മുംബൈ: പ്രതിഭയും ആത്മവിശ്വാസവുമുണ്ടെങ്കില്‍ ഏത് പ്രതിസന്ധികളെയും മറികടക്കാന്‍ ആര്‍ക്കുമാവും. കായിക ലോകത്ത് ഇത്തരത്തില്‍ പ്രചോദനം നല്‍കുന്ന നിരവധി കഥകള്‍ നമ്മള്‍ കേട്ടിട്ടുള്ളതാണ്. ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കുകയെന്ന വലിയ സ്വപ്‌നത്തോടെയാവും ഓരോ ആഭ്യന്തര താരങ്ങളും മുന്നോട്ട് പോവുക. കുടുംബ സാഹചര്യങ്ങളും സാമ്പത്തികവുമെല്ലാം തളര്‍ത്താന്‍ ശ്രമിക്കുമ്പോഴും അതിനെയെല്ലാം മറികടന്ന് ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞവരുടെ പട്ടിക വളരെ വലുതാണ്.
നിരവധി യുവാക്കള്‍ക്ക് ആത്മവീര്യം നല്‍കുന്ന ഈ പട്ടികയിലേക്ക് എത്തപ്പെട്ടിരിക്കുകയാണ് ഇന്ത്യയുടെ അണ്ടര്‍ 19 താരം സിദ്ധാര്‍ത്ഥ് യാദവ്. ഏഷ്യാ കപ്പിനുള്ള ഇന്ത്യ അണ്ടര്‍ 19 ടീമില്‍ ഇടം പിടിച്ചതോടെയാണ് ടോപ് ഓഡര്‍ താരമായ സിദ്ധാര്‍ത്ഥ് വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്. ഗ്രാമത്തിലെ പലചരക്കുകടക്കാരനായ അച്ഛന്റെ മകനില്‍ നിന്ന് ഇന്ന് ഇന്ത്യന്‍ സീനിയര്‍ ടീമിലേക്കുള്ള ആദ്യ ചവിട്ടുപടി സിദ്ധാര്‍ത്ഥ് താണ്ടുമ്പോള്‍ അത് തീര്‍ച്ചയായും അഭിമാന നിമിഷം തന്നെയാണ്.
പറയാന്‍ വലിയ ക്രിക്കറ്റ് പാരമ്പര്യമൊന്നുമില്ലാത്ത സിദ്ധാര്‍ത്ഥിന് അച്ഛന്‍ ശ്രാവണ്‍ നല്‍കിയ പിന്തുണയാണ് വലിയ നേട്ടത്തിലേക്കെത്താന്‍ സഹായിച്ചത്. ശ്രാവണ്‍ നേരത്തെ പേസ് ബൗളറെന്ന നിലയില്‍ കളിച്ചിരുന്നു. നെറ്റ്‌സ് ബൗളറെന്നതിലുപരിയായി അദ്ദേഹത്തിന് വളരാന്‍ സാധിച്ചിരുന്നില്ല. തനിക്ക് സാധിക്കാതെ പോയത് മകനിലൂടെ നേടാനാവുന്ന ശ്രാവണിന്റെ പ്രതീക്ഷ തെറ്റിയില്ല. അച്ഛന്റെ വലിയ സ്വപ്‌നത്തിലേക്കുള്ള ആദ്യ കടമ്പ വിജയകരമായിത്തന്നെ സിദ്ധാര്‍ത്ഥ് പിന്നിട്ടിരിക്കുകയാണ്.

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെട്ട പല താരങ്ങളുടെയും പിന്‍ തലമുറ പരിശോധിക്കുമ്പോള്‍ ക്രിക്കറ്റുമായി വളരെയധികം ചേര്‍ന്നുനില്‍ക്കുന്നവരാണ്. എന്നാല്‍ ഇതൊന്നുമില്ലാതെ ആഗ്രഹത്തിന്റെയും അധ്വാനത്തിന്റെയും കരുത്തില്‍ ഇന്ത്യന്‍ ടീമിലേക്കെത്തിയതാണ് സിദ്ധാര്‍ത്ഥിനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തയാക്കുന്നത്. 'സിദ്ധാര്‍ത്ഥ് കുഞ്ഞായിരിക്കുമ്പോള്‍ തന്നെ അവനെ ക്രിക്കറ്റ് താരമാക്കണമെന്നത് എന്റെ ആഗ്രഹമായിരുന്നു. വലം കൈയനായിട്ടും ആദ്യമായി അവന്‍ ബാറ്റ് പിടിച്ചത് ഇടം കൈയനെപ്പോലെയായിരുന്നു. അന്ന് ഇത് കണ്ട് എന്റെ സഹോദരന്‍ അവന്‍ തെറ്റായാണ് ബാറ്റ് പിടിക്കുന്നതെന്ന് പറഞ്ഞു. എന്നാല്‍ ഇതാണ് അവന്റെ ശരിയെന്നാണ് ഞാന്‍ പറഞ്ഞത്'-ശ്രാവണ്‍ പറഞ്ഞു.
