ദില്ലി: ഐ പി എല്‍ ഒത്തുകളിക്കേസ് വീണ്ടും വിവാദമാകുന്നു. കേസില്‍ കൂടുതല്‍ താരങ്ങള്‍ക്ക് പങ്കുള്ളതായി സൂചന. ഒത്തുകളി കേസില്‍ പെട്ടതാരങ്ങളില്‍ പലരും ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, രാജസ്ഥാന്‍ റോയല്‍ എന്നീ ടീമുകളിലിള്ളവരാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
രാജസ്ഥാന്‍ റോയല്‍സ് ടീമിനെയും ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെയും കൂടാതെ അഞ്ച് ഐ പി എല്‍ ടീമുകള്‍ ഒത്തുകളിച്ചിട്ടുണ്ടെന്നാണ് വിവരം. പന്ത്രണ്ട് മുതല്‍ പതിമൂന്ന് താരങ്ങള്‍ വരെ വാതുവെയ്പ്പില്‍ പങ്കാളികളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

താരങ്ങള്‍ക്ക് ഒത്തുകളിക്കാന്‍ ഒത്താശ ചെയ്തു കൊടുത്തത് ഐ പി എല്ലുമായി ബന്ധപ്പെട്ട ഓഫീഷ്യല്‍സാണെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച മുഗ്ദല്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഒത്തുകളിയുടെ സമഗ്രവിവരങ്ങള്‍ ഉണ്ടെന്നാണ് സൂചന.
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി നേതൃത്വം നല്‍കുന്ന ടീമാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ഇതുമായി ബന്ധപ്പെട്ട് ധോണി ആരോപണങ്ങള്‍ നേരിടുന്നുമുണ്ട്. ഒത്തുകളിയില്‍ മുന്‍നിര താരങ്ങള്‍ക്കും പങ്കുള്ളതായി സൂചനയുണ്ടായിരുന്നു. രാജസ്ഥാന്‍ റോയല്‍സ് ടീമിലെ മലയാളി താരം എസ് ശ്രീശാന്ത് ഒത്തുകളിയുമായി ബന്ധപ്പെട്ട് വേരത്തെ അറസ്റ്റിലായിരുന്നു.