മുംബൈ: മോശം ബോളറെന്ന് പറഞ്ഞ് വിമര്‍ശിച്ചവരെക്കൊണ്ട് കൈയടിപ്പിച്ച് ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഉറപ്പിച്ച താരമാണ് മുഹമ്മദ് സിറാജ്. ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ഗാബ ടെസ്റ്റില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചതോടെയാണ് സിറാജ് ആരാധകരുടെ ഹൃദയം കീഴടക്കിയത്. മൂന്ന് ടെസ്റ്റില്‍ നിന്ന് 13 വിക്കറ്റാണ് സിറാജ് ഓസ്‌ട്രേലിയക്കെതിരേ നേടിയത്. നിലവില്‍ ഐപിഎല്ലിലെ ആര്‍സിബിയുടെ പ്രധാന ബൗളറാണ് സിറാജ്. ഇന്ത്യന്‍ ടീമിലും അദ്ദേഹത്തിന് നിര്‍ണ്ണായക സ്ഥാനമുണ്ട്.
ഇപ്പോഴിതാ തന്റെ ബൗളിങ്ങിനെക്കുറിച്ചും പ്രതീക്ഷകളെക്കുറിച്ചും വിരാട് കോലി നല്‍കിയ പിന്തുണയെക്കുറിച്ചും പങ്കുവെച്ചിരിക്കുകയാണ് സിറാജ്. 'ഇപ്പോള്‍ കൂടുതല്‍ ആത്മവിശ്വാസവും പക്വതയും ബൗളിങ്ങിലുണ്ട്. ലൈനും ലെങ്തും മെചപ്പെടുത്താന്‍ കഠിനമായി പ്രയത്‌നിക്കുന്നു. ബൗളറെന്ന നിലയില്‍ ഓള്‍റൗണ്ട് മികവ് ഉയര്‍ത്താനാണ് ശ്രമിക്കുന്നത്. പഴയ സിറാജ് കഴിഞ്ഞ കാലത്തെ കഥയാണ്. പുതിയ സിറാജിനെ നിങ്ങള്‍ക്ക് കാണാനാവുമെന്നുറപ്പാണ്'-മുഹമ്മദ് സിറാജ് പറഞ്ഞു.
വിരാട് കോലി തനിക്ക് നല്‍കിയ പിന്തുണയെക്കുറിച്ചും സിറാജ് തുറന്ന് പറഞ്ഞു.'ഇന്ത്യന്‍ ടീമിന്റെ ഭാഗമാവുക എന്നത് പറഞ്ഞറിയിക്കാന്‍ സാധിക്കാത്ത അനുഭൂതിയാണ്. മത്സരങ്ങളെ നന്നായി ആസ്വദിക്കുന്നുണ്ട്. ടീമിലെ എല്ലാ സീനിയര്‍ താരങ്ങളും അവരുടേതായ ടിപ്പുകള്‍ പറഞ്ഞ് തരും. ഇത് എന്റെ പേസ് ബൗളിങ് മെച്ചപ്പെടുത്താന്‍ വളരെ സഹായിച്ചിട്ടുണ്ട്. വിരാട് ഭായ് ഇന്ത്യന്‍ നായകനായത് എന്നെ സംബന്ധിച്ച് വലിയ സഹായമാണ്.

അദ്ദേഹത്തിന് കീഴില്‍ ആര്‍സിബിക്കായി ഐപിഎല്ലില്‍ കളിച്ചു. അദ്ദേഹം എന്നെ വിശ്വസിച്ചു. എന്റെ ബൗളിങ്ങിനെ മനസിലാക്കുകയും എത്രത്തോളം എനിക്ക് തിളങ്ങാനാവുമെന്ന് തിരിച്ചറിയുകയും ചെയ്തു. ഇന്ത്യന്‍ ടീമില്‍ സ്ഥിരം അംഗമായി ദീര്‍ഘനാള്‍ കളിക്കണമെന്നാണ് ആഗ്രഹം.2019ലെ മോശം ഐപിഎല്‍ സീസണിന് ശേഷം എത്രത്തോളം ബുദ്ധിമുട്ടിയെന്ന് നന്നായി അറിയാം'-സിറാജ് പറഞ്ഞു.
ടി20 ലോകകപ്പിലേക്ക് ഇന്ത്യ പരിഗണിക്കാന്‍ സാധ്യതയുള്ള താരമാണ് മുഹമ്മദ് സിറാജ്. 2021ലെ ഐപിഎല്ലിന്റെ ആദ്യ പാദത്തില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. നിലവില്‍ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിന്റെ ഭാഗമാണ് അദ്ദേഹം. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍, ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പര എന്നിവയാണ് ഇന്ത്യ കളിക്കുന്നത്. ജസ്പ്രീത് ബുംറ, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, ഉമേഷ് യാദവ് എന്നീ സീനിയര്‍ പേസര്‍മാരുള്ളതിനാല്‍ സിറാജിന് പ്ലേയിങ് 11 അവസരം ലഭിക്കാന്‍ സാധ്യത കുറവാണ്.