ലക്ഷ്മണ്‍ എന്തുകൊണ്ട് ഒരിക്കല്‍പ്പോലും ലോകകപ്പ് കളിച്ചില്ല? കാരണം അസറുദ്ദീന്‍ പറയും
ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തേയും മികച്ച ബാറ്റ്‌സ്മാന്മാരില്‍ ഒരാളാണ് വിവിഎസ് ലക്ഷ്മണ്‍. 1996 നവംബറില്‍ സച്ചിന്‍ നായകനായിരിക്കെയാണ് ഹൈദരാബാദുകാരനായ ലക്ഷ്മണ്‍ ദേശീയ ടെസ്റ്റ് ടീമിലെത്തുന്നത്. പിന്നെയും രണ്ടു വര്‍ഷമെടുത്തു ഇദ്ദേഹം ഇന്ത്യയ്ക്കായി ഏകദിനം കളിക്കാന്‍. അന്ന് മുഹമ്മദ് അസറുദ്ദീനായിരുന്നു ടീം ക്യാപ്റ്റന്‍. 2012 -ല്‍ ക്രിക്കറ്റിനോട് വിടചൊല്ലുമ്പോള്‍ 134 ടെസ്റ്റുകളും 84 ഏകദിനങ്ങളും കരിയറില്‍ ലക്ഷ്മണ്‍ പൂര്‍ത്തിയാക്കിയത് കാണാം.

8,781 റണ്‍സാണ് ലക്ഷ്മണിന്റെ ടെസ്റ്റ് സമ്പാദ്യം. ഏകദിനത്തില്‍ സ്വരുക്കൂട്ടിയതാകട്ടെ 2,338 റണ്‍സും. ഇതൊക്കെയാണെങ്കിലും 16 വര്‍ഷം നീണ്ട ക്രിക്കറ്റ് ജീവിതത്തില്‍ ഒരിക്കല്‍പ്പോലും ലോകകപ്പ് കളിക്കാന്‍ കഴിഞ്ഞില്ലെന്ന ചീത്തപ്പേര് വിവിഎസ് ലക്ഷ്മണെന്ന ഇതിഹാസത്തിനുണ്ട്. എന്തുകൊണ്ട് ലക്ഷ്മണ്‍ ഒരിക്കല്‍പ്പോലും ലോകകപ്പ് കളിച്ചില്ല? ചോദ്യത്തിന് മറുപടിയുമായി രംഗത്തുവന്നിരിക്കുകയാണ് മുന്‍ നായകന്‍ അസറുദ്ദീന്‍.

പ്രതാപകാലത്തുപോലും ലക്ഷ്മണിന് ലോകകപ്പ് സ്‌ക്വാഡില്‍ കയറിക്കൂടാന്‍ കഴിഞ്ഞിട്ടില്ല. ഇതിന്റെ പ്രധാന കാരണം ഫീല്‍ഡിങ്ങിലെ പോരായ്മകളായിരുന്നെന്ന് അസറുദ്ദീന്‍ പറയുന്നു. പറഞ്ഞുവരുമ്പോള്‍ സ്ലിപ്പില്‍ ചോരാത്ത കൈകളാണ് ലക്ഷ്മണിന്റേത്. രാജ്യാന്തര മത്സരങ്ങളില്‍ 174 തവണ ലക്ഷ്മണ്‍ വിജയകരമായി ക്യാച്ചെടുത്തിട്ടുണ്ട് (ടെസ്റ്റില്‍ 135 ക്യാച്ചും ഏകദിനത്തില്‍ 39 ക്യാച്ചും). ഇക്കാര്യം അസറുദ്ദീനും തുറന്നുസമ്മതിക്കുന്നു.

