ഇന്ത്യ v/s ന്യൂസിലാന്‍ഡ്: വഴിമാറും ചില നാഴികക്കല്ലുകള്‍... ഇതിഹാസങ്ങളുടെ ക്ലബ്ബിലേക്ക് ജഡേജയും!!

വെല്ലിങ്ടണ്‍: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ചരിത്രം കുറിച്ച ടീം ഇന്ത്യ ന്യൂസിലാന്‍ഡിനെതിരേയും നേട്ടമാവര്‍ത്തിക്കാമെന്ന ശുഭപ്രതീക്ഷയിലാണ്. അഞ്ചു മല്‍സരങ്ങളുടെ ദൈര്‍ഘ്യമേറിയ ഏകദിന പരമ്പരയിലാണ് വിരാട് കോലിയുടെ ഇന്ത്യയും കെയ്ന്‍ വില്ല്യംസണിന്റെ കിവീസും ഏറ്റുമുട്ടുന്നത്.
ജനുവരി 23നാണ് ഏകദിന പരമ്പരയ്ക്കു തുടക്കമാവുന്നത്. ചില നാഴികക്കല്ലുകള്‍ ഈ പരമ്പരയില്‍ പിറക്കുന്നതിന് ലോകം സാക്ഷിയാവും. ഇവ എന്തൊക്കെയാണെന്നു നോക്കാം.

കപില്‍, സച്ചിന്‍, ഇനി ജഡേജയും
ഏകദിനത്തില്‍ ഒരു അപൂര്‍വ്വനേട്ടത്തിന് അരികിലാണ് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ. ഏകദിനത്തില്‍ 2000 റണ്‍സും 150 വിക്കറ്റുകളുമെടുക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡാണ് അദ്ദേഹത്തെ കാത്തിരിക്കുന്നത്. ഇതിഹാസ താരങ്ങളായ കപില്‍ ദേവും സച്ചിന്‍ ടെണ്ടുല്‍ക്കറും മാത്രമേ നേരത്തേ ഈ നേട്ടത്തിന് അവകാശികളായിട്ടുള്ളൂ.
ജഡേജ നിലവില്‍ ഏകദിനത്തില്‍ 1990 റണ്‍സും 171 വിക്കറ്റുകളും നേടിയിട്ടുണ്ട്. കിവികള്‍ക്കെതിരേ പ്ലെയിങ് ഇലവനില്‍ എത്തിയാല്‍ ആദ്യ കളിയില്‍ തന്നെ ജഡേജ നാഴികക്കല്ല് പൂര്‍ത്തിയാക്കും.

5000 റണ്‍സ് ക്ലബ്ബിലേക്ക് ധവാനും
ഏകദിനത്തില്‍ 5000 റണ്‍സെന്ന നാഴികക്കല്ലിന് കൈയെത്തും ദൂരത്താണ് ഇന്ത്യന്‍ ഓപ്പണര്‍ ശിര്‍ ധവാന്‍. നിലവില്‍ 4990 റണ്‍സ് ഇടംകൈയന്‍ ബാറ്റ്‌സ്മാന്‍ നേടിക്കഴിഞ്ഞു. പരമ്പരയിലെ ആദ്യ കളിയില്‍ തന്നെ 5000 റണ്‍സ് ക്ലബ്ബില്‍ അംഗമാവുകയാവും അദ്ദേഹത്തിന്റെ ലക്ഷ്യം. നിലവില്‍ 12 ഇന്ത്യന്‍ താരങ്ങളാണ് 5000 റണ്‍സ് ക്ലബ്ബിലുള്ളത്.
ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമിലെ സ്ഥിരം സാന്നിധ്യമാണ് ധവാന്‍. ഏകദിനത്തില്‍ 44.95 ശരാശരിയില്‍ 15 സെഞ്ച്വറികളും 25 ഫിഫ്റ്റികളും അദ്ദേഹം നേടിയിട്ടുണ്ട്.

വിക്കറ്റ് വേട്ടയില്‍ സെഞ്ച്വറി
ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി ഏകദിനത്തില്‍ 100 വിക്കറ്റുകളെന്ന നേട്ടവും ന്യൂസിലാന്‍ഡിനെതിരായ പരമ്പരയില്‍ പിന്നിടാമെന്നു സ്വപ്‌നം കാണുകയാണ്. 55 ഏകദിനങ്ങളില്‍ നിന്നും നിലവില്‍ 99 വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്. ന്യൂസിലാന്‍ഡിനെതിരേ അതു സാധിച്ചാല്‍ നേട്ടം കൈവരിച്ച 20ാമത്തെ ഇന്ത്യന്‍ ബൗളറായി ഷമി മാറും.

ന്യൂസിലാന്‍ഡിനെതിരേ കൂടുതല്‍ സെഞ്ച്വറി
ന്യൂസിലാന്‍ഡിനെതിരേ ഏകദിനത്തില്‍ കൂടുതല്‍ സെഞ്ച്വറികള്‍ നേടിയ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് സ്വപ്‌നം കാണുകയാണ് കോലി. 23 ഇന്നിങ്‌സുകളില്‍ നിന്നും ആറു സെഞ്ച്വറികള്‍ നേടിയ മുന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗിന്റെ പേരിലാണ് നിലവിലെ റെക്കോര്‍ഡ്. അഞ്ചു സെഞ്ച്വറികള്‍ വീതം നേടിയ കോലിയും സച്ചിനുമാണ് ലിസ്റ്റില്‍ രണ്ടാമതുള്ളത്.
വെറും 19 ഇന്നിങ്‌സുകളില്‍ നിന്നാണ് കോലിയുടെ നേട്ടം. നിലവിലെ ഫോമില്‍ ഏകദിന പരമ്പരയില്‍ രണ്ടോ, മൂന്നോ സെഞ്ച്വറികള്‍ നേടി കോലി സെവാഗിന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ സാധ്യത കൂടുതലാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications