2026 ഫെബ്രുവരി 15 ഞായറാഴ്ച കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന ഇന്ത്യ-പാകിസ്ഥാൻ മഹാപോരാട്ടത്തിൽ ആരാകും വിജയികൾ എന്ന് പ്രവചിച്ചിരിക്കുകയാണ് ലോകകപ്പ് ജേതാവായ മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ മൈക്കിൾ ക്ലാർക്ക്. മത്സരത്തിന് മുന്നോടിയായി പാകിസ്ഥാൻ നടത്തിയ ബഹിഷ്കരണ നാടകങ്ങൾ അവർക്ക് ഗുണകരമാകില്ലെന്നും, നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യക്കെതിരെ ഒരുപാട് നേരം സമ്മർദ്ദം അതിജീവിക്കാൻ പാക് പടയ്ക്ക് സാധിക്കുമെന്ന് തോന്നുന്നില്ലെന്നും മൈക്കിൾ ക്ലാർക്ക് പ്രസ്ഥാവിച്ചു. ഈ മത്സരത്തിൽ ഇന്ത്യ വിജയിക്കുമെന്നാണ് ക്ലാർക്കിന്റെ പക്ഷം.
എന്തുകൊണ്ട് ഇന്ത്യ ജയിക്കുമെന്ന് ക്ലാർക്ക് വിശ്വസിക്കുന്നു?
"ഞാൻ തുടക്കം മുതലേ പറയുന്നതുപോലെ, ഇന്ത്യ ജയിക്കുമെന്നാണ് ഞാൻ കരുതുന്നത്. ഇന്ത്യക്കെതിരെ കളിക്കുമ്പോൾ ഉണ്ടാകുന്ന സമ്മർദ്ദം ഒരുപാട് നേരം കൈകാര്യം ചെയ്യാൻ പാകിസ്ഥാന് സാധിക്കില്ല. നിലവിൽ, പാകിസ്ഥാനെ സംബന്ധിച്ചെടുത്തോളം, മൈതാനത്തിന് പുറത്ത് അവർക്ക് പല പ്രശ്നങ്ങളും നിലവിലുണ്ട്. ഇന്ത്യയുമായി കളിക്കണോ വേണ്ടയോ എന്നതിനെക്കുറിച്ച് നടന്ന ചർച്ചകൾ പോലും ടീമിന് ഗുണകരമാകില്ല," 44-കാരനായ ക്ലാർക്ക് 'ബിയോണ്ട് 23 ക്രിക്കറ്റ്' പോഡ്‌കാസ്റ്റിൽ പറഞ്ഞു.

ഇന്ത്യയെ പ്രശംസിച്ച ക്ലാർക്ക്, ഞായറാഴ്ചത്തെ മത്സരത്തിൽ ഇന്ത്യ ആധിപത്യം പുലർത്തുമെന്ന് പ്രവചിച്ചു. ഇന്ത്യ തങ്ങളുടെ ഏറ്റവും മികച്ച ഫോമിലാണെന്നും എന്നാൽ പാകിസ്ഥാൻ അങ്ങനെയല്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയെ തോൽപ്പിക്കണമെങ്കിൽ പാകിസ്ഥാൻ തങ്ങളുടെ ഏറ്റവും മികച്ച കളി പുറത്തെടുക്കണം, അതോടൊപ്പം ഇന്ത്യക്ക് ചില പിഴവുകൾ സംഭവിക്കുകയും വേണം. ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തുമെന്ന് അദ്ദേഹം ആവർത്തിച്ചു.
ശ്രീലങ്കയിലെ സാഹചര്യങ്ങൾ എങ്ങനെയായിരിക്കും?
ശ്രീലങ്കയിലെ സാഹചര്യങ്ങൾ ഇന്ത്യയിൽ നിന്ന് വ്യത്യസ്തമായിരിക്കുമെന്ന് ക്ലാർക്ക് ഓർമ്മിപ്പിച്ചു. അവിടുത്തെ പിച്ചുകൾ വേഗത കുറഞ്ഞതാണെന്നും സ്പിന്നർമാർക്ക് കൂടുതൽ ആനുകൂല്യം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ വളരെ ഉയർന്ന സ്കോറുകൾ കൊളംബോയിൽ പ്രതീക്ഷിക്കുന്നില്ലെന്നും 190 റൺസ് അവിടെ ഒരു മികച്ച സ്കോറായിരിക്കുമെന്നും അദ്ദേഹം വിലയിരുത്തി.
പാകിസ്ഥാന്റെ ബഹിഷ്കരണ ഭീഷണിയിലെ മലക്കംമറിച്ചിൽ:
സുരക്ഷാ കാരണങ്ങളാൽ ബംഗ്ലാദേശ് പിന്മാറിയതിന് പിന്നാലെ ഫെബ്രുവരി 1-ന് പാകിസ്ഥാൻ സർക്കാരും ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ ഐസിസിയുമായി നടത്തിയ ചർച്ചകൾക്കൊടുവിൽ അവർ ഈ തീരുമാനം പിൻവലിച്ചു. ആഴ്ചകൾ നീണ്ട ഈ നാടകങ്ങൾ മത്സരത്തിന്റെ ആവേശം വർദ്ധിപ്പിച്ചിട്ടുണ്ടെന്നും എന്നാൽ ഇത് പാകിസ്ഥാൻ ടീമിന് മേൽ കൂടുതൽ സമ്മർദ്ദമുണ്ടാക്കുമെന്നും ക്ലാർക്ക് പറഞ്ഞു. നിലവിൽ ഇന്ത്യ തകർപ്പൻ ഫോമിലാണെന്നും ലോകകപ്പിലെ ഏറ്റവും ശ്രദ്ധേയമായ മത്സരമായി ഇത് മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നാടകീയമായ പല സംഭവങ്ങൾക്ക് ഒടുവിലാണ് ഇന്ത്യ പാകിസ്ഥാൻ മത്സരം ലോകകപ്പ് വേദിയിൽ നടക്കുന്നതിന് തീരുമാനമായത്. 2026 ടി20 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലെ സുരക്ഷാ ക്രമീകരണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ബംഗ്ലാദേശ് ടൂർണമെന്റിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചിരുന്നു. അയൽരാജ്യമായ ബംഗ്ലാദേശിന്റെ സുരക്ഷാ ആശങ്കകൾ ശരിവെച്ചുകൊണ്ടും അവരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചുമാണ് ഫെബ്രുവരി 1-ന് പാകിസ്ഥാൻ സർക്കാർ ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിക്കാൻ തങ്ങളുടെ ക്രിക്കറ്റ് ബോർഡിന് (PCB) നിർദ്ദേശം നൽകിയത്. സുരക്ഷാ പ്രശ്നങ്ങൾക്കൊപ്പം തന്നെ ഇന്ത്യയുമായുള്ള നിലവിലുള്ള രാഷ്ട്രീയ തർക്കങ്ങളും ഈ തീരുമാനത്തെ സ്വാധീനിച്ചിരുന്നു. എന്നാൽ ഐസിസിയുമായി നടത്തിയ നിരന്തരമായ ചർച്ചകൾക്ക് ഒടുവിൽ പാകിസ്ഥാൻ തങ്ങളുടെ തീരുമാനം മാറ്റുകയും ഇന്ത്യക്കെതിരെ കളിക്കാൻ സമ്മതിക്കുകയുമായിരുന്നു.