പക്ഷെ ലക്ഷ്മണിന് വിനയായത് പ്രശ്‌നം സ്ലിപ്പിന് വെളിയിലെ പ്രകടനമാണ്, സ്‌പോര്‍ട്‌സ്‌കീഡയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ ചൂണ്ടിക്കാട്ടി. 'പലപ്പോഴും സെലക്ടര്‍മാര്‍ ലക്ഷ്മണിന്റെ ഫീല്‍ഡിങ് മികവില്‍ തൃപ്തരായിരുന്നില്ല. ഒരുപക്ഷെ ഇതുതന്നെയാകണം അദ്ദേഹം ലോകകപ്പ് കളിക്കാതിരിക്കാനുള്ള കാരണം. ബാറ്റ്‌സ്മാനെന്ന നിലയില്‍ ലക്ഷ്മണ്‍ കഴിവുതെളിയിച്ച വ്യക്തിയാണ്. ഏകദിനത്തില്‍ രണ്ടോ മൂന്നോ തവണ അദ്ദേഹം സെഞ്ച്വറി കുറിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയക്കെതിരെയാണ് സെഞ്ച്വറികളെന്നത് ലക്ഷ്മണിന്റെ മാറ്റുകൂട്ടുന്നു', അസറുദ്ദീന്‍ പറഞ്ഞു.

ടെസ്റ്റില്‍ ലക്ഷ്മണിന്റെ ഫീല്‍ഡിങ് മികവിനെ ആരും ചോദ്യം ചെയ്തിട്ടില്ല. നൂറ്റിമുപ്പതില്‍പ്പരം ക്യാച്ചുകള്‍ ടെസ്റ്റില്‍ അദ്ദേഹം എടുത്തിട്ടുണ്ട്. പക്ഷെ ഏകദിനത്തിലാണ് പ്രശ്‌നം. ഏകദിന ക്രിക്കറ്റില്‍ മുഴുവന്‍ സമയവും സ്ലിപ്പില്‍ നില്‍ക്കാന്‍ കഴിയില്ല. നായകന്‍ പറയും എവിടെ നില്‍ക്കണമെന്ന്. ടീമംഗങ്ങള്‍ അത് അനുസരിക്കണം. ഈ അവസരത്തില്‍ ലക്ഷ്മണ്‍ പലപ്പോഴും നിരാശപ്പെടുത്തിയിട്ടുണ്ട്', അസറുദ്ദീന്‍ അഭിപ്രായപ്പെട്ടു.

നിര്‍ഭാഗ്യവാന്മാരായ കളിക്കാരുടെ പട്ടികയിലാണ് വിവിഎസ് ലക്ഷ്മണിനെയും അസറുദ്ദീന്‍ പേരുചേര്‍ക്കുന്നത്. 'ചിലപ്പോള്‍ ടീം കോമ്പിനേഷന്‍ നിലനിര്‍ത്താന്‍ നായകന്മാര്‍ മികച്ച കളിക്കാരെ പുറത്തിരുത്താറുണ്ട്. ലക്ഷ്മണിന്റെ കാര്യത്തില്‍ സംഭവിച്ചതും മറ്റൊന്നല്ല', അസറുദ്ദീന്‍ സൂചിപ്പിച്ചു.
നേരത്തെ, മുന്‍ ഇന്ത്യന്‍ നായകനും ഇപ്പോഴത്തെ ബിസിസിഐ അധ്യക്ഷനുമായ സൗരവ് ഗാംഗുലിയും സമാനമായ ചിന്ത പങ്കുവെച്ചിരുന്നു. ഒരു ക്രിക്കറ്റ് ലോകകപ്പിലെങ്കിലും ലക്ഷ്മണിന് കളിക്കാന്‍ അവസരം കൊടുക്കണമായിരുന്നു എന്നാണ് ഗാംഗുലി പറഞ്ഞത്. ഇതേസമയം, ഗാംഗുലിയുടെ ക്യാപ്റ്റനായിരിക്കെ ദക്ഷിണാഫ്രിക്കയില്‍ നടന്ന 2003 ലോകകപ്പില്‍ ലക്ഷ്മണിനെ കൂടാതെയാണ് ടീം ഇന്ത്യ കളിച്ചത്.
Image Source: Twitter
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications