കേപ്ടൗണ്‍ ദുരന്തത്തിനു കാരണം, കോലി പറയുന്നു... തോല്‍വിയിലും അഭിമാനം
കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കന്‍ പര്യടനം തോല്‍വിയോടെയാണ് തുടങ്ങിയതെങ്കിലും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ ആത്മവിശ്വാസത്തില്‍ കുറവൊന്നുമില്ല. ആദ്യ ടെസ്്റ്റില്‍ 72 റണ്‍സിന്റെ കനത്ത തോല്‍വിയാണ് ഇന്ത്യയേറ്റുവാങ്ങി. 208 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യമാണ് ഇന്ത്യക്കു മുന്നില്‍ ഉണ്ടായിരുന്നതെങ്കിലും വെറും 135 റണ്‍സില്‍ ഇന്ത്യ കൂടാരെ കയറുകയായിരുന്നു. ഒരു ദിവസം കൂടി ബാക്കി നില്‍ക്കവെയായിരുന്നു ഇന്ത്യയുടെ ദയനീയ തോല്‍വി.
ബൗളര്‍മാരുടെ തകര്‍പ്പന്‍ പ്രകടനത്തില്‍ ഇന്ത്യ വിജയം സ്വപ്‌നം കണ്ടതായിരുന്നു. എന്നാല്‍ ബാറ്റിങ് നിരയുടെ മോശം പ്രകടനം ഇന്ത്യക്കു ജയം നിഷേധിക്കുകയായിരുന്നു. തോല്‍വിയോടെ പരമ്പരയിലെ രണ്ടാമത്തെ ടെസ്റ്റ് ഇന്ത്യക്കു ജീവന്‍മരണ പോരാട്ടമായി മാറി. ഈ ടെസ്റ്റിലും തോറ്റാല്‍ മൂന്നു മല്‍സരങ്ങളുടെ പരമ്പര ഇന്ത്യക്കു നഷ്ടമാവും. ടീമിന്റെ തോല്‍വിയെക്കുറിച്ചും മല്‍സരത്തെക്കുറിച്ചും കോലി പറയുന്നു.

മികച്ച കൂട്ടുകെട്ടിന്റെ അഭാവം
മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍ സാധിക്കാതിരുന്നത് തന്നെയാണ് ഇന്ത്യയുടെ പരാജയത്തിനു കാരണമെന്നു മല്‍സരശേഷം കോലി ചൂണ്ടിക്കാട്ടി. തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമാവുന്നത് തീര്‍ച്ചയായും ഗൗരവമേറിയ കാര്യമാണ്. ഇതു പരിഹരിക്കുകയെന്നതാണ് ഇന്ത്യക്കു മുന്നിലുള്ള വെല്ലുവിളി.
ടെസ്റ്റില്‍ മൂന്നു ദിവസവും ഇന്ത്യ ശക്തമായ സാന്നിധ്യമറിയിച്ചിരുന്നു. ഏതെങ്കിലും ബാറ്റ്‌സ്മാന്‍ നന്നായി കളിച്ചിരുന്നെങ്കില്‍ 208 റണ്‍സെന്നത് എത്തിപ്പിടിക്കാവുന്ന സ്‌കോര്‍ ആയിരുന്നെന്നും ഇന്ത്യന്‍ നായകന്‍ വിലയിരുത്തി. ഒന്നാമിന്നിങ്‌സില്‍ ദക്ഷിണാഫ്രിക്ക 70 റണ്‍സ് കൂടുതലാണ് നേടിയതെന്നും കോലി പറഞ്ഞു.

ഒരാളെങ്കിലും പൊരുതണമായിരുന്നു
രണ്ടാമിന്നിറങ്‌സില്‍ ഇന്ത്യന്‍ നിരയിലെ ഒരു താരമെങ്കിലും 70-80 റണ്‍സ് നേടേണ്ടതായിരുന്നു. ടീം നടത്തിയ പ്രകടനത്തെ വിലകുറച്ചു കാണുന്നില്ല. എങ്കിലും ടീമിലെ ഒരു താരം 75-80 റണ്‍സ് നേടിയിരുന്നെങ്കില്‍ മല്‍സരഫലം തന്നെ മാറുമായിരുന്നു. 20-30 റണ്‍സ് നേടിയിട്ട് കാര്യമില്ല.
ഡെയ്ല്‍ സ്റ്റെയ്‌നെന്ന പരിചയസമ്പന്നനായ പേസര്‍ ബൗള്‍ ചെയ്യാതിരുന്നിട്ടും ദക്ഷിണാഫ്രിക്ക ഉജ്ജ്വലമായാണ് പന്തെറിഞ്ഞത്. തെറ്റുകള്‍ തിരുത്തി തിരിച്ചുവരാനാണ് ഇനി ടീമിന്റെ ശ്രമമെന്നും കോലി വിശദമാക്കി.

