വിന്‍ഡീസിനെതിരേ എല്ലാം മാറും... ഇവരെ കാത്തിരിക്കുന്നത് പുതിയ നാഴികക്കല്ലുകള്‍, ആരൊക്കെ നേടും?
മുംബൈ: ടെസ്റ്റ് പരമ്പരയ്ക്കുശേഷം വെസ്റ്റ് ഇന്‍ഡീസുമായി ഏകദിന, ട്വന്റി20 പരമ്പരകളില്‍ക്കൂടി ടീം ഇന്ത്യ മാറ്റുരയ്ക്കുന്നുണ്ട്. ഇപ്പോള്‍ ടെസ്റ്റ് ടീമില്‍ ഇല്ലാത്ത പലരും നിശ്ചിത ഓവര്‍ ടീമില്‍ തിരിച്ചെത്തുകയും ചെയ്യും. അഞ്ചു മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലും മൂന്നു മല്‍സരങ്ങളുള്‍പ്പെട്ട ട്വന്റി20 പരമ്പരയിലുമാണ് ഇന്ത്യയും വിന്‍ഡീസും കൊമ്പുകോര്‍ക്കുന്നത്.
ഇന്ത്യന്‍ ടീമിലെ ചില പ്രമുഖ താരങ്ങള്‍ ഏകദിന പരമ്പരയില്‍ പുതിയ നാഴികക്കല്ലുകള്‍ തികയ്ക്കാമെന്ന ശുഭപ്രതീക്ഷയിലാണ്. ഇത്തരത്തില്‍ പുതിയ നേട്ടങ്ങള്‍ കുറിക്കാനൊരുങ്ങുന്ന ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

10,000 റണ്‍സ് ക്ലബ്ബിലേക്ക് ധോണി
ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയാണ് പരമ്പരയില്‍ നാഴികക്കല്ല് ലക്ഷ്യമിടുന്ന ഒരാള്‍. സമീപകാലത്തെ മോശം പ്രകടനങ്ങളുടെ പേരില്‍ ഏറെ വിമര്‍ശനം നേരിടുന്ന ധോണിയെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണായകമാണ് വിന്‍ഡീസിനെതിരായ പരമ്പര.
ഈ പരമ്പരയില്‍ നിന്നും വെറും 51 റണ്‍സ് കൂടി നേടിയാല്‍ ധോണിക്ക് ഏകദിനത്തില്‍ 10,000 റണ്‍സ് ക്ലബ്ബില്‍ അംഗമാവാം. നിലവില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ മാത്രമേ ഈ എലൈറ്റ് ക്ലബ്ബിലുള്ളൂ. ഇതിഹാസങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ് എന്നിവരാണ് 10,000 റണ്‍സ് നേടിയ മറ്റു ഇന്ത്യക്കാര്‍.

ധോണിയുടെ വഴിയെ കോലിയും
ധോണി മാത്രമല്ല നിലവിലെ ഇന്ത്യന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലിയും 10,000 റണ്‍സ് ക്ലബ്ബിന് തൊട്ടരികിലാണ്. വിന്‍ഡീസിനെതിരായ പരമ്പരയില്‍ 221 റണ്‍സ് നേടാനായാല്‍ കോലിക്കും ഈ നേട്ടം കൈവരിക്കാം. നിലവിലെ ഫോം വിലയിരുത്തുമ്പോള്‍ ഈ പരമ്പരയില്‍ കോലിക്ക് ഇത്രയും റണ്‍സെടുക്കാന്‍ വലിയ ബുദ്ധിമുട്ടുണ്ടാവില്ല. 50നു മുകളില്‍ ശരാശരിയോടെയാണ് കോലി ഇതുവരെ റണ്‍സ് അടിച്ചുകൂട്ടിയത്.
ധോണിയും ഇതേ പരമ്പരയില്‍ 10,000 റണ്‍സ് ക്ലബ്ബിലെത്തിയാല്‍ 50നു മുകളില്‍ ബാറ്റിങ് ശരാശരിയില്‍ ഈ നേട്ടത്തിലെത്തിയ ലോകത്തിലെ തന്നെ രണ്ടാമത്തെ താരമായി കോലി മാറും.

സെഞ്ച്വറി സ്വപ്‌നം കണ്ട് ഭുവി
ഇന്ത്യന്‍ പേസാക്രമണത്തിനു ചുക്കാന്‍ പിടിക്കുന്ന ഭുവനേശ്വര്‍ കുമാര്‍ ഏകദിനത്തില്‍ 100 വിക്കറ്റുകളെന്ന നേട്ടമാണ് വിന്‍ഡീസിനെതിരേ ലക്ഷ്യമിടുന്നത്. വിന്‍ഡീസിനെതിരേ ഇപ്പോള്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ വിശ്രമം അനുവദിക്കപ്പെട്ട താരം ഏകദിന പരമ്പരയില്‍ ടീമില്‍ തിരിച്ചെത്തുമെന്നാണ് വിവരം.
ഏകദിനത്തില്‍ ഇതിനകം 96 വിക്കറ്റുകള്‍ ഭുവിയുടെ അക്കൗണ്ടിലുണ്ട്. പരമ്പരയിലെ ആദ്യ കളിയില്‍ തന്നെ നാലു വിക്കറ്റ് പിഴുത് സെഞ്ച്വറി തികയ്ക്കാനാവും ഇനി ഭുവിയുടെ ശ്രമം. 18 ഇന്ത്യന്‍ താരങ്ങളാണ് ഏകദിനത്തില്‍ ഇതുവരെ 100 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുള്ളത്.

5000 റണ്‍സ് ക്ലബ്ബിലേക്ക് ധവാന്‍
ടെസ്റ്റ് ക്രിക്കറ്റില്‍ വലിയ ചലനമുണ്ടാക്കാന്‍ സാധിക്കുന്നില്ലെങ്കിലും നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടുകളിലൊന്നാണ് ഓപ്പണര്‍ ശിഖര്‍ ധവാന്‍. കഴിഞ്ഞ ഏഷ്യാ കപ്പ് ടൂര്‍ണമെന്റില്‍ പ്ലെയര്‍ ഓഫ് ടൂര്‍ണമെന്റ് പുരസ്‌കാരം കൈക്കലാക്കിയ ധവാന്‍ ഏകദിനത്തില്‍ 5000 റണ്‍സെന്ന നാഴികക്കല്ലിന് അരികെയാണ്.
വിന്‍ഡീസിനെതിരായ പരമ്പരയില്‍ 177 റണ്‍സെടുത്താല്‍ അദ്ദേഹത്തിന് 5000 റണ്‍സ് തികയ്ക്കാം. 15 സെഞ്ച്വറികളും 25 അര്‍ധസെഞ്ച്വറികളും ധവാന്‍ ഇതുവരെ നേടിക്കഴിഞ്ഞു. 13 താരങ്ങളാണ് നേരത്തേ ഏകദിനത്തില്‍ 5000 റണ്‍സ് പിന്നിട്ടിട്ടുള്ളത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications