IPL 2026: മില്ലർ സ്വന്തം ടീമിന്റെ കില്ലറായോ? സൂപ്പർ ഓവർ പോലും ഇല്ലാതാക്കിയ താരത്തോട് ക്ഷമിക്കില്ലെന്ന് കൈഫ്!
ഗുജറാത്ത് ടൈറ്റൻസിനെതിരായ ആവേശപ്പോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസ് ഒരു റണ്ണിന് പരാജയപ്പെട്ടതിന് പിന്നാലെ ചർച്ചകൾ ചൂടുപിടിക്കുകയാണ്. കെ.എൽ രാഹുലിന്റെ പടുകൂറ്റൻ ഇന്നിംഗ്‌സിനും (92) ഡൽഹിയെ വിജയതീരത്ത് എത്തിക്കാൻ സാധിച്ചില്ല. എന്നാൽ തോൽവിക്ക് കാരണം ബാറ്റിംഗ് പാളിച്ചയല്ല, മറിച്ച് അവസാന ഓവറിലെ ഡേവിഡ് മില്ലറുടെ തെറ്റായ തീരുമാനമാണെന്ന് മുഹമ്മദ് കൈഫ് ആരോപിക്കുന്നു. സ്റ്റാർ സ്പോർട്സിലെ ചർച്ചയ്ക്കിടെയാണ് കൈഫ് മില്ലറുടെ അനുഭവസമ്പത്തിനെപ്പോലും ചോദ്യം ചെയ്തുകൊണ്ട് രംഗത്തെത്തിയത്.
സൂപ്പർ ഓവർ എന്ന സുരക്ഷിത പാത വേണ്ടെന്ന് വെച്ചോ?
അവസാന ഓവറിൽ ജയിക്കാൻ 13 റൺസ് വേണ്ടിയിരുന്ന സാഹചര്യത്തിൽ പ്രസിദ്ധ് കൃഷ്ണയെ ഫോറും സിക്സറും പറത്തി മില്ലർ ഡൽഹിയെ വിജയത്തിന് തൊട്ടടുത്തെത്തിച്ചിരുന്നു. അവസാന രണ്ട് പന്തിൽ ജയിക്കാൻ 2 റൺസ് മാത്രം മതിയായിരുന്നു. അഞ്ചാം പന്തിൽ സിംഗിൾ എടുക്കാൻ വ്യക്തമായ അവസരമുണ്ടായിട്ടും മില്ലർ അത് വേണ്ടെന്ന് വെച്ച് കുൽദീപ് യാദവിനെ നോൺ-സ്ട്രൈക്കർ എൻഡിലേക്ക് മടക്കി അയച്ചു. ഇതാണ് കൈഫിനെ ചൊടിപ്പിച്ചത്.

കൈഫിന്റെ വാക്കുകൾ ഇങ്ങനെ:
"മില്ലർ ചെയ്തത് 200 ശതമാനവും തെറ്റാണ്. ആ അഞ്ചാം പന്തിൽ അദ്ദേഹം ഒരു സിംഗിൾ എടുത്ത് സ്കോർ തുല്യമാക്കാൻ ശ്രമിക്കണമായിരുന്നു. കുൽദീപിനെ സ്ട്രൈക്കിൽ കൊണ്ടുവരുന്നത് കൊണ്ട് നഷ്ടമൊന്നുമില്ല. ഒരുപക്ഷേ കുൽദീപ് പുറത്തായാൽ പോലും കളി സൂപ്പർ ഓവറിലേക്ക് നീങ്ങുമായിരുന്നു. ഡൽഹി ഒരിക്കലും തോൽക്കില്ലായിരുന്നു. മില്ലർ ഒരു ചൂതാട്ടത്തിനാണ് മുതിർന്നത്. അദ്ദേഹത്തെപ്പോലൊരു സീനിയർ താരത്തിൽ നിന്ന് ഉണ്ടാകാൻ പാടില്ലാത്ത തെറ്റായിരുന്നു ഇത്."
മില്ലറുടെ അത്മവിശ്വാസം വിനയായപ്പോൾ!
അവസാന പന്തിൽ സിക്സറടിച്ച് കളി ജയിപ്പിക്കാം എന്ന അമിത ആത്മവിശ്വാസമാണ് മില്ലർ കാട്ടിയതെന്ന് കൈഫ് നിരീക്ഷിക്കുന്നു. എന്നാൽ പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ കൃത്യതയാർന്ന സ്ലോവർ ബോൾ മില്ലറുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു. അവസാന പന്തിൽ കുൽദീപ് യാദവ് റണ്ണിനായി ഓടിയെങ്കിലും ജോസ് ബട്ലറുടെ മിന്നൽ വേഗത്തിലുള്ള റണ്ണൗട്ട് ഡൽഹിയുടെ വിധി കുറിച്ചു. മില്ലർ ആറാം പന്തിൽ പുറത്താകാതെ നിന്നുവെങ്കിലും ഡൽഹി ഒരു റണ്ണിന് തോറ്റുപോയി.
മുൻ ഇന്ത്യൻ താരം ഇർഫാൻ പഠാനും ഈ അഭിപ്രായം ശരിവെച്ചു. കുൽദീപ് ഡൊമസ്റ്റിക് മത്സരങ്ങളിൽ ബാറ്റ് ചെയ്യുന്നത് നാമെല്ലാം കണ്ടിട്ടുള്ളതാണ്. ആ സംഗിൾ എടുത്തിരുന്നെങ്കിൽ മത്സരം ഡൽഹിയുടെ കൈവിട്ട് പോകില്ലായിരുന്നു എന്നും അത് എടുക്കാതിരുന്നത് വലിയ മണ്ടത്തരമായിരുന്നു എന്നും ഇർഫാൻ സ്റ്റാർ സ്പോർട്സിൽ സംസാരിക്കവെ പറഞ്ഞു.
കെ.എൽ രാഹുലിന്റെ ഇത്രയും വലിയ പോരാട്ടം പാഴാക്കാൻ മില്ലറുടെ ഈ ഒരൊറ്റ തീരുമാനം കാരണമായെന്നാണ് സോഷ്യൽ മീഡിയയിലും ആരാധകർ പറയുന്നത്. 92 റൺസുമായി പൊരുതി വീണ കെ എൽ രാഹുലിന് മില്ലർ നൽകിയ സമ്മാനം ഈ തോൽവിയാണെന്ന് ആരാധകർ വിമർശിക്കുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications