Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓസ്‌ട്രേലിയക്കാരനെപ്പോലെയായിരുന്നു ബ്രിസ്ബണില്‍ പുജാര ബാറ്റ് ചെയ്തത്- പ്രശംസിച്ച് മാര്‍ക്കസ് ഹാരിസ്

സിഡ്‌നി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിനും ഒരിക്കലും മറക്കാനാവാത്ത പരമ്പരയാണ് അവസാന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി. പരിമിതികളേറെയുണ്ടായിട്ടും സൂപ്പര്‍ താരങ്ങളില്‍ പലരും പരിക്കേറ്റ് പുറത്തായിട്ടും ഗാബയിലടക്കം ജയിച്ച് പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യക്ക് സാധിച്ചു. തുടര്‍ച്ചയായ രണ്ടാം തവണയും ഓസ്‌ട്രേലിയയെ അവരുടെ തട്ടകത്തില്‍ നാണം കെടുത്താന്‍ ഇന്ത്യക്കായി. വിരാട് കോലിയുടെ അഭാവത്തില്‍ കൂടുതല്‍ ഉത്തരവാദിത്തം കാട്ടിയ ചേതേശ്വര്‍ പുജാരയുടെ പ്രകടനം ഇന്ത്യന്‍ ജയത്തില്‍ വളരെ നിര്‍ണ്ണായകമായിരുന്നു.

ഇപ്പോഴിതാ ബ്രിസ്ബണിലെ ചേതേശ്വര്‍ പുജാരയുടെ ബാറ്റിങ് പ്രകടനത്തെ പ്രശംസിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ മാര്‍ക്കസ് ഹാരിസ്. ഗാബയില്‍ ഓസ്‌ട്രേലിയക്കാരനെപ്പോലെയായിരുന്നു പുജാരയുടെ ബാറ്റിങ്ങെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ശരീരത്തില്‍ നിരന്തരം പന്ത് പതിച്ചിട്ടും പരിക്കിന് കീഴടങ്ങാതെ പൊരുതിയ പുജാര 221 പന്തുകള്‍ നേരിട്ട് വിലമതിക്കാനാവാത്ത 56 റണ്‍സാണ് നേടിയത്.

'ഗാബ ടെസ്റ്റിന്റെ അവസാന ദിനം കാണാന്‍ മനോഹരമായിരുന്നു. റിഷഭാണ് ആ ദിവസം ഏറ്റവും മികച്ച പ്രകടനം നടത്തിയതെന്നാണ് കരുതുന്നത്. എന്നാല്‍ പുജാര എല്ലാവര്‍ക്കും മുന്നില്‍ വലിയ പ്രതിരോധമാണ് തീര്‍ത്തത്. ഓസ്‌ട്രേലിയക്കാരനെപ്പോലെയാണ് അവന്‍ ബാറ്റ് ചെയ്തതെന്നാണ് തോന്നുന്നത്. എല്ലാം അവനെ നെഞ്ചേറ്റി. അവന് ചുറ്റും നിന്നാണ് എല്ലാവരും ബാറ്റ് ചെയ്തത്'-ഹാരിസ് പറഞ്ഞു.

cheteshwarpujara

ഓസ്‌ട്രേലിയയുടെ കുത്തകയായ ഗാബയില്‍ ഇന്ത്യക്ക് ജയം സമ്മാനിച്ചത് റിഷഭ് പന്താണ്. കുത്തി ഉയരുന്ന അതിവേഗ പേസിനെ തന്റെ ആക്രമണ ബാറ്റിങ്ങുകൊണ്ട് മറുപടി പറഞ്ഞ റിഷഭ് പുറത്താവാതെ 91 റണ്‍സുമായി ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു. പരിക്കിനെ മറികടന്ന് ആര്‍ അശ്വിനും ഹനുമ വിഹാരിയും നടത്തിയ ചെറുത്തുനില്‍പ്പും മനോഹരമായിരുന്നു.

'റിഷഭ് പന്തിന്റെ ഇന്നിങ്‌സ് അവിശ്വസിനീയമായിരുന്നു. അവനിലൊരു മാജിക്കുണ്ടെന്ന് എല്ലാവരും പറയുന്നുണ്ട്. അത് ഇപ്പോള്‍ മൂന്ന് നാല് തവണ കാട്ടിത്തരാന്‍ റിഷഭിനായിട്ടുണ്ട്. തോല്‍ക്കുകയെന്ന് വളരെ നിരാശയുണ്ടാക്കുന്ന കാര്യം തന്നെയാണ്. എന്നാല്‍ ക്രിക്കറ്റില്‍ ചില സമയങ്ങളില്‍ എതിരാളികളോട് 'വെല്‍ഡണ്‍' എന്ന് പറയേണ്ടിവരും'-ഹാരിസ് കൂട്ടിച്ചേര്‍ത്തു.

പാറ്റ് കമ്മിന്‍സ്,ജോഷ് ഹെയ്‌സല്‍വുഡ്,മിച്ചല്‍ സ്റ്റാര്‍ക്ക് തുടങ്ങിയ ലോകോത്തര പേസര്‍മാരെ നേരിട്ടാണ് ഇന്ത്യയുടെ ജയമെന്നതാണ് ശ്രദ്ധേയം. നിലവില്‍ ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനായുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. ജൂണ്‍ 18ന് ന്യൂസീലന്‍ഡിനെയാണ് ഇന്ത്യ നേരിടുന്നത്. അതിന് ശേഷം ഇംഗ്ലണ്ടുമായി അഞ്ച് മത്സര ടെസ്റ്റ് പരമ്പരയും കളിക്കുന്നുണ്ട്.

Story first published: Saturday, May 22, 2021, 10:51 [IST]
Other articles published on May 22, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+