ലണ്ടന്‍: ലോകകപ്പ് അടുത്തിരിക്കെ ക്രിക്കറ്റ് ലോകത്ത് വിവാദത്തിന് തിരികൊളുത്തി മുന്‍ ഇംഗ്ലീഷ് സ്പിന്നര്‍ മോണ്ടി പനേസര്‍. കളിക്കളത്തില്‍ പന്ത് ചുരണ്ടാന്‍ പല മാര്‍ഗങ്ങളും ഉപയോഗിച്ചെന്നാണ് മോണ്ടിയുടെ വെളിപ്പെടുത്തല്‍. പന്ത് ചുരണ്ടിയത് ഏതു തരത്തിലാണെന്നുള്ളതിന്റെ വിശദ വിവരങ്ങള്‍ പനേസറുടെ പുസ്തകമായ 'ദി ഫുള്‍ മോണ്ടി'യിലുണ്ട്.

മിന്റ്‌സ്, സണ്‍സ്‌ക്രീന്‍, സിബ്ബ് എന്നിവയുടെ സഹായത്താല്‍ താന്‍ പന്ത് ചുരണ്ടിയിട്ടുണ്ടെന്ന് മോണ്ടി പറയുന്നു. റിവേഴ്‌സ് സ്വിങ് കിട്ടാന്‍ വേണ്ടിയാണ് ഇത്. റിവേഴ്‌സ് സ്വിങ് ബൗളര്‍മാരെ ഏറെ സഹായിക്കുന്നതാണ്. അതുകൊണ്ടുതന്നെ ഏതുവിധേനയും അതിനായുള്ള ശ്രമത്തിലായിരുന്നു തങ്ങള്‍. സണ്‍സ്‌ക്രീന്‍ ഉള്‍പ്പെടെയുള്ളവ ഉപയോഗിക്കുന്നത് ഫലപ്രദമാണെന്നും പനേസറുടെ പുസ്തകത്തിലുണ്ട്.
യൂണിഫോമിന്റെ പോക്കറ്റിലെ സിബ്ബും പന്ത് ഉരയ്ക്കാന്‍ ഉപയോഗിച്ചു. താന്‍ ഇംഗ്ലണ്ട് ടീമില്‍ ഉള്‍പ്പെട്ടപ്പോഴെല്ലാം തന്റെ പ്രധാന ജോലി പന്ത് ബൗളര്‍മാര്‍ക്കുവേണ്ടി ഒരുക്കുകയായിരുന്നു. തങ്ങള്‍ക്കൊപ്പം പന്തെറിയണമെങ്കില്‍ പന്തിന്റെ തിളക്കം മാറ്റണമെന്ന് പേസ് ബൗളര്‍മാര്‍ തന്നോട് ആവശ്യപ്പെടാറുണ്ട്. യൂണിഫോമില്‍ ഉരയ്ക്കുന്നത് നിയമവേധയമാണെന്നും മോണ്ടി ചൂണ്ടിക്കാട്ടുന്നു.
കൃത്രിമ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് പന്ത് ചുരണ്ടുന്നത് ഗുരുതരമായ കുറ്റമായാണ് കണക്കാക്കുന്നത്. നേരത്തെ ഓസ്‌ട്രേലിയന്‍ ടീം അംഗങ്ങളായ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, ബാന്‍ക്രോഫ്റ്റ് എന്നിവര്‍ പന്ത് ചുരണ്ടിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വിലക്കേര്‍പ്പെടുത്തിയിരുന്നു. കളിക്കാരുടെ നിയമവിരുദ്ധമായ ഇടപെടല്‍ അന്ന് വന്‍വിവാദത്തിന് വഴിവെക്കുകയും ചെയ്തു. പനേസര്‍ ഇപ്പോള്‍ ക്രിക്കറ്റില്‍ സജീവമല്ലാത്തതുകൊണ്ടുതന്നെ അച്ചടക്ക നടപടിയുണ്ടാകില്ലെന്നാണ് സൂചന. അതേസമയം, ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന് പനേസറുടെ വെളിപ്പെടുത്തല്‍ നാണക്കേടുണ്ടാക്കും.