ഉച്ചക്ക് ശേഷം കട അടച്ചിട്ടാണ് ശ്രാവണ്‍ സിദ്ധാര്‍ത്ഥിനെ പരിശീലനത്തിന് കൊണ്ടുപോയിരുന്നത്. 'അവന്‍ ദിവസവും മൂന്ന് മണിക്കൂറില്‍ കുറയാതെ പരിശീലനം നടത്തിയിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തുമായിരുന്നു. ഉച്ചക്ക് രണ്ട് മണിക്ക് കടയടച്ച് ഞാന്‍ അവനോടൊപ്പം ഗ്രൗണ്ടിലേക്ക് പോകും. ആറ് മണിവരെ പരിശീലനം നടത്തും. പിന്നീട് തിരിച്ചെത്തി കട തുറക്കും.'-ശ്രാവണ്‍ പറഞ്ഞു.
സിദ്ധാര്‍ത്ഥിനെ ക്രിക്കറ്റിലേക്ക് തിരിച്ചുവിടുന്നതില്‍ കുടുംബത്തിന്റെ പൂര്‍ണ്ണ പിന്തുണ ഇല്ലായിരുന്നുവെന്നും മുത്തശ്ശിക്കെല്ലാം എതിര്‍പ്പായിരുന്നുവെന്നും സിദ്ധാര്‍ത്ഥിന് നല്ല വിദ്യാഭ്യാസം നല്‍കി പ്രൊഫഷനല്‍ ജോലിയിലേക്കെത്തിക്കുകയായിരുന്നു അവരുടെ സ്വപ്‌നമെന്നാണ് ശ്രാവണ്‍ പറഞ്ഞത്. സിദ്ധാര്‍ത്ഥിന്റെ കരിയറില്‍ വഴിത്തിരിവ് സൃഷ്ടിച്ചത് രണ്ട് പേരാണ്. അജയ് യാദവും ആരാധ്യ യാദവും. രണ്ട് പേരുടെയും ഉപദേശങ്ങള്‍ താരത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു.
ഉത്തര്‍പ്രദേശ് അണ്ടര്‍ 16 ടീമില്‍ ഇടം പിടിച്ച സിദ്ധാര്‍ത്ഥ് ആ സീസണിലെ സംസ്ഥാനത്തിന്റെ ഉയര്‍ന്ന സ്‌കോററായിരുന്നു. ഒരു ഇരട്ട സെഞ്ച്വറിയും അഞ്ച് സെഞ്ച്വറിയുമാണ് അദ്ദേഹം നേടിയത്. ഈ പ്രകടനം സോണല്‍ ക്രിക്കറ്റ് അക്കാദമിയിലേക്കും പിന്നീട് ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്കും സിദ്ധാര്‍ത്ഥിനെ എത്തിച്ചു.
കോവിഡ് പ്രതിസന്ധികള്‍ക്ക് ശേഷം ബിസിസി ഐ അണ്ടര്‍ 19 ചലഞ്ചര്‍ ട്രോഫി സംഘടിപ്പിച്ചിരുന്നു. ഇതില്‍ റണ്‍വേട്ടക്കാരിലെ രണ്ടാം സ്ഥാനക്കാരനായിരുന്നു സിദ്ധാര്‍ത്ഥ്. ഒരു സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറിയുമാണ് താരം നേടിയത്. ഏഷ്യാ കപ്പിലുള്ള ടീമില്‍ ഉള്‍പ്പെട്ടത് സിദ്ധാര്‍ത്ഥിന്റെ തുടക്കം മാത്രം. ഭാവിയിലെ ഇന്ത്യന്‍ ബാറ്റിങ് നിരയുടെ മുന്‍നിര താരങ്ങളിലൊരാളായി സിദ്ധാര്‍ത്ഥ് എത്തുമെന്ന് തന്നെ പ്രതീക്ഷിക്കാം.