ദില്ലി: ലോകകപ്പ് ക്രിക്കറ്റില്‍ ആറാം തവണയും ഇന്ത്യയോട് തോറ്റ പാക്കിസ്ഥാന്‍ ടീമിനെ ഇന്ത്യന്‍ മാധ്യമങ്ങള്‍ അപകീര്‍ത്തിപ്പെടുത്തുകയാണെന്ന് പാക്കിസ്ഥാന്‍ ഓള്‍ റൗണ്ടര്‍ മുഹമ്മദ് ഹഫീസ്. ലോകകപ്പിനായി ഓസ്‌ട്രേലിയയിലെത്തിയ ഹഫീസ് പരിക്കിനെ തുടര്‍ന്ന് സ്വരാജ്യത്തേക്ക് മടങ്ങിയിരുന്നു. ഇതിനെതിരെ ചില മാധ്യമങ്ങള്‍ വാര്‍ത്തമെനഞ്ഞതാണ് ഹഫീസിനെ ചൊടിപ്പിച്ചത്.
മുന്‍ ക്യാപ്റ്റനായ ഹഫീസ് നിലവിലെ ക്യാപ്റ്റന്‍ മിസ്ബ ഉള്‍ ഹഖുമായി അസ്വാരസ്യമുണ്ടെന്നും ഇതിനെ തുടര്‍ന്നാണ് ഹഫീസ് മടങ്ങിയതെന്നും ചില മാധ്യമങ്ങളില്‍ വാര്‍ത്തയുണ്ടായിരുന്നു. കൂടാതെ മിസ്ബയെ ടീമില്‍ നിന്നും പുറത്താക്കാന്‍ പാക് കോച്ച് വഖാര്‍ യൂനീസും ടീം മാനേജര്‍ മൊയിന്‍ ഖാനും ശ്രമിച്ചെന്ന് ഹഫീസ് പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ഈ റിപ്പോര്‍ട്ടാണ് ഹഫീസിനെ രോഷാകുലനാക്കിയത്. ഇത്തരം വാര്‍ത്തകള്‍ അടിസ്ഥാനമില്ലാത്തതാണെന്നും പാക് ടീമിനെ അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതാണെന്നും ഹഫീസ് പറഞ്ഞു. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമും മാനേജുമെന്റുമായി യാതൊരു പ്രശ്‌നവുമില്ലെന്നും ഹഫീസ് വ്യക്തമാക്കി. ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ക്ക് അത് തെളിയിക്കാനുള്ള ബാധ്യതയുണ്ടെന്നും ഹഫീസ് അറിയിച്ചു.
ഇന്ത്യയോട് തോറ്റതോടെ പാക്കിസ്ഥാന്‍ കാണികളും ചില മാധ്യമങ്ങളും പാക് ടീമിനെ നിശിതമായി വിര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെ അഫ്രീദി അടക്കമുള്ള താരങ്ങള്‍ അച്ചടക്കം ലംഘിച്ചതായി പാക് ടീമിന്റെ ഫീല്‍ഡിങ് കോച്ച് പരാതിപ്പെടുകയും ചെയ്തു. അച്ചടക്ക ലംഘനം തുടര്‍ന്നാല്‍ രാജിവെക്കുമെന്ന് കോച്ച് അറിയിച്ചിട്ടുണ്ട്.