മുംബൈ: കഴിഞ്ഞ അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയ്ക്കുവേണ്ടി സെഞ്ച്വറി നേടി തിളങ്ങിയ മന്‍ജോത് കര്‍ലയ്ക്ക് ഒരു വര്‍ഷത്തെ സസ്‌പെന്‍ഷന്‍. ഡല്‍ഹി ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷനാണ് മന്‍ജോതിനെ രഞ്ജി ട്രോഫിയില്‍നിന്നും സസ്‌പെന്‍ഡ് ചെയ്തത്. പ്രായത്തില്‍ തട്ടിപ്പുകാട്ടി താരം അണ്ടര്‍ 16, അണ്ടര്‍ 19 മത്സരങ്ങളില്‍ കളിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഓംബുഡ്‌സ്മാന്‍ നടപടി.
ഐപിഎല്ലില്‍ ഉള്‍പ്പെടെ തിളങ്ങിയ മറ്റൊരു താരമായ നിതീഷ് റാണയ്ക്ക് എതിരേയും നടപടിയുണ്ടായേക്കും. നിതീഷിനോട് പ്രായം തെളിയിക്കുന്ന കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ ഓംബുഡ്‌സ്മാന്‍ നിര്‍ദ്ദേശിച്ചു. മറ്റൊരു താരം ശിവം മവിയും പ്രായത്തില്‍ തിരിമറികാട്ടിയതായി കണ്ടെത്തിയിട്ടുണ്ട്. താരത്തിന്റെ കാര്യം ബിസിസിഐയ്ക്ക് വിട്ടു. ഉത്തര്‍പ്രദേശ് സീനിയര്‍ ടീമിനായി കളിക്കുകയാണ് ശിവം മവി.

ബിസിസിഐയുടെ റെക്കോര്‍ഡ് പ്രകാരം മന്‍ജോതിന് 20 വയസാണ് പ്രായം. ഡല്‍ഹി അണ്ടര്‍ 23 ടീമിനുവേണ്ടി കഴിഞ്ഞദിവസം 80 റണ്‍സ് നേടിയിരുന്നു. ശിഖര്‍ ധവാന് പകരമായി ഡല്‍ഹി ടീമിലേക്ക് മന്‍ജോത് എത്തുമെന്നായിരുന്നു സൂചന. എന്നാല്‍, സസ്‌പെന്‍ഷന്‍ വന്നതോടെ താരത്തിന് ഒരു വര്‍ഷം രഞ്ജിയില്‍ കളിക്കാനാകില്ല. റാണയുടെ പ്രായം സംബന്ധിച്ച് ഡിഡിസിഎ അന്വേഷണം നടത്തും. അടുത്ത സിറ്റിങ്ങില്‍ റാണയുടെ കാര്യത്തില്‍ തീരുമാനമെടുക്കും.