ദുബായ്: മാസ്റ്റേഴ്‌സ് ചാമ്പ്യന്‍സ് ലീഗില്‍ വീണ്ടും ഇന്ത്യന്‍ ക്യാപ്റ്റന്‍. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്മാരില്‍ ഒരാളായ സാക്ഷാല്‍ സൗരവ് ഗാംഗുലിയാണ് സേവാഗിന് പിന്നാലെ എം സി എല്‍ ക്യാപ്റ്റന്മാരുടെ കൂട്ടത്തിലെത്തുന്നത്. ലിബ്ര ലെജന്‍ഡ്‌സിനെയാണ് ഗാംഗുലി നയിക്കുക. കഴിഞ്ഞ ദിവസം വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ വീരേന്ദര്‍ സേവാഗിനെ ജെമിനി അറേബ്യന്‍സിന്റെ നായകനായി പ്രഖ്യാപിച്ചിരുന്നു.
ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ താരം ജാക് കാലിസ്, ഗ്രെയാം സ്വാന്‍, നിക്കി ബോയെ, ഷോണ്‍ ടെയ്റ്റ്, റയാന്‍ ടെന്‍ഡോഷെ തുടങ്ങിയവരാണ് ഗാംഗുലിയുടെ ടീമിലെ പ്രമുഖ താരങ്ങള്‍. കാലിസും സ്വാനും ഒക്കെ അടങ്ങിയ ടീം എന്തായാലും നന്നായിരിക്കും. നിലവില്‍ കളിക്കുന്ന കുറച്ച് പേരും ടീമിലുണ്ട്. മികച്ച ടീമാണ് തങ്ങളുടേത്.

മുന്‍ ഇന്ത്യന്‍ താരം എബി കുരുവിളയാണ് ലിബ്ര ലെഡന്‍ഡ്‌സിന്റെ പരിശീലകന്‍. മൈക്കല്‍ ലംബ്, ഷോണ്‍ ഇര്‍വിന്‍, തൗഫീക് ഉമര്‍, റയാന്‍ സൈഡ്‌ബോട്ടം, ബ്രാഡ് ഹോഗ് എന്നിവരും ടീമിലുണ്ട്. മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ അജയ് രത്രയും ടീമിലുണ്ട്. നേരത്തെ ഓള്‍ സ്റ്റാര്‍ ലീഗിലും ഗാംഗുലി കാലിസിനും സ്വാനുമൊപ്പം കളിച്ചിരുന്നു.
മാസ്റ്റേഴ്‌സ് ചാമ്പ്യന്‍സ് ലീഗില്‍ ജെമിനി അറേബ്യന്‍സിന്റെ ക്യാപ്റ്റനും ഡയറക്ടറും സേവാഗാണ്. കുമാര്‍ സങ്കക്കാര, മുത്തയ്യ മുരളീധരന്‍, ചന്ദര്‍പോള്‍, ബ്രാഡ് ഹോഡ്ജ്, കൈല്‍ മില്‍സ്, ജസ്റ്റിന്‍ കെംപ്, സഖ്‌ലൈന്‍ മുഷ്താഖ്, റിച്ചാര്‍ഡ് ലെവി, പോള്‍ ഹാരിസ് തുടങ്ങിയവരാണ് സേവാഗിന്റെ ജെമിനി അറേബ്യന്‍സിലെ പ്രധാന താരങ്ങള്‍. ജനുവരി 28 മുതല്‍ ഫെബ്രുവരി 13 വരെ ദുബായിലും ഷാര്‍ജയിലുമായിട്ടാണ് എം സി എല്‍ മത്സരങ്ങള്‍ നടക്കുക.