നിരാശയില്ല, അഭിമാനം മാത്രം
ആദ്യ ടെസ്റ്റില്‍ തോറ്റെങ്കിലും താന്‍ നിരാശയില്‍ അല്ലെന്ന് കോലി പറഞ്ഞു. ഈ ടെസ്റ്റിലെ മികച്ച പ്രകടനത്തില്‍ ടീമിന് അഭിമാനിക്കാന്‍ ഏറെയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മികച്ച കൂട്ടുകെട്ടുകള്‍, റണ്‍സ് എന്നിവയെല്ലാം ഒരു മല്‍സരത്തില്‍ ഏറെ പ്രധാനമാണ്. ഇത് ഇന്ത്യയേക്കാള്‍ നന്നായി പ്രാവര്‍ത്തികമാക്കിയത് ദക്ഷിണാഫ്രിക്ക തന്നെയാണ്. അതു കൊണ്ടു തന്നെയാണ് അവര്‍ ജയം സ്വന്തമാക്കിയത്.
ദക്ഷിണാഫ്രിക്കയുടെ രണ്ടാമിന്നിങ്‌സ് ചെറിയ സ്‌കോറിലൊതുക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ നന്നായി പന്തെറിഞ്ഞതായും ഇന്ത്യന്‍ നായകന്‍ കൂട്ടിച്ചേര്‍ത്തു.

പാണ്ഡ്യയെ പുകഴ്ത്തി
ഒന്നാമിന്നിങ്‌സില്‍ തകര്‍പ്പന്‍ ബാറ്റിങിലൂടെ ഇന്ത്യയെ വന്‍ നാണക്കേടില്‍ നിന്നും രക്ഷിച്ച ഹര്‍ദിക് പാണ്ഡ്യയെ കോലി പ്രശംസിച്ചു. പാണ്ഡ്യയില്‍ ടീമിനു വിശ്വാസമുണ്ടായിരുന്നു. സ്വന്തം നാട്ടില്‍ മാത്രമല്ല, വിദേശത്തും കഴിവിന്റെ പരമാവധി നല്‍കാന്‍ ശ്രമിക്കുന്ന താരമാണ് അദ്ദേഹം.
ആദ്യ ഇന്നിങ്‌സില്‍ പാണ്ഡ്യയുടെ ഇന്നിങ്‌സ് മികച്ചതായിരുന്നു. ഇതുപോലെയുള്ള പ്രകടനങ്ങള്‍ അദ്ദേഹത്തിനു ഇനിയും നടത്താന്‍ സാധിക്കുമെന്നും കോലി ചൂണ്ടിക്കാട്ടി.

രോഹിത്തിനെ ഉള്‍പ്പെടുത്താന്‍ കാരണം
ടെസ്റ്റ് സ്‌പെഷ്യലിസ്റ്റായ അജിന്‍ക്യ രഹാനെയ്ക്കു പകരം നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ മിന്നും താരമായ രോഹിത് ശര്‍മയെ ടീമിലുള്‍പ്പടുത്താനുള്ള കാരണവും കോലി വിശദീകരിച്ചു. സമീപകാലത്തെ മികച്ച ഫോമിന്റെ അടിസ്ഥാനത്തിലാണ് രോഹിത്തിനെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയത്. അവസാനമായി കളിച്ച മൂന്നു ടെസ്റ്റുകളിലും മികച്ച പ്രകടനം അദ്ദേഹം കാഴ്ചവച്ചിരുന്നു. ടീമിനെ തിരഞ്ഞെടുക്കുമ്പോള്‍ സമീപകാലത്തെ ഫോം കൂടി പരിഗണിക്കേണ്ടതുണ്ടെന്നും കോലി പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications