കൊളംബോ: മുന്‍ ദക്ഷിണാഫ്രിക്കന്‍ താരവും പാകിസ്താന് പരിശീലകനുമായിരുന്ന മിക്കി ആര്‍തര്‍ ശ്രീലങ്കയുടെ മുഖ്യ പരിശീലകനാവുമെന്ന് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് നടത്തിയ ചര്‍ച്ചയില്‍ അനുകൂല നിലപാടാണ് ആര്‍തര്‍ സ്വീകരിച്ചതെന്നാണ് വിവരം. എന്നാല്‍ ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ആര്‍തറുമായുള്ള ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ കരാറിലെത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് സിഇഒ ആഷ്ളി ഡി സില്‍വ വ്യക്തമാക്കി.
പാകിസ്താനെ 2017ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ കിരീടം നേടിക്കൊടുക്കാന്‍ ആര്‍തറിന് സാധിച്ചിരുന്നു. എന്നാല്‍ ലോകകപ്പിലെ പാകിസ്താന്റെ മോശം പ്രകടനത്തിന് പിന്നാലെ ആര്‍തര്‍ പടിയിറങ്ങി. നിലവില്‍ മിസ്ബാഹ് ഉല്ഹഖാണ് പാകിസ്താനെ പരിശീലിപ്പിക്കുന്നത്.
ബ്രസീല്‍ vs അര്ജന്റീന്: കോപ്പയിലെ കണക്കുതീര്‍ത്തു... സൂപ്പര്‍ ക്ലാസിക്കില്‍ അര്‍ജന്റീന (1-0)
നിലവിലെ ശ്രീലങ്കന്‍ പരിശീലകന് ചണ്ഡിക ഹതുരസിങ്കയുടെ കീഴില്‍ ശ്രീലങ്കയ്ക്ക് കാര്യമായൊന്നും നേടാന്‍ സാധിച്ചിട്ടില്ല. 2020തോടെ ഹതുരസിങ്കയുടെ കരാര്‍ അവസാനിക്കും. ഇതോടെയാണ് പുതിയ പരിശീലകനെ നിയമിക്കാന്‍ ശ്രീലങ്കന്‍ ബോര്‍ഡ് തീരുമാനിച്ചത്. ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ ടീമുകളെയും ആര്‍തര്‍ പരിശീലിപ്പിച്ചിട്ടുണ്ട്. ഡിസംബറില്‍ പാകിസ്താനെതിരായ പരമ്പരയ്ക്ക് മുന്നോടിയായി ആര്‍തര്‍ ശ്രീലങ്കയുടെ പരിശീലകനാവുമെന്നാണ് വിവരം.