കറാച്ചി: ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസര്‍മാരിലൊരാളാണ് പാകിസ്താന്റെ മുഹമ്മദ് അമീര്‍. 29ാം വയസില്‍ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയ അമീര്‍ നിലവില്‍ ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ സജീവമാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും വിവാദങ്ങളുടെ തോഴനായിരുന്നു ഈ ഇടം കൈയന്‍ പേസര്‍. ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് തുടങ്ങിയ പ്രമുഖ ടീമിലെ താരങ്ങളെയെല്ലാം വിറപ്പിക്കാന്‍ അമീറിനായിട്ടുണ്ട്. ഇന്ത്യയെ തോല്‍പ്പിച്ച് പാകിസ്താന്‍ ഐസിസി ചാമ്പ്യന്‍സ് ട്രോഫി നേടിയപ്പോള്‍ നിര്‍ണ്ണായകമായത് അമീറിന്റെ ബൗളിങ് പ്രകടനമാണ്.
ഇപ്പോഴിതാ തനിക്ക് പന്തെറിയാന്‍ ഏറ്റവും പ്രയാസം തോന്നിയ ബാറ്റ്‌സ്മാന്‍ ആരാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് മുഹമ്മദ് അമീര്‍. അത് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയല്ല ഓസീസ് താരം സ്റ്റീവ് സ്മിത്താണെന്നാണ് അമീര്‍ പറഞ്ഞത്. 'സ്റ്റീവ് സ്മിത്തിനെതിരേ പന്തെറിയാനാണ് ഞാന്‍ ഏറ്റവും ബുദ്ധിമുട്ടിയത്. കാരണം അവന്റെ ടെക്‌നിക്കുകള്‍ വളരെ ബുദ്ധിമുട്ടിക്കുന്നതാണ്. അവന്റെ ഫുട്‌വര്‍ക്കുകള്‍ എവിടെ പന്തെറിയണമെന്ന ആശയക്കുഴപ്പം ഉണ്ടാക്കുന്നു. ഔട്ട് സ്വിങ്ങര്‍ എറിഞ്ഞാല്‍ ബാറ്റുയര്‍ത്തി ലീവ് ചെയ്യും. പാഡിനെറിഞ്ഞാല്‍ സവിശേഷ ഷോട്ടായ ഫ്‌ളിക്ക് ഷോട്ട് കളിക്കും. അവന്റെ ടെക്‌നിക്കുകള്‍ ശരിക്കും ബുദ്ധിമുട്ടിക്കുന്നതാണ്'-അമീര്‍ പറഞ്ഞു.

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാനെന്ന് സ്മിത്തിന് വിശേഷിപ്പിക്കാം. കോപ്പീബുക്ക് സ്റ്റൈലിന്റെ പൊളിച്ചെഴുത്താണ് സ്മിത്തിന്റെ ബാറ്റിങ്. മികച്ച ഫുട് വര്‍ക്കിലൂടെയും ക്രീസിനെ നന്നായി ഉപയോഗിക്കുന്നതിലൂടെയും എതിര്‍ ബൗളര്‍മാരെ സമ്മര്‍ദ്ദത്തിലാക്കാന്‍ സ്മിത്ത് മിടുക്കനാണ്. അമിത പ്രതിരോധത്തിന് മുതിരാതെ റണ്‍സ് ഉയര്‍ത്തുന്ന താരമാണ് സ്മിത്ത്.
77 ടെസ്റ്റില്‍ നിന്ന് 61.8 ശരാശരിയില്‍ 7540 റണ്‍സാണ് സ്മിത്ത് നേടിയിട്ടുള്ളത്. ഇതില്‍ 27 സെഞ്ച്വറിയും മൂന്ന് ഇരട്ട സെഞ്ച്വറിയും 31 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 128 ഏകദിനത്തില്‍ നിന്ന് 4378 റണ്‍സും 45 ടി20യില്‍ നിന്ന് 794 റണ്‍സും സ്മിത്തിന്റെ പേരിലുണ്ട്. 101 ഐപിഎല്ലില്‍ നിന്നായി 2437 റണ്‍സും സ്മിത്തിന്റെ പേരിലുണ്ട്. എവേ മൈതാനങ്ങളില്‍ മികച്ച ശരാശരി നിലനിര്‍ത്തുന്ന ചുരുക്കം ചില താരങ്ങളിലൊരാളാണ് സ്മിത്ത്.
'രോഹിത് ശര്‍മക്കും വിരാട് കോലിയ്ക്കുമെതിരേ പന്തെറിയുന്നത് വലിയ ബുദ്ധിമുട്ടായി തോന്നിയിട്ടില്ല. രോഹിതിനെതിരേ പന്തെറിയുന്നത് എളുപ്പമാണ്. രോഹിതിനെ എങ്ങനെ വേണമെങ്കിലും പുറത്താക്കാമെന്ന് തോന്നിയിട്ടുണ്ട്. ഇന്‍സ്വിങര്‍ ബൗളില്‍ അവന്‍ പ്രയാസപ്പെടും. രോഹിതിനെക്കാളും പ്രയാസം കോലിയാണ്. കാരണം സമ്മര്‍ദ്ദ ഘട്ടങ്ങള്‍ കൂടുതല്‍ നന്നായി അവന്‍ കൈകാര്യം ചെയ്യും'-അമീര്‍ കൂട്ടിച്ചേര്‍ത്തു.