For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2026: സഞ്ജുവിനൊപ്പം കളിച്ചിരുന്ന താരം, ഇന്ന് ആർസിബി ഉടമ, തിരിച്ചുവരവെന്നാൽ ആര്യമാന്റേത് പോലാവണം

ഉടമസ്ഥ മാറ്റം നടന്നതോടെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ (RCB) ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിക്കപ്പെട്ടിരിക്കുകയാണ്. യുണൈറ്റഡ് സ്പിരിറ്റ്‌സ് ലിമിറ്റഡിൽ (ഡയാജിയോ) നിന്ന് 1.78 ബില്യൺ ഡോളറിന് (ഏകദേശം 16,000 കോടി രൂപ) ആദിത്യ ബിർള ഗ്രൂപ്പും ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പും ഉൾപ്പെട്ട കൺസോർഷ്യം ടീമിനെ സ്വന്തമാക്കിയതിന് പിന്നാലെ, ആര്യമാൻ വിക്രം ബിർള ടീമിന്റെ പുതിയ ചെയർമാനായി ചുമതലയേൽക്കാൻ പോകുന്നു. വെറുമൊരു ബിസിനസ് പ്രമുഖൻ എന്നതിലുപരി ഒരു പ്രൊഫഷണൽ ക്രിക്കറ്റർ കൂടിയായ ആര്യമാന്റെ വരവ് ആർസിബി ആരാധകർക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്.

കളിക്കാരനിൽ നിന്ന് ചെയർമാനിലേക്ക്; ഒരു അപൂർവ്വ മടക്കയാത്ര!

ആദിത്യ ബിർള ഗ്രൂപ്പ് തലവൻ കുമാരമംഗലം ബിർളയുടെ മകനായ 28-കാരൻ ആര്യമാൻ ബിർളയ്ക്ക് ക്രിക്കറ്റ് മൈതാനങ്ങൾ അന്യമല്ല. മധ്യപ്രദേശിന് വേണ്ടി ആഭ്യന്തര ക്രിക്കറ്റിൽ കളിച്ചിട്ടുള്ള അദ്ദേഹം 9 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്നായി ഒരു സെഞ്ച്വറിയടക്കം 414 റൺസ് നേടിയിട്ടുണ്ട്. ബംഗാളിനെതിരെ ഈഡൻ ഗാർഡൻസിൽ നേടിയ ആ സെഞ്ച്വറി ഇന്നും ശ്രദ്ധേയമാണ്. നിലവിലെ ആർസിബി ക്യാപ്റ്റൻ രജത് പാട്ടിദാറും വെങ്കിടേഷ് അയ്യരും ആര്യമാന്റെ മുൻ സഹതാരങ്ങളായിരുന്നു എന്നതും ശ്രദ്ധേയമാണ്.

aryaman-birla-1

രാജസ്ഥാൻ റോയൽസിലെ ആ പഴയ താരം!

2018-ലെ ഐപിഎൽ ലേലത്തിൽ 30 ലക്ഷം രൂപയ്ക്ക് രാജസ്ഥാൻ റോയൽസ് (RR) സ്വന്തമാക്കിയ താരമായിരുന്നു ആര്യമാൻ ബിർള. എന്നാൽ അന്ന് ഒരു മത്സരത്തിൽ പോലും കളിക്കാൻ അദ്ദേഹത്തിന് അവസരം ലഭിച്ചിരുന്നില്ല. 2020-ൽ ടീമിൽ നിന്ന് പുറത്തായെങ്കിലും, വർഷങ്ങൾക്കിപ്പുറം ഒരു ടീമിന്റെ ഉടമയും ചെയർമാനുമായി അദ്ദേഹം തിരിച്ചെത്തുന്നത് ഐപിഎൽ ചരിത്രത്തിലെ തന്നെ കൗതുകകരമായ കാഴ്ചയാണ്.

ടൈംസ് ഗ്രൂപ്പ്, ബോൾട്ട് വെഞ്ചേഴ്സ്, ബ്ലാക്ക്‌സ്റ്റോൺ തുടങ്ങിയ വമ്പൻ നിക്ഷേപകരുടെ പിന്തുണയോടെ ആർസിബിയെ പുതിയ ഉയരങ്ങളിലെത്തിക്കുക എന്നതാണ് ആര്യമാന്റെ ലക്ഷ്യം. കളിക്കാരനെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് ടീമിന്റെ തന്ത്രപരമായ നീക്കങ്ങൾക്ക് കരുത്തേകുമെന്ന് കരുതപ്പെടുന്നു.

ആർസിബിയുടെ പുരുഷ, വനിതാ ടീമുകളെല്ലാം ഇനി പുതിയ ഉടമകളുടെ കീഴിലാകും. ഇതോടെ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന മൂല്യമുള്ള ടീമായി ആർസിബി മാറി.

നേരത്തേ അമേരിക്കൻ സംരംഭകനായ കൽ സൊമാനിയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യം രാജസ്ഥാനെ ഏറ്റെടുത്തിരുന്നു. ഫ്രാഞ്ചൈസിയെ ഏകദേശം 15,286 കോടി രൂപയ്ക്കാണ് (1.63 ബില്ല്യൺ യുഎസ് ഡോളർ) സ്വന്തമാക്കിയതെന്നാണ് വിവരം.

കഴിഞ്ഞ വർഷം ജൂണിലാണ് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഓഹരികൾ വിൽക്കാനൊരുങ്ങുന്നതായി പ്രമുഖ മദ്യകമ്പനിയായ ഡിയാജിയോ അറിയിച്ചത്. കഴിഞ്ഞ വർഷം ആർസിബി തങ്ങളുടെ കന്നി ഐപിഎൽ കിരീടം നേടിയതിനു പിന്നാലെയായിരുന്നു ഈ നീക്കം. ഫ്രാഞ്ചൈസിയുടെ ഉടമകളായ യുണൈറ്റഡ് സ്പിരിറ്റ്‌സ് ലിമിറ്റഡിന്റെ മാതൃകമ്പനിയാണ് ഡിയാജിയോ.

വ്യവസായി വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള യുണൈറ്റഡ് ബ്രൂവറീസ് ഗ്രൂപ്പിന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന യുണൈറ്റഡ് സ്പിരിറ്റ്സ് ലിമിറ്റഡ് (യുഎസ്എൽ) എന്ന കമ്പനിയായിരുന്നു ആർസിബിയുടെ ആദ്യകാല ഉടമസ്ഥർ. 11.1 കോടി ഡോളറിനായിരുന്നു അന്ന് യുഎസ്എൽ, ടീമിനെ സ്വന്തമാക്കിയത്. എന്നാൽ കിങ്ഫിഷർ എയർലൈൻസിന്റെ തകർച്ചയും മല്യയുടെ കടബാധ്യതയും ആർസിബിയെ ഡിയാജിയോയുടെ കൈകളിൽ എത്തിക്കുകയായിരുന്നു.

Story first published: Wednesday, March 25, 2026, 17:46 [IST]
Other articles published on Mar 25, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+