുതല്‍ തവണ മികച്ച കൂട്ടുകെട്ട് സൃഷ്ടിച്ച റെക്കോഡില്‍ ആദ്യ അഞ്ചിനെ പരിഗണിക്കുമ്പോള്‍ നിറഞ്ഞ് നില്‍ക്കുന്നത് എംഎസ് ധോണിയാണ്. ഏറ്റവും കൂടുതല്‍ തവണ പുറത്താവാതെ നിന്ന താരവും ധോണിയാണ്. 84 തവണ അദ്ദേഹം പുറത്താവാതെ നിന്നിട്ടുണ്ട്.

ഇന്ത്യക്കുവേണ്ടി കൂടുതല്‍ തവണ പുറത്താവാതെ കൂട്ടുകെട്ട് സൃഷ്ടിച്ചത് ധോണിയും വിരാട് കോലിയുമാണ്. 15 തവണ ഇരുവരും പുറത്താവാതെ കൂട്ടുകെട്ട് സൃഷ്ടിച്ച് ക്രീസില്‍ നിന്നിട്ടുണ്ട്. രണ്ടാം സ്ഥാനത്തും ധോണിയുടെ സാന്നിധ്യമുണ്ട്. ധോണിയും യുവരാജും ചേര്‍ന്ന് 12 തവണയാണ് പുറത്താവാതെ കൂട്ടുകെട്ട് സൃഷ്ടിച്ചത്. മൂന്നാം സ്ഥാനത്തും ധോണിയാണ്. ധോണിയും റെയ്‌നയും ചേര്‍ന്ന് 11 തവണയും പുറത്താവാതെ കൂട്ടുകെട്ട് സൃഷ്ടിച്ചിട്ടുണ്ട്. ദ്രാവിഡും സച്ചിനും 11 തവണ പുറത്താവാതെ കൂട്ടുകെട്ട് സൃഷ്ടിച്ചിട്ടുണ്ട്.
രോഹിതും റെയ്‌നയും 10 തവണയും പുറത്താവാതെ ക്രീസില്‍ നിന്നപ്പോള്‍ ധോണിയും ജഡേജയും 9 തവണയും പുറത്താവാതെ കൂട്ടുകെട്ടുമായി നിന്നിട്ടുണ്ട്. ഇന്ത്യ പതറിപ്പോയ പല സമയത്തും ടീമിനെ ഒറ്റക്ക് വിജയത്തിലേക്കെത്തിക്കാന്‍ ധോണിക്ക് സാധിച്ചിട്ടുണ്ട്. മധ്യനിരയില്‍ സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനുള്ള ധോണിയുടെ കഴിവിനെ വെല്ലുവിളിക്കാന്‍ ഇതുവരെ മറ്റൊരു ബാറ്റ്‌സ്മാനും സാധിച്ചിട്ടില്ലെന്നതാണ് വാസ്തവം.
ഇന്ത്യന്‍ ക്രിക്കറ്റിനെ പുതിയ തലത്തിലേക്കെത്തിച്ച ധോണിയുടെ 40ാം ജന്മദിനം ആരാധകര്‍ ആഘോഷമാക്കുകയാണ്. പ്രമുഖരെല്ലാം ധോണിക്ക് ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. ഐസിസിയും ബിസിസിഐയും ധോണിക്ക് ജന്മദിനാശംസകള്‍ ട്വിറ്ററിലൂടെ നേര്‍ന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ഐപിഎല്ലില്‍ സിഎസ്‌കെയ്ക്കുവേണ്ടി അദ്ദേഹം കളിക്കുന്നുണ്ട്. ഈ വര്‍ഷത്തോടെ ഐപിഎല്ലില്‍ നിന്നും അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപനം നടത്താനാണ് സാധ്യത.
90 ടെസ്റ്റില്‍ നിന്ന് 4876 റണ്‍സും 350 ഏകദിനത്തില്‍ നിന്ന് 10773 റണ്‍സും 98 ടി20യില്‍ നിന്ന് 1617 റണ്‍സും ധോണി നേടിയിട്ടുണ്ട്. 211 ഐപിഎല്ലില്‍ നിന്ന് 4669 റണ്‍സ് നേടിയ ധോണി അഞ്ച് കിരീടങ്ങളും സിഎസ്‌കെയ്ക്ക് നേടിക്കൊടുത്തു.