ക്രൈസ്റ്റ് ചര്‍ച്ച്: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ന്യൂസിലന്‍ഡിന് ജയം. വെറും ജയമല്ല, രാജകീയ ജയം. ശ്രീലങ്ക ഉയര്‍ത്തിയ 117 റണ്‍സിന്റെ വിജയലക്ഷ്യം ന്യൂസിലന്‍ഡ് മറികടന്നത് വെറും 8.2 ഓവറില്‍. അതും ഒരു വിക്കറ്റ് പോലും നഷ്ടപ്പെടാതെ. 30 പന്തുകളില്‍ പുറത്താകാതെ 93 റണ്‍സെടുത്ത ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്ടില്‍ ആണ് ന്യൂസിലന്‍ഡിന്റെ ഹീറോ.
വെറും 30 പന്തില്‍ 9 ഫോറും 8 സിക്‌സും പറത്തിയാണ് ഗുപ്ടില്‍ 93 ലെത്തിയത്. സ്‌ട്രൈക്ക് റേറ്റ് 310. ആദ്യത്തെ പന്ത്രണ്ട് പന്തില്‍ ഗുപ്ടില്‍ 46 റണ്‍സിലെത്തിയിരുന്നു. വേഗം കൂടിയ അര്‍ധസെഞ്ചുറി എന്ന എ ബി ഡിവില്ലിയേഴ്‌സിന്റെ ലോകറെക്കോര്‍ഡ് ആടിയുലഞ്ഞ നിമിഷങ്ങള്‍. എന്നാല്‍ നുവാന്‍ കുലശേഖര തുടര്‍ച്ചയായി യോര്‍ക്കറുകള്‍ എറിഞ്ഞതോടെ ഈ റെക്കോര്‍ഡിന് ആയുസ് നീട്ടിക്കിട്ടി.

17 പന്തിലാണ് ഗുപ്ടില്‍ 50ലെത്തിയത്. എ ബി ഡിവില്ലിയേഴ്‌സിന്റെ അര്‍ധസെഞ്ചുറി 16 പന്തിലായിരുന്നു. എന്നാല്‍ 50 കൊണ്ടൊന്നും ഗുപ്ടില്‍ നിര്‍ത്തിയില്ല. മാലപ്പടക്കം പോലെ അടി പിന്നെയും വന്നു. അതിവേഗ സെഞ്ചുറിയിലേക്ക് കുതിക്കുന്നതിനിടെ ന്യൂസിലന്‍ഡ് വിജയത്തിലും എത്തി. 17 റണ്‍സെടുത്ത് ഓപ്പണര്‍ ലാതം പുറത്താകാതെ നിന്നു. ഗുപ്ടിലാണ് മാന്‍ ഓഫ് ദ മാച്ച്.
5 മത്സരങ്ങളുടെ പരമ്പരയില്‍ ന്യൂസിലന്‍ഡിന്റെ രണ്ടാം വിജയമാണിത്. ആദ്യമത്സരം തോറ്റ ശ്രീലങ്ക രണ്ടാം മത്സരത്തില്‍ ഒരു തിരിച്ചുവരവ് പ്രതീക്ഷിച്ചതാണ്. എന്നാല്‍ നാണം കെട്ട തോല്‍വിയായിരുന്നു ഫലം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ലങ്ക 27.4 ഓവറില്‍ വെറും 117 റണ്‍സിന് ഓളൗട്ടായി. ഹെന്റിയും മക്ലനാഗനും ചേര്‍ന്ന് 7 വിക്കറ്റുകള്‍ വീഴ്ത്തി.