അബുദാബി: ഐപിഎല്‍ 13ാം സീസണിലെ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെ സിഎസ്‌കെ തോല്‍പ്പിച്ചപ്പോള്‍ നിര്‍ണ്ണായകമായത് അമ്പാട്ടി റായിഡുവിന്റെ പ്രകടനമാണ്. അവരോചിത അര്‍ധ സെഞ്ച്വറിയുമായി സിഎസ്‌കെയുടെ വിജയത്തിന് അടിത്തറ പാകിയത് റായിഡുവായിരുന്നു. ഇത്തവണ സിഎസ്‌കെ ടീമിലെത്തിച്ച പീയൂഷ് ചൗളയും പന്ത് കൊണ്ട് മികച്ച പ്രകടനം കാഴ്ചവെച്ചു. എന്നാല്‍ അമ്പാട്ടി റായിഡുവിനെയും പീയൂഷ് ചൗളയേയും ലോ പ്രൊഫൈല്‍ താരങ്ങളെന്ന് വിശേഷിപ്പിച്ച് വീണ്ടും വിവാദം സൃഷ്ടിച്ചിരിക്കുകയാണ് മുന്‍ കമന്റേറ്ററും ഇന്ത്യന്‍ താരവുമായിരുന്ന സഞ്ജയ് മഞ്ജരേക്കര്‍.
മുംബൈ-സിഎസ്‌കെ മത്സരത്തിന് ശേഷം ട്വിറ്ററിലെ അദ്ദേഹത്തിന്റെ പോസ്റ്റിലാണ് ഇരുവരേയും ലോ പ്രൊഫൈല്‍ താരങ്ങളെന്ന് വിശേഷിപ്പിച്ചത്. ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടെ കളിച്ച് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തിട്ടുള്ള ചൗളയേയും റായിഡുവിനെയും ലോ പ്രൊഫൈല്‍ താരങ്ങളെന്ന് വിശേഷിപ്പിച്ച സഞ്ജയുടെ പോസ്റ്റ് ഇതിനോടകം ചര്‍ച്ചയായിട്ടുണ്ട്. 'ലോ പ്രൊഫൈല്‍ താരങ്ങളായ പീയൂഷ് ചൗളയുടെയും അമ്പാട്ടി റായിഡുവിന്റെയും പ്രകടനം സന്തോഷം നല്‍കുന്നു. ചൗള പന്തുകൊണ്ട് വിസ്മയിപ്പിച്ചു. 5ാമത്തെയും 16ാമത്തെയും ഓവര്‍ മികച്ചതായിരുന്നു.

റായിഡു തിളങ്ങി, ഷോട്ടുകളുടെ മികവില്‍ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ഐപിഎല്‍ ഇന്നിങ്‌സുകളില്‍ ഒന്നായിരുന്നു ഇത്. സിഎസ്‌കെ നന്നായി ചെയ്തു'-എന്നാണ് സഞ്ജയ് ട്വിറ്ററില്‍ കുറിച്ചത്. സഞ്ജയുടെ ട്വീറ്റിന് താഴെ വിമര്‍ശനം ഉന്നയിച്ച് നിരവധി കമന്റുകളും എത്തിയിട്ടുണ്ട്. ആരാണ് ലോ പ്രൊഫൈനല്‍ ആണെന്ന് തീരുമാനിക്കുന്നത്,നല്ല വാക്കുകള്‍ ഉപയോഗിക്കൂ, ഇങ്ങനെ തുടങ്ങി നിരവധി കമന്റുകളാണ് അദ്ദേഹത്തിന്റെ ട്വീറ്റിന് പ്രതികരണമായി ലഭിച്ചത്.
നാലാം നമ്പറില്‍ ഇന്ത്യക്കുവേണ്ടി ശ്രദ്ധേയ പ്രകടനം അവകാശപ്പെടാന്‍ സാധിക്കുന്ന റായിഡുവിനെപ്പോലെയുള്ള താരങ്ങളെ അപഹസിക്കുന്ന പ്രയോഗമാണ് സഞ്ജയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. നേരത്തെ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ വ്യക്തിപരമായി കമന്ററി ബോക്‌സിലിരുന്ന് അധിക്ഷേപിച്ചതിനെത്തുടര്‍ന്ന് സഞ്ജയെ ബിസിസി ഐ കമന്ററി പാനലില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
ഇത്തവണത്തെ ഐപിഎല്ലിന്റെ കമന്ററി പാനലില്‍ തന്നെയും ഉള്‍പ്പെടുത്തണമെന്ന് ആവിശ്യപ്പെട്ട് സഞ്ജയ് അപേക്ഷ നല്‍കിയിരുന്നെങ്കിലും ബിസിസിഐ ഇത് പരിഗണിച്ചിരുന്നില്ല. വിവാദ കമന്റേറ്ററായ സഞ്ജയ് പുറത്ത് തന്നെ എന്ന ബിസിസിഐയുടെ നിലപാട് അദ്ദേഹത്തെ ശരിക്കും ചൊടിപ്പിച്ചുവെന്ന് വ്യക്തമാക്കുന്ന നടപടിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഇത്തവണത്തെ ഐപിഎല്ലില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ അവതാരകനായി സഞ്ജയുമുണ്ട്. എന്തായാലും അദ്ദേഹത്തിന്റെ പ്രസ്താവന വലിയ വിവാദത്തിലേക്കാണ് നീങ്ങുന്നത്.