കൊളംബോ: ഒത്തുകളിയുമായി ബന്ധപ്പെട്ട് ശ്രീലങ്കന്‍ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ആയിരുന്ന കുശാല്‍ പേരേരയെയും സ്പിന്നര്‍ രംഗണ ഹെറാത്തിനെയും ഫൈനാന്‍ഷ്യല്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിവിഷന്‍ ചോദ്യം ചെയ്തു. ഈ കളിക്കാര്‍ വാതുവെപ്പുകാരുമായി ബന്ധപ്പെട്ടെന്ന സംശയത്തെ തുടര്‍ന്നാണ് ചോദ്യം ചെയ്യല്‍.
ഒക്ടോബറില്‍ വെസ്റ്റിന്റീസുമായി നടന്ന ഗാലെ ടെസ്റ്റില്‍ മോശം പ്രകടനം കാഴ്ചവെക്കാനായി ഇരുവരും ബുക്കികളുമായി ചേര്‍ന്ന ധാരണയുണ്ടാക്കിയതായി ആരോപണമുണ്ടായിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട വ്യക്തമായ തെളിവുകള്‍ ഇതുവരെ ശേഖരിക്കാന്‍ കഴിഞ്ഞിട്ടില്ല. ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ആഞ്ജലോ മാത്യൂസിനെയും ടീം മാനേജരെയും അന്വേഷണ ഉദ്യോഗസ്ഥര്‍ മൊഴിയെടുക്കാന്‍ സമീപിച്ചതായി റിപ്പോര്‍ട്ടുണ്ട്.

ശ്രീലങ്കന്‍ കായികമന്ത്രി ദയാസിരി ജയശേഖരയുടെ പരാതിയെ തുടര്‍ന്നാണ് ഫൈനാന്‍ഷ്യല്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിവിഷന്‍ അന്വേഷണം ആരംഭിച്ചത്. ദേശീയ ടീമിനുവേണ്ടി നെറ്റില്‍ പന്തെറിയുന്ന ഒരു ബൗളര്‍ക്കും ഒരു കോച്ചിനും വാതുവെപ്പുകാരുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി മന്ത്രി നേരത്തെ പറഞ്ഞിരുന്നു.
മാത്രമല്ല ശ്രീലങ്കയുടെ ന്യൂസിലന്റ് പര്യടനവും സംശയത്തിന്റെ നിഴലിലാണ്. കളിക്കാരുടെ മോശം പ്രകടനത്തെക്കുറിച്ച് അന്വേഷിക്കാന്‍ മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ന്യൂസിലന്റ് പര്യടനത്തില്‍ ഏകദിന പരമ്പരയില്‍ 3-1ന്റെ തോല്‍വിയും, ടെസ്റ്റിലും ടി20യില്‍ 2-0 എന്ന സ്‌കോറിലുള്ള തോല്‍വിയും ശ്രീലങ്ക ഏറ്റുവാങ്ങിയിരുന്നു.