ടി20 ലോകകപ്പ് കിരീടം ഇന്ത്യയിലേക്ക് തന്നെയെത്തുമെന്ന് ഉറച്ചുവിശ്വസിക്കുന്ന കോടിക്കണക്കിന് ആരാധകർക്ക് മുന്നറിയിപ്പുമായി ന്യൂസിലൻഡ് ക്യാപ്റ്റൻ മിച്ചൽ സാന്റ്നർ. ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന കലാശപ്പോരാട്ടത്തിന് മുമ്പായി നടന്ന പത്രസമ്മേളനത്തിലാണ് സാന്റ്നർ തന്റെ തന്ത്രപരമായ നിലപാടുകൾ വ്യക്തമാക്കിയത്. ഇന്ത്യയെ അട്ടിമറിക്കാൻ തങ്ങൾ പൂർണ്ണ സജ്ജരാണെന്ന് പറഞ്ഞ താരം, ഇന്ത്യൻ ആരാധകരുടെ നെഞ്ചിടിപ്പേറ്റുന്ന വാക്കുകളാണ് പങ്കുവെച്ചത്.
ഹൃദയങ്ങൾ തകരും, കിരീടം കിവീസിന്!
"ഈ കിരീടം നേടാൻ ഞാൻ ആഗ്രഹിക്കുന്നു. അതിനായി ചില ഹൃദയങ്ങൾ തകർക്കേണ്ടി വന്നാലും എനിക്ക് കുഴപ്പമില്ല,"- സാന്റ്നർ പറഞ്ഞു. ഐസിസി ടൂർണമെന്റുകളിൽ പലപ്പോഴും ഇന്ത്യയുടെ പേടിസ്വപ്നമാകാറുള്ള ന്യൂസിലൻഡ്, ഇത്തവണയും ആ ചരിത്രം ആവർത്തിക്കുമെന്ന സൂചനയാണ് ക്യാപ്റ്റൻ നൽകുന്നത്. സമ്മർദ്ദം പൂർണ്ണമായും ഇന്ത്യയുടെ മേലാണെന്നും സ്വന്തം നാട്ടിൽ കളിക്കുന്നതിന്റെ ആനുകൂല്യം ഇന്ത്യക്ക് വെല്ലുവിളിയാകുമെന്നും സാന്റ്നർ കൂട്ടിച്ചേർത്തു.

ബുംറയെന്ന 'ഗെയിം ചേഞ്ചർ'
ഇന്ത്യൻ നിരയിൽ തങ്ങൾ ഏറ്റവും കൂടുതൽ ഭയപ്പെടുന്നത് ആരെയാണെന്ന ചോദ്യത്തിന് സാന്റ്നർക്ക് ഒരൊറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളൂ - ജസ്പ്രീത് ബുംറ. "ബുംറ ഒരു ലോകോത്തര ബൗളറാണ്. ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിൽ ഇന്ത്യക്ക് വിജയം സമ്മാനിച്ചത് ബുംറയുടെ സ്പെല്ലാണ്. ബാറ്റിംഗിനെ തുണയ്ക്കുന്ന ഫ്ലാറ്റ് വിക്കറ്റായിരിക്കും അഹമ്മദാബാദിലെന്നത് രഹസ്യമല്ല. അവിടെ ബുംറയെ എങ്ങനെ നേരിടുന്നു എന്നതിനെ ആശ്രയിച്ചിരിക്കും മത്സരഫലം," കിവീസ് നായകൻ നിരീക്ഷിച്ചു. വരുൺ ചക്രവർത്തിയുടെ ബോളിംഗ് മികവിനെയും അദ്ദേഹം എടുത്തുപറഞ്ഞു.
മിച്ചൽ സാന്റ്നറുടെ പത്രസമ്മേളനത്തിലെ പ്രധാന പോയിന്റുകൾ:
ഫൈനൽ പോരാട്ടത്തെക്കുറിച്ച്: "ഇതൊരു ഒറ്റ വൺ ഗെയിം ഷൂട്ടൗട്ടാണ്. ആർക്കും വിജയിക്കാം. നിലവിൽ ടീമിന് നല്ല ആത്മവിശ്വാസമുണ്ട്, താരങ്ങളെല്ലാം ആവേശത്തിലാണ്. ലോകകപ്പ് ഫൈനൽ എന്നത് മറ്റ് മത്സരങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്."
അഹമ്മദാബാദിലെ സാഹചര്യങ്ങൾ: "നാളെ അവിടെ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് എല്ലാവർക്കും അറിയാം. ബാറ്റിംഗിന് അനുകൂലമായ ഫ്ലാറ്റ് വിക്കറ്റായിരിക്കും അവിടെ ലഭിക്കുക. വലിയ സ്കോർ പിറക്കുന്ന മത്സരമായിരിക്കും ഇത്."
ഇന്ത്യൻ ഭീഷണിയെക്കുറിച്ച്: "ജസ്പ്രീത് ബുംറ എല്ലാവരുടെയും ചർച്ചകളിൽ ഉണ്ടാകേണ്ട താരമാണ്. ഇംഗ്ലണ്ടിനെതിരായ സെമിയിൽ ബുംറയായിരുന്നു കളി മാറ്റിയത്. അവൻ ഒരു ലോകോത്തര ബൗളറാണ്. അതുപോലെ വരുൺ ചക്രവർത്തിയും മികച്ച ബൗളറാണ്, റെക്കോർഡുകൾ തകർക്കാൻ അവർക്ക് ഒരു മത്സരം തന്നെ ധാരാളമാണ്."
ന്യൂസിലൻഡിന്റെ അവസരം: "ഞങ്ങൾ ഞങ്ങളുടെ കാര്യങ്ങൾ കൃത്യമായി ചെയ്താൽ മികച്ച നിലയിലെത്താൻ സാധിക്കും. ഒരു ട്രോഫി നേടാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അതിനായി ചില ഹൃദയങ്ങൾ തകർക്കേണ്ടി വന്നാലും ഞങ്ങൾക്ക് കുഴപ്പമില്ല (I wouldn’t mind breaking a few hearts)."
സമ്മർദ്ദത്തെക്കുറിച്ച്: "ടി20 എന്നത് പ്രവചനാതീതമായ ഫോർമാറ്റാണ്. ചെറിയ നിമിഷങ്ങൾ മത്സരഗതി മാറ്റും. ഇന്ത്യക്ക് സ്വന്തം നാട്ടിൽ കിരീടം നേടാൻ വലിയ സമ്മർദ്ദമുണ്ടാകും. ഞങ്ങളുടെ ശൈലിയിൽ കളിച്ചാൽ അവരെ അട്ടിമറിക്കാൻ ഞങ്ങൾക്ക് സാധിക്കും. നോക്കാം, എന്താണ് സംഭവിക്കുകയെന്ന്."
അഹമ്മദാബാദിലെ ലക്ഷക്കണക്കിന് വരുന്ന ആരാധകരെ സാക്ഷിയാക്കി സൂര്യകുമാറും സംഘവും കിരീടമുയർത്തുമെന്ന് ഇന്ത്യ വിശ്വസിക്കുമ്പോൾ, അതിനിടയിൽ വില്ലനാകാൻ തങ്ങൾക്കാകുമെന്നാണ് സാന്റ്നർ പറയുന്നത്. എന്നാൽ സഞ്ജുവിന്റെ നിലവിലെ ഫോമും ബുംറയുടെ കൃത്യതയും സാന്റ്നറുടെ പ്ലാനുകളെ തകർക്കുമോ എന്ന് കാത്തിരുന്നു കാണണം.