ദുബായ്: ആന നിന്നാലും കിടന്നാലും പന്തീരായിരം എന്ന ചൊല്ല് പോലെയാണ് ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ജാക്ക് കാലിസിന്റെ കാര്യം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച് വര്‍ഷങ്ങളായെങ്കിലും കാലിസിന്റെ ക്രിക്കറ്റിന് ഇപ്പോഴും ആവശ്യക്കാരുണ്ട്. അതും പൊന്നുംവിലയ്ക്ക് തന്നെ. ദുബായില്‍ നടക്കുന്ന മാസ്റ്റേഴ്‌സ് ക്രിക്കറ്റ് ലീഗില്‍ ഒന്നേമുക്കാല്‍ ലക്ഷം ഡോളറിനാണ് ജാക്ക് കാലിസിനെ ടീം ലിബ്ര ലേലത്തില്‍ പിടിച്ചത്.
പോപ്‌കോണ്‍ സ്‌പോര്‍ട്‌സ് ആന്‍ഡ് എന്റര്‍ടൈന്റ്‌മെന്റ് ലിമിറ്റഡാണ് ലിബ്ര ലെജന്‍ഡ്‌സിന്റെ ഉടമസ്ഥര്‍. കാലിസിന് പുറമേ മുന്‍ ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയും ലിബ്രയ്ക്ക് വേണ്ടി കളിക്കും. വിരമിച്ച കളിക്കാര്‍ മാത്രം ഉള്‍പ്പെടുന്ന മാസ്റ്റേഴ്‌സ് ക്രിക്കറ്റ് ലീഗ് ജനുവരി - ഫെബ്രുവരി മാസങ്ങളിലാണ് യു എ ഇയില്‍ നടക്കുന്നത്. ടൂര്‍ണമെന്റില്‍ ആറ് ടീമുകളാണ് കളിക്കുന്നത്.

ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറുമായ ആദം ഗില്‍ക്രിസ്റ്റാണ് ലേലത്തിനെത്തിയ ടീമുകളുടെ മറ്റൊരു ഇഷ്ടതാരം. 1.70 ലക്ഷം ഡോളറാണ് സജിറ്റാരിയേഴ്‌സ് സോള്‍ജിയേഴ്‌സ് ഗില്ലിക്ക് വേണ്ടി മുടക്കിയത്. മഹേള ജയവര്‍ധനെ, ഡാനിയല്‍ വെട്ടോറി എന്നിവരാണ് സോള്‍ജിയേഴ്‌സിന്റെ മറ്റ് പ്രധാന താരങ്ങള്‍. ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ വീരേന്ദര്‍ സേവാഗ് ജെമിനി അറേബ്യന്‍സിന് വേണ്ടിയാണ് കളിക്കുന്നത്.